തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തെച്ചൊല്ലി ജൂറി ചെയർമാനുമായും അംഗങ്ങൾ തമ്മിലുമുണ്ടായത് കടുത്ത അഭിപ്രായ വ്യത്യാസം. മികച്ച സംവിധായകൻ, സിനിമ, നടൻ എന്നിവയിലെ നിർണയത്തിലാണ് ജൂറി അംഗങ്ങൾക്കിടയിൽ തർക്കമുണ്ടായത്. തർക്കം മുറുകിയതോടെ ചർച്ചയുടെ അവസാനഘട്ടത്തിൽ ജൂറി ചെയർമാനും വിഖ്യാത സംവിധായകനുമായ കുമാർ സാഹ്നി ഹാളിൽ നിന്ന് ഇറങ്ങിപ്പോയി. ഇന്നലെ രാവിലെ 11ന് നടന്ന വാർത്താസമ്മേളനത്തിലും കുമാർ സാഹ്നി പങ്കെടുത്തില്ല.
മികച്ച ചിത്രം, സംവിധായകൻ എന്നിവയിലാണ് ചെയർമാനും അംഗങ്ങളും തമ്മിൽ തർക്കമുണ്ടായത്. ചൊവ്വാഴ്ച പാതിരാവു കഴിഞ്ഞും ഇത് നീണ്ടു.
സംവിധായകനുള്ള പുരസ്‌കാരം മികച്ച കഥാചിത്രമായ കാന്തൻ ദ ലവർ ഒഫ് കളറിന്റെ സംവിധായകൻ ഷെരീഫിനു നൽകണമെന്നായിരുന്നു കുമാർ സാഹ്നിയുടെ അഭിപ്രായം. മികച്ച സംവിധായകനേ നല്ല ചിത്രം ഒരുക്കാനാകൂ എന്ന വാദവും അദ്ദേഹം മുന്നോട്ടു വച്ചു. എന്നാൽ സംവിധായകന് പ്രധാന പങ്കുണ്ടെങ്കിലും മറ്റ് പല ഘടകങ്ങളും ചേർന്നാലേ മികച്ച സിനിമയുണ്ടാകൂ എന്നായിരുന്നു ചില അംഗങ്ങളുടെ വാദം. തുടർന്ന് 'നിങ്ങൾ തന്നെ അവാർഡ് തീരുമാനിച്ചാൽ മതി, ഞാനൊപ്പിട്ട് തന്നോളാം" എന്ന് പറഞ്ഞ് കുമാർ സാഹ്നി മുറിയിലേക്ക് പോയി. ഇന്നലെ രാവിലെ അദ്ദേഹത്തെ അനുനയിപ്പിച്ച് വാർത്താസമ്മേളനത്തിൽ പങ്കെടുപ്പിക്കാൻ ശ്രമിച്ചെങ്കിലും ഒഴിഞ്ഞുമാറി. അവാർഡ് പ്രഖ്യാപനം കഴിഞ്ഞും അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള ശ്രമം ചലച്ചിത്ര അക്കാഡമി നടത്തിയിരുന്നു. ജൂറി അംഗമായ നവ്യാനായരും വാർത്താസമ്മേളനത്തിനെത്തിയില്ല.
മികച്ച നടനായി ജയസൂര്യ, സൗബിൻ ഷാഹിർ, ഫഹദ് ഫാസിൽ, ജോജു ജോർജ് എന്നിവരെയാണ് പരിഗണിച്ചത്. അവസാന റൗണ്ടിലെത്തിയ ജയസൂര്യയ്‌ക്കും സൗബിനും വേണ്ടി ശക്തമായ വാദപ്രതിവാദമുണ്ടായി. സൗബിനായിരുന്നു മുൻതൂക്കം. ജയസൂര്യയുടെ ട്രാൻസ്ജെൻഡർ വേഷം യാഥാർത്ഥ്യത്തിൽ നിന്ന് അകന്നു നിൽക്കുന്നതായി അഭിപ്രായമുണ്ടായി. എന്നാൽ വനിതാ അംഗം ജയസൂര്യയ്‌ക്കായി വാദിച്ചതോടെ വോട്ടിടാൻ തീരുമാനിക്കുകയായിരുന്നു. ചെയർമാൻ കുമാർ സാഹ്നിയും സെക്രട്ടറി മഹേഷ് പഞ്ചുവും ഒഴികെയുള്ളവർ വോട്ടിട്ടു. നാലു വോട്ടുവീതം രണ്ടു പേർക്കു ലഭിച്ചതോടെ അവാർഡ് വീതം വച്ചു.
മികച്ച നടിക്ക് നിമിഷ സജയന് അല്പമെങ്കിലും വെല്ലുവിളി ഉയർത്തിയത് വരത്തനിലെ അഭിനയത്തിലൂടെ ഐശ്വര്യ ലക്ഷ്മിയായിരുന്നു. കൃത്രിമത്വം നിറഞ്ഞ അഭിനയമാണെന്ന് വിലയിരുത്തി മഞ്ജുവാര്യരുടെ പേര് ആദ്യ റൗണ്ടിലേ ഒഴിവാക്കി. എം. ജയചന്ദ്രന്റെ പേരും സംഗീത സംവിധാനത്തിന് പരിഗണിച്ചിരുന്നു. എന്നാൽ വിശാൽ ഭരദ്വാജിന്റെ പേരാണ് ഒടുവിൽ നിർദ്ദേശിച്ചത്.