
നേമം: മോട്ടോർ വാഹന നിയമങ്ങൾ പ്രചരിപ്പിക്കുന്നതിനും വാഹനാപകടത്തിൽ പെടുന്നവരു
ടെ ബന്ധുക്കൾ അനുഭവിക്കുന്ന ദുഃഖം മനസിലാക്കിക്കൊടുക്കുന്നതിനുമായി ഒരു സൈക്കിൾ സവാരി. കുണ്ടറ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ഷാജഹാനാണ് 1710 കി.മീറ്റർ സൈക്കിൾ ചവിട്ടി ജീവൻ രക്ഷായാത്ര നടത്തുന്നത്. വാഹന അപകടങ്ങളെ തുടർന്ന് മരണപ്പെട്ടവരുടെ ഉറ്റവരുടേയും ഉടയവരുടേയും വേദനയും മറ്റും നേരിട്ട് കാണാനാനിടയായതാണ് ഇങ്ങനൊരു തീരുമാനത്തിലെത്താൻ ഷാജഹാനെ പ്രേരിപ്പിച്ച ഘടകം.
ഈ മാസം 10ന് കുണ്ടറയിൽ നിന്നും ആരംഭിച്ചസവാരി കൊല്ലം റൂറൽ പൊലീസ് മേധാവി ബി. അശോകന്റെ സാന്നിദ്ധ്യത്തിൽ ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സികുട്ടിയമ്മയാണ് ഫ്ലാഗ് ഓഫ് ചെയ്തത്. കൊല്ലത്തു നിന്നും എറണാകുളം വഴി കാസർകോഡും അവിടെ നിന്ന് കണ്ണൂർ, ഇടുക്കി മലയോര മേഖല കടന്ന് കൊട്ടാരക്കര വഴി പാറശാല വരെ 14 ജില്ലകളിലൂടെയുള്ള യാത്ര 27 ന് കുണ്ടറയിൽ സമാപിച്ചു. കൊല്ലം രാമൻകുളങ്ങര സ്വദേശിയായ 50 വയസുകാരനായ ഷാജഹാന് രണ്ട് പെൺമക്കളാണുള്ളത്. സൈക്കിൾ സവാരി തീരുമാനിക്കുമ്പോൾ ദിവസം 10 കി.മീറ്ററിൽ കൂടുതൽ സൈക്കിൾ ചവിട്ടാനുള്ള പരിചയം തനിക്ക് ഇല്ലെന്നാായിരുന്നു ഷാജഹാന്റെ മറുപടി.