india-

ഇൗ വരികൾ വായിച്ചിട്ട് എന്നെ സംഘി എന്ന് വിളിക്കരുത്. കാരണം ഞാനതല്ല. കോൺഗ്രസ് വിരുദ്ധനെന്നോ കക്ഷിവിരുദ്ധനെന്നോ വിളിക്കരുത്. കാരണം ഞാനതുമല്ല. നല്ലതിനെ നല്ലതെന്നും കെട്ടതിനെ കെട്ടതെന്നും ചിത്രീകരിക്കുന്ന ഒരു പാവം പത്രപ്രവർത്തകനാണ്. അതിനാൽത്തന്നെ 2019 ഫെബ്രുവരി 26 ഇന്ത്യയെ സംബന്ധിച്ചിടത്തോളം അഭിമാനദിനമാണ്. ഭാരതീയർ രാജ്യസ്നേഹ പ്രോജ്വലമാകേണ്ട ദിനം.

ടാഗോറിന്റെ ഭാഷയിൽ പറഞ്ഞാൽ മനസ് നിർഭയവും ശിരസ് ഉയർത്തപ്പെടേണ്ടതുമായ ഒരു ജനതയായി ഭാരതമക്കൾ മാറേണ്ട സന്ദർഭം. സ്വന്തം രാഷ്ട്രത്തിന്റെ അഭിമാനം സ്വന്തം അഭിമാനമായി ഒാരോ ഭാരതീയനും കാണേണ്ട അവസരം. ചാനലുകളിലൂടെ കണ്ണോടിക്കുമ്പോൾ, വാർത്തകളിലൂടെ പരതുമ്പോൾ അതേതാണ്ട് സത്യമാകുന്ന പ്രതീതി. ഭാരതത്തിലെ ജനങ്ങൾ നമ്മുടെ വീരജവാന്മാർക്ക് കീജയ് വിളിക്കുന്ന സന്ദർഭം സൈനികരെ ഒരുക്കി മെരുക്കി എന്തിനും പോരുന്നവരായി സജ്ജമാക്കിയ രാഷ്ട്രീയ നേതൃത്വത്തിന്റെ ഇച്ഛാശക്തിയെ ശ്ളാഘിക്കുന്ന ജനം.

പുൽവാമ ഭീകരണത്തിലൂടെ നല്ലതിലധികം വീരജവന്മാരെ കത്തിച്ച് ചാമ്പലാക്കിയ ക്രൂരതയ്ക്കെതിരെ രാഷ്ട്രം കണ്ണീരണിഞ്ഞ് വിറങ്ങലിച്ചു നിൽക്കുകയായിരുന്നു. അതിലും എത്രയോ ഇരട്ടി ജവാന്മാർ മരിച്ചു ജീവിക്കുന്നു ഇൗ ഭീകരാക്രമണത്തിലൂടെ. ഭീകരരുടെ ആത്മഹത്യാ മുനമ്പിലൂടെയായിരുന്നു പുൽവാമ താണ്ഡവം! ഇതിനെതിരെ ചുട്ട മറുപടിക്കായി രാജ്യസ്നേഹമുള്ള ഒാരോ ഭാരതീയതനും കാതോർത്തു, കണ്ണോർത്ത് കാത്തിരിക്കുകയായിരുന്നു. ആ അസുലഭ നിമിഷങ്ങളാണ് 26ന് വെളുപ്പിന് 21 മിനിട്ടുകളിലൂടെ നമ്മുടെ വ്യോമസേന പ്രാവർത്തികമാക്കി കാണിച്ചുതന്നതും ! ഭാരതീയർ എണീറ്റ് നിന്നു ജയ്‌ജവാൻ വിളിക്കേണ്ട നിമിഷങ്ങൾ.

