v

കടയ്ക്കാവൂർ: ഗ്രാമീണ മേഖലയിലും ഗുണമേന്മയുള്ള വൈദ്യുതി വിതരണം ചെയ്യുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി എം.എം. മണി പറഞ്ഞു. ദീനദയാൽ ഉപാദ്ധ്യായ ഗ്രാമീണ വൈദ്യുതി യോജന പദ്ധതിപ്രകാരം അഞ്ചുതെങ്ങ് പഞ്ചായത്തിൽ ഡോ. എ സമ്പത്ത് എം.പി ദത്തെടുത്ത് നടപ്പാക്കുന്ന വൈദ്യുതി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

വൈദ്യുതി അപകടം അടിക്കടി ഉണ്ടാകുന്ന പഞ്ചായത്താണ് അഞ്ചുതെങ്ങ്. ഇതിന് ശാശ്വത പരിഹാരം കാണാനാണ് 9.9 കോടി രൂപ ചെലവഴിച്ച് പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്തിലെ 69 കിലോമീറ്റർ എൽ.ടി ലൈനുകൾ കേബിൾ ഉപയോഗിച്ച് നവീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പദ്ധതി നടപ്പിലാക്കാൻ കേന്ദ്ര സർക്കാരിൽ നിന്ന് സഹായങ്ങൾ ഉണ്ടായില്ലെന്നും എം.പി ഫണ്ടും, എം.എൽ.എ ഫണ്ടും മറ്റും കൊണ്ടാണ് പണി പൂർത്തിയാക്കിയതെന്നും അദ്ധ്യക്ഷനായിരുന്ന സമ്പത്ത് എം.പി പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കർ വി. ശശി മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി ചീഫ് എൻജിനിയർ രാധാകൃഷ്ണകുമാർ റിപ്പോർട്ട് വായിച്ചു, ഷൈലജാ ബീഗം, ആർ. സുഭാഷ്, അഞ്ചുതെങ്ങ് സുരേന്ദ്രൻ, ആർ. ജെറാൾഡ്, വി. ലൈജു, ഡെപ്യൂട്ടി ചീഫ് എൻജിനിയർ മോഹനനാഥ് പണിക്കർ, എക്സിക്യൂട്ടിവ് എൻജിനിയർ ആർ.ആർ. ബിജു, പഞ്ചായത്തംഗം പ്രവീൺ ചന്ദ്ര എന്നിവർ സംസാരിച്ചു.