ആദ്യഘട്ടത്തിൽ ലഭ്യമാകുന്നത് കുടുംബശ്രീയുടെ 69 ഉത്പന്നങ്ങൾ
തിരുവനന്തപുരം: ആമസോണിന്റെ തോളിലേറി കുടുംബശ്രീ ഉത്‌പന്നങ്ങൾ ഓൺലൈനിലൂടെ ലോക വിപണിയിലേക്ക് ചുവടുവയ്‌ക്കുന്നു. ഉത്‌പന്നങ്ങൾ ഓൺലൈനായി വിറ്റഴിക്കുന്നത് സംബന്ധിച്ച ധാരണാപത്രത്തിൽ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ എസ്. ഹരികിഷോർ, ആമസോൺ ഇന്ത്യ സെല്ലർ ആൻഡ് എക്‌സ്‌പീരിയൻസ് ഡയറക്‌ടർ പ്രണവ് ഭാസിൻ എന്നിവർ ഒപ്പുവച്ചു. മന്ത്രി എ.സി. മൊയ്‌തീൻ സന്നിഹിതനായിരുന്നു.
ആമസോണിന്റെ സ്ത്രീ ശാക്തീകരണ പദ്ധതിയായ ആമസോൺ സഹേലിയിലൂടെയാണ് കുടുംബശ്രീ ഉത്പന്നങ്ങൾ ഓൺലൈൻ വിപണിയിലെത്തുന്നത്. 69 ഉത്പന്നങ്ങളാണ് ആദ്യഘട്ടത്തിൽ ലഭ്യമാക്കുക. കുടുംബശ്രീ യൂണിറ്റുകളിൽ തയാറാക്കുന്ന ഗ്രോസറി, പേഴ്‌സണൽ കെയർ ഉത്പന്നങ്ങൾ എന്നിവ നിലവിൽ ആമസോണിൽ ലഭ്യമാണ്. പദ്ധതിയുമായി സഹകരിക്കുന്ന സ്ത്രീ സംരഭകർക്ക് ആമസോൺ പരിശീലനം നൽകും. പ്രാരംഭഘട്ടത്തിൽ ഉത്പന്നങ്ങൾ മുതൽമുടക്കില്ലാതെ ഓൺലൈനിൽ വില്‍ക്കാനാകും.
ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുടുംബശ്രീ ഉത്പന്നങ്ങൾ തിരുവനന്തപുരത്ത് ശേഖരിച്ച് ഓർഡർ അനുസരിച്ച് ആമസോണിന് കൈമാറും. ഹിമാചൽ പ്രദേശ്, ബംഗാൾ, ഡൽഹി, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ഓർഡറുകൾ ലഭിച്ചിട്ടുണ്ട്. പുതിയ കരാർ വഴി കുടുംബശ്രീയുമായി ബന്ധപ്പെട്ട സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക ജീവിതം മെച്ചപ്പെടുമെന്ന് എസ്. ഹരികിഷോർ പറഞ്ഞു.