പക്ഷേ ദുഃഖമെന്ന് പറയട്ടെ, നമ്മുടെ പ്രതിപക്ഷ പാർട്ടി നേതാക്കളുടെ അഴകൊഴമ്പൻ പ്രതികരണങ്ങൾ കേട്ടാൽ ഇങ്ങനെയൊരു തിരിച്ചടി ഇപ്പോൾ നൽകേണ്ടായിരുന്നുവെന്ന് തോന്നിപ്പോകും! രാജ്യത്തെ പ്രധാന രാഷ്ട്രീയപ്പാർട്ടിയുടെ പ്രസിഡന്റ് രാഹുൽ ഗാന്ധി ഒട്ടും താമസിയാതെ തന്നെ പ്രതികരിച്ചു. മാതൃക കാട്ടി.

'സൈന്യത്തിന് സല്യൂട്ട്"-

തുടർന്നുള്ള പ്രതികരണങ്ങളെല്ലാം ഏതാണ്ട് ഫോട്ടോസ്റ്റാറ്റ് പോലെയായിരുന്നു. എല്ലാവരും സൈനികരെ മാത്രമാണ് അഭിനന്ദിച്ചതും. രാജ്യത്ത് എല്ലാം നിയന്ത്രിക്കുന്ന ഒരു ഭരണകൂടവും പ്രധാനമന്ത്രിയുമുണ്ടെന്നുള്ള വസ്തുതയൊക്കെ പ്രതിപക്ഷപാർട്ടികൾ തീർത്തും മറന്നുപോയി. സോറി, തിരഞ്ഞെടുപ്പിന്റെ പടിവാതിലിൽ നിൽക്കുമ്പോൾ സർക്കാരിനെപ്പറ്റി നല്ലത് പരാമർശിക്കുന്നത് ശരിയല്ലല്ലോ! നമുക്ക് ഇഷ്ടമില്ലാത്ത ഒരാൾ കമ്പ്യൂട്ടറിലൂടെ അതിമനോഹരമായ ഒരു ഡിസൈൻ തയ്യാറാക്കി ഏല്പിക്കുമ്പോൾ 'താങ്ക്‌യൂ കമ്പ്യൂട്ടർ..." എന്നു പറയുന്നത്ര ബാലിശം! ഇന്ത്യൻ പട്ടാളം ചലിക്കുന്നത് തീർത്തും ഭരണനേതൃത്വത്തിന്റെ ഉത്തരവനുസരിച്ചുതന്നെയാണ്. പുൽവാമയ്ക്ക് തിരിച്ചടിയുണ്ടാകുമെന്ന് ആവർത്തിച്ച് പരസ്യമായി പ്രഖ്യാപിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. ദിവസങ്ങൾ കഴിഞ്ഞിട്ടും എന്തേ വാചകമടി മാത്രമേയുള്ളോ എന്ന് ചോദിച്ചതും മോദിയോടാണ്! തിരിച്ചടി പാകിസ്ഥാന്റെ കരണക്കുറ്റിക്ക് നൽകിയപ്പോൾ മോദി ഒൗട്ട്! ഇതാണ് ഇന്ത്യൻ ജനാധിപത്യം.

കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് നമ്മുടെ പട്ടാളക്കാരുടെ തലയറുത്ത് വഴിയിലിട്ടു അധിക്ഷേപിച്ചപ്പോഴും ഇന്ത്യൻ ജനത വിങ്ങിപ്പൊട്ടിയിരുന്നു. അന്നും ഇവിടെ ഒരു പ്രധാനമന്ത്രിയുണ്ടായിരുന്നു. അന്നുണ്ടായിരുന്ന പ്രതിരോധമന്ത്രി നമ്മുടെ സ്വന്തം എ.കെ. ആന്റണിയും. ദോഷം പറയരുതല്ലോ. അദ്ദേഹം തലയിൽ കൈവച്ചുകൊണ്ട് കുത്തിയിരുന്ന് വിങ്ങിപ്പൊട്ടുകയെങ്കിലും ചെയ്തു! മൻമോഹൻ സിംഗാകട്ടെ അതുപോലും ചെയ്തില്ല! പാർലമെന്റ് ആക്രമണവും മുംബൈ ആക്രമണവുമൊക്കെ ഇന്ത്യയിലുണ്ടായി. അന്നും സൈന്യമുണ്ടായിരുന്നു. ഇല്ലാതിരുന്നത് ഇച്ഛാശക്തിയുള്ള ഭരണകൂടം. എന്നിട്ടിപ്പോൾ, പ്രതിജ്ഞാബദ്ധനായ ഒരു പ്രധാനമന്ത്രി സർവ ഗൃഹപാഠങ്ങളും ചെയ്ത് രാത്രി കണ്ണിലെണ്ണയുമൊഴിച്ചിരുന്ന് തിരിച്ചടിച്ചപ്പോൾ ആ ചിത്രത്തിൽ നിന്നെല്ലാം അദ്ദേഹത്തെ മായ്ച്ചുകളയാൻ ശ്രമിക്കുന്ന പ്രതിപക്ഷനീക്കം അപഹാസ്യമാണ്. ആദ്യത്തെ ദിവസമെങ്കിലും മോദിയെകൂടി ഒന്ന് മോടിപിടിപ്പിക്കാമായിരുന്നു. പിന്നെ ക്രമേണ വെടക്കാക്കിയാൽ മതിയായിരുന്നു. അതിന്റെ പേരിൽ കോൺഗ്രസിന്റെ വോട്ടൊന്നും പോകില്ല.

പിന്നെ, അത്യന്തം അവർക്കും പിടിച്ച ഇൗ സൈനികനീക്കം ഒന്ന് പാളിയിരുന്നെങ്കിൽ? പ്രതിപക്ഷം സൈന്യത്തെ കുറ്റപ്പെടുത്തുമോ? ഇല്ലേയില്ല. മോദിയെ വലിച്ചുകീറുമായിരുന്നു. പോർവിമാനങ്ങൾക്കോ സൈനികർക്കോ വല്ല പോറലുമേറ്റിരുന്നെങ്കിൽ പ്രതിപക്ഷത്തിന്റെ വിമർശനം എത്ര കഠിനവും ക്രൂരവുമാകുമായിരുന്നു. മോദി കൊലയ്ക്ക് കൊടുത്തെന്നല്ലേ പറയൂ! മോദിയെ പുകഴ്ത്തിയില്ലെങ്കിലും ഇകഴ്ത്താതിരുന്നാൽ മതിയായിരുന്നു. കാരണം, അദ്ദേഹം കർമ്മനിരതനായ പ്രധാനമന്ത്രിയാണെന്നുള്ളതുതന്നെ.

മോദിയെപ്പറ്റിയുള്ള ഏറ്റവും വലിയ വിമർശനം അദ്ദേഹം സർവസമയവും വിദേശത്താണെന്നാണ്. ഒരുകാര്യം സത്യം. അദ്ദേഹം മണ്ടന്മാർ ലണ്ടനിൽ പോയതുപോലല്ല പോയി മടങ്ങുന്നത്. ബ്രിട്ടീഷ് പാർലമെന്റിലും അമേരിക്കൻ പാർലമെന്റിലുമൊക്കെ നിവർന്നുനിന്ന് ഇംഗ്ളീഷിൽ ചൊരിഞ്ഞ വ്യത്യസ്തമായ പ്രഭാഷണശൈലി ഹസ്തതാഡനങ്ങളോടുകൂടിയും എണീറ്റുനിന്ന് വണങ്ങിയുമാണ് സാമാജികർ സ്വീകരിച്ചത്. ഇൗ വിദേശ സന്ദർശനങ്ങൾ വഴി നേടിയെടുത്ത സൗഹൃദസമ്പത്ത് രാജ്യത്തിന് മുതൽകൂട്ടായെന്ന് തലകുലുക്കി സമ്മതിക്കേണ്ടിവരും. തീവ്രവാദത്തിന്റെ പേരിൽ ഇന്ത്യയ്ക്കനുകൂലമായി ഐക്യരാഷ്ട്രസഭയിൽ വരെ ഏകകണ്ഠമായ പ്രമേയം പാസാക്കി എന്നുപറഞ്ഞാൽ അത് ഇന്ത്യയുടെയും മോദിയുടെയും നേട്ടമാണ്. ആ നേട്ടത്തെ നാം കോട്ടമായി കാണുന്നത് സ്വയം കൃതാനാർത്ഥമാണെന്നുമാത്രം പറയട്ടെ.

