awards-

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയ ചർച്ചയുടെ അവസാനഘട്ടത്തിൽ തർക്കം മുറുകുന്നതിനിടെ ജൂറി ചെയർമാനായ കുമാർ സാഹ്നി ഹാളിൽ നിന്നും ഇറങ്ങിപ്പോയി. അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു. ഇന്ന് രാവിലെ 11ന് നടന്ന വാർത്താസമ്മേളനത്തിൽ ജൂറി ചെയർമാൻ പങ്കെടുത്തതുമില്ല.

മികച്ച സിനിമ, സംവിധായകൻ, നടൻ എന്നീ പ്രധാനപ്പെട്ട അവാർഡുകൾക്കെല്ലാം ജൂറി അംഗങ്ങൾക്കിടയിൽ വലിയ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. പ്രായത്തിന്റെ ക്ഷീണം കാരണം കുമാ‌ർ സാഹ്നി എല്ലാ ചിത്രങ്ങളും കണ്ടിരുന്നില്ല. എന്നാൽ അവസാന റൗണ്ടിലെ മിക്കവാറും ചിത്രങ്ങൾ കണ്ടു.

മികച്ച ചിത്രം, സംവിധായകൻ എന്നീ അവാർഡുകൾ നിർണയിച്ചപ്പോഴാണ് അംഗങ്ങളും ചെയർമാനും തമ്മിൽ തർക്കം മൂത്തത്. മികച്ച കഥാചിത്രമായ കാന്തൻ ദി ലവർ ഓഫ് കളറിന്റെ സംവിധായകൻ ഷെറീഫ് സിക്കു തന്നെ സംവിധായകനുള്ള പുരസ്കാരവും നൽകണമെന്ന് കുമാർ സാഹ്നി അഭിപ്രായപ്പെട്ടു. മികച്ച സംവിധായകനു മാത്രമെ മികച്ച ചിത്രം ഒരുക്കാൻ കഴിയൂ എന്ന വാദവും അദ്ദേഹം മുന്നോട്ടു വച്ചു. എന്നാൽ മറ്റ് ചില അംഗങ്ങൾ ഇതിനെ എതിർത്തു. സംവിധായകന് പ്രധാന പങ്കുണ്ടെങ്കിലും മറ്റ് പല ഘടകങ്ങളും ചേർന്നാൽ മാത്രമെ മികച്ച സിനിമ ഉണ്ടാകൂ എന്നായിരുന്നു അവരുടെ വാദം. ഇത് അംഗീകരിക്കാൻ കുമാർ സാഹ്നി തയ്യാറായില്ല. 'നിങ്ങൾ തന്നെ അവാർഡ് തീരുമാനിച്ചാൽ മതി. ഞാനൊപ്പിട്ട് തന്നോളാം ' എന്നു പറഞ്ഞ് അദ്ദേഹം മുറിയിലേക്കു പോയി. രാവിലെ അദ്ദേഹത്തെ അനുനയിപ്പിച്ച് വാർത്താസമ്മേളനം നടക്കുന്നിടത്തേക്കു കൊണ്ടു വരാൻ ശ്രമിച്ചെങ്കിലും അനാരോഗ്യമാണെന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞു മാറുകയായിരുന്നു. അവാർഡ് പ്രഖ്യാപനം കഴിഞ്ഞും അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ ചലച്ചിത്ര അക്കദമി ഭാരവാഹികൾ നടത്തി. ജൂറി അംഗമായ നവ്യനായരും വാർത്താസമ്മേളനത്തിൽ എത്തിയില്ല.

നടനെ നിർണയിക്കുന്ന കാര്യത്തിൽ ജൂറി അംഗങ്ങൾക്ക് കൃത്യമായ വേർ തിരിവുണ്ടായി. ജയസൂര്യ, സൗബിൻ ഷാഹിർ, ഫഹദ് ഫാസിൽ, ജോജു ജോർജ് എന്നിവരാണ് പരിഗണിക്കപ്പെട്ടത്. ഇന്നലെ പാതിരാവ് പിന്നിട്ട നടന്ന ചർച്ചയ്ക്കൊടുവിൽ ജയസൂര്യയ്ക്കു സൗബിനു വേണ്ടിയും ശക്തമായ വാദപ്രതിവാദങ്ങളുണ്ടായി. സൗബിനായിരുന്നു മുൻതൂക്കമെങ്കിലും ജൂറിയിലെ വനിതാം അംഗം ജയസൂര്യയ്ക്കു വേണ്ടി ശക്തമായി വാദിച്ചതോടെ വോട്ടിട്ട് തീരുമാനിച്ചു. തുല്യവോട്ടുകൾ വന്നതോടെ രണ്ടു പേരും മികച്ച നടന്മാരായി.