കാസർകോട്: പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത്‌ലാൽ എന്നിവരെ കൊലപ്പെടുത്തിയതിൽ പെരിയ ലോക്കൽ കമ്മിറ്റിക്ക് പുറത്തുള്ള രണ്ട് സി.പി.എം നേതാക്കൾക്ക് ബന്ധമുണ്ടെന്ന് അറസ്റ്റിലായ മുഖ്യപ്രതി എ. പീതാംബരന്റെ മൊഴി. ഇതോടെ കൊലപാതകത്തെ പ്രാദേശികമായ തർക്കമായി ചുരുക്കാൻ ശ്രമിച്ച സി.പി.എം കൂടുതൽ പ്രതിരോധത്തിലാകും. കേസന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നതിനു മുമ്പ് ലോക്കൽ പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് പ്രതികൾ സി.പി.എം നേതാക്കളുടെ പങ്ക് വ്യക്തമാക്കിയതെന്നറിയുന്നു. കൊലപാതകം നടത്തിയത് താനല്ലെന്നും പൊലീസ് മർദ്ദിച്ച് കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്നും പീതാംബരൻ കഴിഞ്ഞ ദിവസം ഹൊസ്ദുർഗ് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റിനു മുമ്പാകെ പറഞ്ഞിരുന്നു.
അറസ്റ്റിലായ സമയത്ത് കുറ്റം സമ്മതിച്ച മുൻ ലോക്കൽ കമ്മിറ്റി അംഗം പീതാംബരൻ കോടതിയിൽ മൊഴിമാറ്റിയത് സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കി. ഇതിനു പിന്നാലെയാണ് കൂടുതൽ സി.പി.എം നേതാക്കളുടെ പങ്ക് വെളിപ്പെടുത്തുന്ന മൊഴി പുറത്തുവരുന്നത്. പീതാംബരൻ, സജി ജോർജ് എന്നിവരടക്കം ഏഴുപേരാണ് കേസിൽ അറസ്റ്റിലായത്. അതേസമയം കൊലപാതകവുമായി ബന്ധമുള്ള 12 സി.പി.എം പ്രവർത്തകരുടെ പേരുകൾ കൊല്ലപ്പെട്ട ശരത്‌ലാലിന്റെ അച്ഛൻ സത്യനാരായണനും കൃപേഷിന്റെ അച്ഛൻ കൃഷ്ണനും ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് മുമ്പാകെ വെളിപ്പെടുത്തി. ക്രൈംബ്രാഞ്ച് സംഘം ഇരുവരുടെയും വീടുകളിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.
ക്വാറി വാഹന ഉടമയും സി.പി.എം അംഗവുമായ കല്യോട്ടെ ശാസ്ത ഗംഗാധരൻ, ബന്ധുവും രക്ഷപ്പെടാൻ ഉപയോഗിച്ച കാറിന്റെ ഉടമയുമായ മുരളി, ഓമനക്കുട്ടൻ, വ്യാപാരി വത്സരാജ്, സുരേന്ദ്രൻ, ശാസ്ത ഗംഗാധരന്റെ അനുജൻ പത്മനാഭൻ, പ്ലാക്കൊട്ടി രവി, സി.പി.എം കല്യോട്ട് ബ്രാഞ്ച് അംഗം അച്യുതൻ എന്നിവരുടെ പേരുകളാണ് മൊഴികളിൽ നൽകിയതെന്നാണ് അറിയുന്നത്. ഇവർക്ക് കൊല്ലപ്പെട്ടവരോട് മുൻ വൈരാഗ്യമുണ്ടെന്നും ഇരുവരും ക്രൈംബ്രാഞ്ച് എസ്.പിക്ക് നൽകിയ മൊഴിയിൽ പറഞ്ഞു.