പാകിസ്ഥാന്റെ ഉള്ളിൽ കടന്നു തീവ്രവാദികളെയും അവരുടെ കേന്ദ്രങ്ങളെയും ചുട്ടെരിച്ചതിന്റെ പിറ്റേന്നാണീ കുറിപ്പെഴുതുന്നത്. അത്‌‌ഭുതമെന്നു പറയട്ടെ, ലോകത്തുള്ള ഒരു രാജ്യംപോലും ഇന്ത്യയുടെ സൈനിക നടപടിയെ അപലപിച്ചിട്ടില്ല. പ്രകീർത്തിച്ചിട്ടേയുള്ളൂ. എന്താണിതിന് കാരണം? അതാണ് ഭരണകൗശലം. ഒാരോ നടപടിയും പിഴവില്ലാതെ തിരക്കഥ വച്ചുതന്നെയായിരന്നു രാജ്യം നടപ്പിൽ വരുത്തിയത്. വല്ലഭന് പുല്ലും ആയുധമായിരുന്നു. അതിനാൽ ഭാരതീയർ അഭിമാന വിജ്രിംഭതരായി തലയുയർത്തി ലോകത്തിനുമുമ്പിൽ നിൽക്കാൻ അവസരമൊരുങ്ങി. പാകിസ്ഥാൻ തിരിച്ചടിക്കാൻ ശ്രമിച്ചിട്ടുണ്ട്. അത് വേറെ കാര്യം.

ഉത്തർപ്രദേശിലെ ഏതോ കുഗ്രാമത്തിൽ ഒരു ഞാർവാലി പശുവിനെ കൊന്നുതിന്നാൻ ശ്രമിച്ചതിന്റെ പേരിൽ, വിവരദോഷികളായ ചില കശ്മലന്മാർ ആ പാവത്തെ തല്ലിക്കൊന്നാൽ, അതിന്റെ പൂർണ ഉത്തരവാദിത്വം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് . മറിച്ച്, ലോക രാഷ്ട്രങ്ങളുടെ പൂർണമായ പിന്തുണ ഉറപ്പുവരുത്തി പാകിസ്ഥാന്റെ മണ്ണിൽ കടന്നു തീവ്രവാദികളുടെ കൂടാരങ്ങൾ മാത്രം അവരോടൊപ്പം ഭസ്മീകരിക്കാൻ മേൽനോട്ടം വഹിച്ച മോദിക്ക് അതിൽ ഒരുത്തരവാദിത്വവുമില്ല. ഇതെല്ലാം കാണുമ്പോൾ ഭീകരർക്കെതിരെ ഇന്ത്യ നടത്തിയ ഐതിഹാസികമായ തിരിച്ചടി പലർക്കും സഹിച്ചിട്ടില്ലെന്നു തോന്നുന്നു! അനാവശ്യമായ നടപടി! പാകിസ്ഥാനെതിരെ ഇന്ത്യ യുദ്ധത്തിൽ മുന്നേറിയപ്പോൾ, പാർലമെന്റിൽ അന്നത്തെ പ്രതിപക്ഷ നേതാവ് എ.ബി. വാജ്‌പേയ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ മുക്തകണ്ഠം പ്രശംസിച്ചുകൊണ്ട് വിശേഷിപ്പിച്ചതു ദുർഗയെന്നാണ് ! അതാണ് രാഷ്ട്രതന്ത്രജ്ഞത. അതുകൊണ്ടുതന്നെയാകണം, വാജ്‌പേയ് പിന്നീട് രാജ്യം ഭരിച്ചതും.

(ലേഖകന്റെ ഫോൺ:94472 30707)