03

പോത്തൻകോട്: മങ്ങാട്ടുകോണത്തിന് സമീപം പുല്ലാന്നിവിളയിൽ യുവാവിനെ മർദ്ദിച്ചുകൊന്ന കേസിൽ നാലുപേരെ പൊലീസ് അറസ്റ്റുചെയ്‌തു. ചന്തവിള മങ്ങാട്ടുകോണം ശരണ്യ ഭവനിൽ ശരത് (27), ചന്തവിള മങ്ങാട്ടുകോണം ചേങ്കോട്ടുകോണത്ത് വീട്ടിൽ ഉണ്ണി എന്ന അജയകുമാർ (30), ചന്തവിള മങ്ങാട്ടുകോണം ചെങ്കോട്ടുകോണത്ത് വീട്ടിൽ സാബു (29), ചന്തവിള മങ്ങാട്ടുകോണം വിഷ്‌ണുഭവനിൽ ശരത് എന്ന സച്ചു (21) എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്‌തത്. ചന്തവിള മണ്ണറത്തൊടി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കുളത്തൂർ മൺവിള സെറ്റിൽമെന്റ് കോളനിയിൽ പരേതനായ വിജയൻ - ശാന്ത ദമ്പതികളുടെ മകൻ ബിച്ചു എന്ന വിനയബോസിനെ (38) കൊലപ്പെടുത്തിയ കേസിലാണ് ഇവർ പിടിയിലായത്. മങ്ങാട്ടുകോണം ജംഗ്‌ഷന് സമീപത്തെ സ്ഥലത്ത് പ്രതികൾ ജോലികഴിഞ്ഞ് സ്ഥിരമായി മദ്യപിക്കാറുണ്ട്. കഴിഞ്ഞ 21ന് രാത്രി 12ന് പ്രതികൾ മദ്യപിച്ച ശേഷം മങ്ങാട്ടുകോണം ജംഗ്‌ഷനിൽ സംസാരിക്കുന്നതിനിടെ ഇതുവഴി നടന്നുവരുകയായിരുന്ന വിനയബോസ് തെറിവിളിച്ചു. തുടർന്നുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. വിനയബോസിനോട് മുൻ വൈരാഗ്യമുണ്ടായിരുന്ന പ്രതികൾ അയാളെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. അവശനായി റോഡിൽ വീണ വിനയബോസിന്റെ തല റോഡിൽ പിടിച്ചിടിച്ച് മാരകമായി മുറിവേല്പിക്കുകയായിരുന്നു. ബോധം നഷ്ടപ്പെട്ട വിനയബോസിനെ റോഡിൽ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നുവെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്. വിനയബോസിനെ നാട്ടുകാരാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. ചികിത്സയിലിരിക്കെ രണ്ട് ദിവസം മുമ്പാണ് ഇയാൾ മരിച്ചത്. പ്രതികൾക്കെതിരെ കൊലക്കുറ്റം, ദേഹോപദ്രവം ഏല്പിക്കൽ,​ പട്ടിക ജാതി പട്ടികവർഗ പീഡനം എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. സംഭവശേഷം കന്യാകുമാരി, കളിയിക്കാവിള, നെയ്യാറ്റിൻകര, വിഴിഞ്ഞം തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതികളെ കഴിഞ്ഞ ദിവസം ആറ്റിങ്ങലിൽ വച്ചാണ് പിടികൂടിയത്. റൂറൽ എസ്.പി ബി. അശോക്, ആറ്റിങ്ങൽ ഡിവൈ.എസ്.പി അനിൽകുമാർ എന്നിവരുടെ മേൽനോട്ടത്തിൽ പോത്തൻകോട് സി.ഐ എസ്. ഷാജി, എസ്.ഐ ജെ.എസ്. അശ്വനി, രവീന്ദ്രൻ, എ.എസ്.ഐമാരായ സത്യദാസ്, ഗോപകുമാർ, പൊലീസുകാരായ ജ്യോതി, റിയാസ്, അരുൺ ശശി, ഷാജഹാൻ, അരുൺ, സന്തോഷ്, സജീഷ്, സജി എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റുചെയ്‌തത്. പ്രതികളെ റിമാൻഡ് ചെയ്‌തു.