murder

പോത്തൻകോട്: പുല്ലാന്നിവിള കലുങ്കിന് സമീപം യുവാവിനെ മർദ്ദിച്ചുകൊന്ന കേസിൽ നാലുപേരെ പൊലീസ് പിടികൂടി. മങ്ങാട്ട് കോണം ചോങ്കോട്ട്കോണത്ത് വീട്ടിൽ സാബു (24), ശരണ്യാഭവനിൽ ശരത് ( 27), വിഷ്ണുഭവനിൽ സച്ചുവെന്ന ശരത് (27), ചോങ്കോട്ട് കോണത്ത് വീട്ടിൽ അജയകുമാർ (30) എന്നിവരെയാണ് ആറ്റിങ്ങൽ ഡിവൈ.എസ്.പി അനിൽകുമാറിന്റെയും പോത്തൻ കോട് സി.ഐ ഷാജിയുടെയും നേതൃത്വത്തിലുളള സംഘം പിടികൂടിയത്.

ചന്തവിള മണ്ണറത്തൊടിക്ഷേത്രത്തിന് സമീപം തനിച്ച് താമസിക്കുന്ന മൺവിള കോളനിയിൽ പരേതനായ വിജയൻ- ശാന്ത ദമ്പതികളുടെ മകൻ വിച്ചുവെന്ന വിനയബോസിനെ (38) കൊലപ്പെടുത്തിയ കേസിലാണ് ഇവർ പിടിയിലായത്. കൂലിപ്പണിക്കാരായ പ്രതികൾ ജോലി കഴിഞ്ഞ് സ്ഥിരമായി തമ്പടിച്ച് മദ്യപിക്കുന്നത് പുല്ലാനിവിള കലുങ്കിന് സമീപത്തെ സ്ഥലത്താണ് . പുലർച്ചെ മദ്യപിച്ചുകൊണ്ടിരുന്ന സ്ഥലത്തേക്ക് കടന്നുവന്നതാണ് പ്രകോപനത്തിന് കാരണമായതെന്ന് ഇവർ ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞു.

22ന് പുല‌ർച്ചെ അതുവഴി നടന്നുവരികയായിരുന്ന വിനയബോസിനെ സംഘം ചോദ്യം ചെയ്തു. ഇതേച്ചൊല്ലി വിനയബോസും പ്രതികളും തമ്മിലുണ്ടായ വാക്കേറ്റമാണ് മർദ്ദനത്തിൽ കലാശിച്ചത്. നാലുപേരും ചേർന്ന് മർദ്ദിച്ച് അവശനാക്കിയ വിനയബോസിനെ നാട്ടുകാരാണ് പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. ചികിത്സയിലിരിക്കെ രണ്ട് ദിവസം മുമ്പാണ് ഇയാൾ മരണപ്പെട്ടത്. പിടിയിലായ പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. സംഭവസ്ഥലത്തും അതിനുശേഷം ഒളിവിൽ കഴിഞ്ഞ സ്ഥലങ്ങളിലും തെളിവെടുപ്പിന് ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു.