g-v-raja-award
g v raja award

തിരുവനന്തപുരം: സംസ്ഥാനത്തെ പരമോന്നത കായിക ബഹുമതിയായ ജി.വി രാജ അവാർഡുകളും ഒളിമ്പ്യൻ സുരേഷ് ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡും ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്തു. കായിക മന്ത്രി ഇ.പി.ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. 2020ലെ ടോക്യോ ഒളിമ്പിക്സിൽ കേരളത്തിന് ഒരു സ്ഥാനം ഉണ്ടാകുമെന്നാണ് താൻ കരുതുന്നതെന്ന് മന്ത്രി പറഞ്ഞു. അതിനായി പ്രതിഭകളെ വാർത്തെടുക്കുന്നതിന് ഓപ്പറേഷൻ ഒളിമ്പ്യ എന്ന പേരിൽ 11 കേന്ദ്രങ്ങളിലായി പരിശീലനം നൽകി വരുന്നതായും മന്ത്രി പറഞ്ഞു.

മികച്ച കായിക താരത്തിനുള്ള പുരുഷ വിഭാഗം അവാർഡ് അത്‌ലറ്റ് ജിൻസൺ ജോൺസണിന് വേണ്ടി അഷറഫ് ഹാജി ഏറ്റുവാങ്ങി. വനിതാ താരത്തിനുള്ള പുരസ്‌കാരം നീന വിയ്ക്ക് വേണ്ടി പിതാവ് മാത്യു ജോസഫും സ്വീകരിച്ചു. മൂന്ന് ലക്ഷം രൂപയും ഫലകവും പ്രശംസാ പത്രവും അടങ്ങിയതാണ് അവാർഡ്. ഒളിമ്പ്യൻ സുരേഷ് ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ബാഡ്മിന്റൺ പരിശീലകൻ മുരളീധരൻ എസും മികച്ച കായിക പരിശീലകനുള്ള അവാർഡ് വോളിബാൾ പരിശീലനകനായ എസ്.മനോജും ഏറ്റുവാങ്ങി. കോളേജ് തലത്തിലെ മികച്ച കായികാദ്ധ്യപകനുള്ള അവാർഡ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ഡോ.മാത്യുസ് ജേക്കബും കായിക മേഖലയിൽ മികച്ച നേട്ടം കൈവരിച്ച കോളേജിനുള്ള അവാർഡ് ചങ്ങനാശേരി അസംപ്ഷൻ കോളേജും ഏറ്റുവാങ്ങി. സ്കൂൾ തലത്തിലെ മികച്ച കായിക താരത്തിനുള്ള അവാർഡ് കൊല്ലം ജില്ലാ സ്‌പോർട്സ് അക്കാഡമിയിലെ അബിഗേയിൽ ആരോഗ്യനാഥനും കോളേജ് തലത്തിലെ മികച്ച താരത്തിനുള്ള അവാർഡ് അസംപ്ഷൻ കോളേജിലെ ജിൻസി ജോൺസണും ഏറ്റുവാങ്ങി. സ്‌പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് മേഴ്സിക്കുട്ടൻ സ്വാഗതം ആശംസിച്ചു. അർജ്ജുന അവാർഡ് ജേതാവ് കെ.എം.ബീനാമോൾ, എൽ.എൻ.സി.പി.ഇ പ്രിൻസിപ്പൽ ഡോ.ജി.കിഷോർ, കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.