തിരുവനന്തപുരം: ആഭ്യന്തര ബിസിനസുകൾക്ക് അന്താരാഷ്‌ട്ര വിപണിയിലേക്ക് പ്രവേശിക്കാൻ അവസരമേകുന്ന വേൾഡ് ട്രേഡ് സെന്റർ തിരുവനന്തപുരത്തും വരുന്നൂ. ടെക്‌നോസിറ്രിയിൽ വേൾഡ് ട്രേഡ് സെന്റർ നിർമ്മിക്കാനുള്ള ധാരണാപത്രം ഇന്നലെ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ഒപ്പുവച്ചു. ബംഗളൂരു ആസ്ഥാനമായുള്ള ബ്രിഗേഡ് ഗ്രൂപ്പാണ് സെന്റർ നിർമ്മിക്കുന്നത്. ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ ബ്രിഗേഡ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ എം.ആർ. ജയശങ്കർ, ടെക്നോപാർക്ക് സി.ഇ.ഒ ഋഷികേശ് നായർ എന്നിവരാണ് ഒപ്പുവച്ചത്.
15,000 പേർക്ക് തൊഴിൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതി 13 ഏക്കറിലായി 25 ലക്ഷം ചതുരശ്ര അടിയിലാണ് നിർമ്മിക്കുന്നത്. ഓഫീസ് സ്‌പേസ്, ഹോട്ടൽ, സർവീസ് അപ്പാർട്ട്‌മെന്റുകൾ, ഹോസ്‌റ്റൽ തുടങ്ങിയവ ഇവിടെയുണ്ടാകും. ബംഗളൂരു, ചെന്നൈ,കൊച്ചി, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിലവിൽ വേൾഡ് ട്രേഡ് സെന്ററുകളുണ്ട്. സംസ്ഥാനത്തിന്റെ വിവര സാങ്കേതിക വളർച്ചയിൽ നാഴികക്കല്ലാകുന്ന മറ്റ് മൂന്ന് ഐ.ടി. പദ്ധതികൾക്കും ഇന്നലെ തുടക്കമായി.
ലോകത്തെ ഏറ്റവും വലിയ ഇന്റഗ്രേറ്റഡ് ഫ്രീ ആൻഡ് ഓപ്പൺ സോഴ്സ് സംവിധാനമായ സ്വതന്ത്രയുടെയും സ്‌കിൽ ഡെലിവറി പ്ലാറ്റ്‌ഫോം ഒഫ് കേരളയുടെയും (എസ്.ഡി.പി.കെ.) ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു. സ്‌പേസ് രംഗത്തെ സ്റ്റാർട്ടപ്പുകളെ ഉൾപ്പെടുത്തി ആരംഭിക്കുന്ന സ്‌പേസ് ടെക് ആപ്ലിക്കേഷൻ ഡെവപല്‌മെന്റ് ഇക്കോസിസ്‌റ്റത്തിന്റെ (സ്‌റ്റേഡ്) ഭാഗമായി രണ്ടു പ്രമുഖ സ്‌റ്റാർട്ടപ്പുകൾക്കു പ്രവർത്തനാനുമതിയും നൽകി.
സാറ്റ്ഷുവർ, അഗ്നികുൽ എന്നീ സ്‌റ്രാർട്ടപ്പുകളാണ് തിരുവനന്തപുരത്തേക്ക് എത്തുന്നത്.
ഡിസൈനിംഗ് രംഗത്തെ പ്രമുഖരായ ലൂമിയം എന്ന കമ്പനിക്ക് സംസ്ഥാനത്ത് പ്രവർത്തിക്കുന്നതിനുള്ള ലെറ്റർ ഒഫ് അലേക്കേഷനും ചടങ്ങിൽ കൈമാറി. കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഐ.ടി. സെക്രട്ടറി എം. ശിവശങ്കർ, ടെക്‌നോപാർക്ക് സി.ഇ.ഒ. ഋഷികേശ് നായർ എന്നിവർ പങ്കെടുത്തു.