കടബാദ്ധ്യത മാന്യമായി ജീവിതം മുന്നോട്ടു കൊണ്ടുപോകണമെന്നാഗ്രഹിക്കുന്ന ഏതൊരാൾക്കും ശാപം തന്നെയാണ്. കടംവീട്ടാൻ വഴി കാണാതെ ജീവിതമൊടുക്കുന്നവരിൽ എവിടെയും മുന്നിൽ കർഷകരാണ്. കടക്കാരനായി മറ്റുള്ളവരുടെ മുന്നിൽ തലകുനിച്ച് അപമാനിതനായി നിൽക്കുന്നതിൽ ഭേദം മരണമാണെന്നു കരുതുന്നവർ സമൂഹത്തിൽ ധാരാളമുണ്ട്. പിടിച്ചുനില്ക്കാൻ പല വഴികളും നോക്കി തീരെ പരാജയപ്പെടുന്ന ഘട്ടത്തിലാണ് പലരും ആത്മഹത്യയെ അഭയം പ്രാപിക്കുന്നത്. കേരളത്തിലായാലും മറ്റു സംസ്ഥാനങ്ങളിലായാലും കർഷകർ പൊതുവേ വലിയ അഭിമാനികളാണ്. വായ്പയെടുത്ത പണം തിരികെ നൽകണമെന്നു തന്നെ വ്രതമെടുത്തവരാണവർ. എന്നാൽ കാലാവസ്ഥയിലെ പിഴവും മറ്റു പ്രതികൂലാവസ്ഥകളും കാരണം തിരിച്ചടവ് മുടങ്ങുമ്പോൾ അവർ പരിഭ്രാന്തരാകുന്നു. ഒൻപതിനായിരം കോടി രൂപ കടമെടുത്ത് സൂത്രത്തിൽ ബ്രിട്ടനിലേക്ക് കടന്ന് സുഖജീവിതം നയിക്കുന്ന വിജയ് മല്ല്യയുടെ മനസ് കർഷകർക്ക് ഉണ്ടായിരുന്നുവെങ്കിൽ മൂന്നോ നാലോ ലക്ഷം രൂപയുടെ കടത്തിന്റെ പേരിൽ ഒറ്റ കർഷകൻ പോലും ആത്മഹത്യ ചെയ്യേണ്ടിവരുമായിരുന്നില്ല.
കടം തിരിച്ചടയ്ക്കാൻ വകകാണാതെ ഇടുക്കി ജില്ലയിൽ ഇക്കഴിഞ്ഞ രണ്ടുമാസത്തിനിടെ ഏഴ് കർഷകരാണ് ജീവനൊടുക്കിയത്. പെരിഞ്ചാംകുട്ടി തേക്കു മുള പ്ളാന്റേഷനിലെ മരത്തിൽ ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിച്ച ജെയിംസ് എന്ന അൻപത്തിരണ്ടുകാരനാണ് ഏറ്റവും ഒടുവിൽ സർക്കാരിനു മുമ്പിൽ ഉത്തരം ലഭിക്കാത്ത ചോദ്യവുമായി നിൽക്കുന്നത്. ഇടുക്കിയിൽ രണ്ടുമാസത്തിനിടെ ജീവനൊടുക്കിയ ഏഴ് കർഷകരുടെയും കാര്യത്തിൽ പൊതുവായി പറയാനുള്ളത് കൃഷിപ്പിഴയും ഋണബാദ്ധ്യതയുമാണ്. ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും വായ്പ ഈടാക്കാൻ ചെലുത്തിയ സമ്മർദ്ദത്തിൽ പിടിച്ചുനിൽക്കാനാകാതെയാണ് അവർ സ്വന്തം കുടുംബങ്ങളെ വഴിയാധാരമാക്കി ആത്മഹത്യ തിരഞ്ഞെടുത്തത്. കഴിഞ്ഞ ആഗസ്റ്റ് മാസത്തിൽ സംസ്ഥാനത്തെ വിഴുങ്ങിയ പ്രളയം ഇടുക്കിയിലെ കർഷകരെയും വല്ലാതെ ബാധിച്ചിരുന്നു. അന്നുണ്ടായ വ്യാപകമായ കൃഷിനാശത്തിൽ നിന്ന് ഇതുവരെ അവർ മോചിതരായിട്ടുമില്ല. കൃഷി ആവശ്യങ്ങൾക്കായി മാത്രമല്ല കുട്ടികളുടെ വിദ്യാഭ്യാസത്തിനുൾപ്പടെ പല കാര്യങ്ങൾക്കും വായ്പ എടുത്തവരാണ് ഏറെയും. കൃഷി കേമമായാൽ അനായാസം വീട്ടാമെന്ന പ്രതീക്ഷയുമായി കഴിഞ്ഞപ്പോഴാണ് അപ്രതീക്ഷിതമായി പ്രളയവും വൻ കൃഷിനാശവും മറ്റ് കഷ്ടനഷ്ടങ്ങളും ഒറ്റയടിക്കു വന്നുകയറിയത്. പ്രളയത്തിൽ വ്യാപകമായ നാശനഷ്ടങ്ങൾ അനുഭവിക്കേണ്ടിവന്ന ഇടുക്കിക്കായി 500 കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചെങ്കിലും പദ്ധതികൾ ഇതുവരെ തുടങ്ങാനായിട്ടില്ല. കർഷകരുടെ വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടും ജപ്തി നോട്ടീസുകൾ ലഭിക്കുന്നവർ ഏറെയാണ്. രണ്ടുമാസത്തിനിടെ ആത്മഹത്യ ചെയ്ത ഏഴ് കർഷകർക്കും ബാങ്കുകളുടെ നോട്ടീസ് ലഭിച്ചിരുന്നു. തക്കസമയത്ത് ഇടപെടാനായാൽ ഇവരുടെ ജീവൻ രക്ഷിക്കാനാകുമായിരുന്നുവെന്നതിൽ സംശയമില്ല. ശ്രമിച്ചാൽ തിരിച്ചടയ്ക്കാൻ അത്ര പ്രയാസമൊന്നുമില്ലാത്ത ഋണബാദ്ധ്യതയേ പലർക്കുമുള്ളൂ. ഈ വിഷയത്തിൽ ബാങ്കുകളുടെ ദയാരഹിതമായ സമീപനവും തക്ക സമയത്ത് സർക്കാർ ഇടപെടൽ വൈകുന്നതുമൊക്കെയാണ് കർഷക കുടുംബങ്ങളെ അനാഥത്വത്തിലേക്ക് തള്ളിയിടുന്നത്.
