തിരുവനന്തപുരം: നവാഗത സംവിധായകനായ ഷെറീഫ് .സി സംവിധാനവും നിർമ്മാണവും നിർവഹിച്ച കാന്തൻ- ദ ലവർ ഒഫ് കളർ മികച്ച സിനിമയ്ക്കുള്ള 49-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടി. ആദിവാസികൾ നേരിടുന്ന അവഗണനകളുടെയും അനീതികളുടെയും കഥ പറയുന്ന ഈ സിനിമ പ്രകൃതിയുടെ ഹരിതകാന്തി വീണ്ടെടുക്കാനുള്ള ആത്മസമർപ്പണംകൂടിയാണ്. മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയ ശ്യാമപ്രസാദിന്റെ ഒരു ഞായറാഴ്ച മികച്ച രണ്ടാമത്തെ ചിത്രവുമായി.

ക്യാപ്ടനിൽ ഫുട്‌ബാൾ കളിക്കാരനെയും ഞാൻ മേരിക്കുട്ടിയിൽ ട്രാൻസ്‌ജെൻഡറിനെയും തികച്ചും വ്യത്യസ്തമായി അവതരിപ്പിച്ചതിലൂടെ ജയസൂര്യയും സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ കാൽപ്പന്ത് കളിയിൽ ജീവിതം സ്വപ്നം കാണുന്ന ഒരു സാധാരണക്കാരന്റെ പ്രതിസന്ധികളെ സ്വാഭാവികവും അനായാസവുമായി അവതരിപ്പിച്ചതിലൂടെ സൗബിൻ ഷാഹിറും മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു.

ചോല, ഒരു കുപ്രസിദ്ധ പയ്യൻ എന്നീ സിനിമകളിലെ വ്യത്യസ്ത ധ്രുവങ്ങളിലുള്ള കഥാപാത്രങ്ങളെ സമർത്ഥമായി കൈകാര്യം ചെയ്തതിലൂടെയാണ്‌ നിമിഷ സജയൻ മികച്ച നടിയായത്. കുമാർ സാഹ്നി അദ്ധ്യക്ഷനായ പത്തംഗം ജൂറിയാണ് അവാർഡ് നിർണയിച്ചത്.
ജോജു ജോർജാണ് മികച്ച സ്വഭാവ നടൻ. ഒറ്റനോട്ടത്തിൽ പരുക്കനായ പൊലീസുകാരനെന്ന് തോന്നിപ്പിക്കുകയും ഒടുവിൽ കാണികളിൽ നൊമ്പരമാവുകയും ചെയ്ത ജോസഫും സംരക്ഷക വേഷം ചമഞ്ഞ് ഇരയെ കീഴ്‌പ്പെടുത്തുന്ന ചോലയിലെ പുരുഷനുമാണ് ജോജുവിന് അവാർഡിലേക്ക് വഴിയൊരുക്കിയത്. സുഡാനിയിലെ വാത്സല്യം ചൊരിയുന്ന ഉമ്മമാരെ അനശ്വരമാക്കിയ സാവിത്രി ശ്രീധരനും സരസ ബാലുശ്ശേരിയും മികച്ച സ്വഭാവ നടിക്കുള്ള പുരസ്‌കാരം പങ്കിട്ടു. അപ്പുവിന്റെ സത്യാന്വേഷണം, പന്ത് എന്നീ സിനിമകളിലൂടെയാണ് യഥാക്രമം റിഥുനും അബനി ആദിയും മികച്ച ബാലതാരങ്ങളായത്. ജോയി മാത്യുവാണ് മികച്ച കഥാകൃത്ത്-ചിത്രം അങ്കിൾ. സുഡാനി ഫ്രം നൈജീരിയയ്ക്ക് തിരക്കഥയൊരുക്കിയതിലൂടെയാണ് സക്കറിയ, മുഹ്സിൻ പരാരി എന്നിവർ മികച്ച തിരക്കഥാകൃത്തുക്കളായത്. മന്ത്രി എ.കെ. ബാലൻ അവാർഡുകൾ പ്രഖ്യാപിച്ചു. ചലച്ചിത്ര അക്കാഡമി സെക്രട്ടറി മഹേഷ് പഞ്ചു, ജൂറി അംഗങ്ങളായ പി.ജെ. ഇഗ്‌നേഷ്യസ്, ഷെറി ഗോവിന്ദൻ, വിജയകൃഷ്ണൻ, ജോർജ് കിത്തു എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.