പ്രളയ പുനരധിവാസത്തിനും നവകേരള നിർമ്മിതിക്കും സർക്കാർ ബൃഹത് പദ്ധതികളാണ് ഏറ്റെടുത്തിട്ടുള്ളത്. പദ്ധതികൾ പ്രയോഗ തലത്തിലെത്തിക്കുന്നതിലുണ്ടാകുന്ന താമസം എല്ലാം നഷ്ടപ്പെട്ടവരെ സംബന്ധിച്ചിടത്തോളം ഒട്ടും താങ്ങാനാവില്ല. കൃഷിയും ഭൂമിയും വീടുമൊക്കെ വെള്ളം കൊണ്ടുപോയവർക്ക് എത്രയും വേഗം ആശ്വാസം ലഭിക്കേണ്ടതുണ്ട്. ഇടുക്കിയിൽ മാത്രം പതിനാറായിരത്തിൽപ്പരം കുടുംബങ്ങളെയാണ് പ്രളയം ബാധിച്ചത്. ഹെക്ടർ കണക്കിന് കൃഷിഭൂമി പ്രളയത്തിൽ ഒലിച്ചുപോയി. 33000 പേർ നഷ്ടപരിഹാരം തേടി അപേക്ഷ നൽകിയപ്പോൾ ലഭിച്ചത് 3800 പേർക്ക് മാത്രമാണ്. സർക്കാർ സംവിധാനങ്ങളിലെ മെല്ലെപ്പോക്ക് ദുരിതബാധിത കുടുംബങ്ങൾക്ക് ഒരുവിധത്തിലും താങ്ങാനാവുന്നതല്ല. കാർഷിക ജില്ലയായ ഇടുക്കിയെ വീണ്ടെടുക്കുക ശ്രമകരമായ ദൗത്യം തന്നെയാണ്. സർക്കാർ ഉണർന്നു പ്രവർത്തിച്ചാലേ അതു സാദ്ധ്യമാകൂ.
കൃഷി മാത്രമല്ല പ്രളയത്തിൽ കിടപ്പാടം പൂർണമായും നഷ്ടപ്പെട്ടവരും അനവധിയാണ്. പുനരധിവാസ പദ്ധതിയിൽ പുറംതള്ളപ്പെട്ട് ഇതിനകം ജീവനൊടുക്കിയവരുമുണ്ട്. ഏലപ്പാറയിൽ കഴിഞ്ഞ ദിവസം രാജൻ എന്ന അറുപത്തിരണ്ടുകാരൻ പ്രളയത്തിൽ തകർന്ന തന്റെ വീട്ടിൽ തൂങ്ങിമരിച്ചിരുന്നു. നേരത്തെ കുട്ടനാട്ടിലും ഇതുപോലുള്ള ദാരുണ സംഭവങ്ങളുണ്ടായത് ഓർക്കുന്നു. സർക്കാരിന്റെ സഹായം തേടി ഏറെ അലഞ്ഞ് നിരാശനായാണ് രാജൻ ജീവനൊടുക്കിയതെന്നാണ് വിവരം. സഹായം ലഭ്യമാക്കാൻ ചുമതലയുള്ള ഉദ്യോഗസ്ഥന്മാരുടെ അലംഭാവത്തെക്കുറിച്ച് വ്യാപകമായ പരാതികളാണുള്ളത്. പ്രളയമുണ്ടായി ഏഴുമാസം കഴിഞ്ഞിട്ടും സർക്കാർ പ്രഖ്യാപിച്ച സഹായം ലഭിക്കാത്ത കുടുംബങ്ങൾ ഉണ്ട്. ആത്മഹത്യകളാണ് പലപ്പോഴും ഈ വിഷയത്തിൽ സർക്കാരിനെ ഉണർത്താറുള്ളത്. ഇടുക്കിയിലെ കർഷക ആത്മഹത്യാ പരമ്പരയെക്കുറിച്ച് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. റിപ്പോർട്ടിന്മേൽ അടിയന്തര നടപടികൾ സ്വീകരിക്കുക എന്നതാണ് ഇനി ചെയ്യാവുന്ന നല്ല കാര്യം.