hantex

തിരുവനന്തപുരം: കുത്താംപുള്ളി മാതൃകയിൽ രൂപകല്‌പന ചെയ്‌ത കളർ സാരികളും റോയൽ സീരിസിലെ മൂന്ന് മുണ്ടുകളും ഹാന്റെക്‌സ് പുറത്തിറക്കി. ഉത്പന്നങ്ങളുടെ ലോഞ്ചിംഗ് മന്ത്രി ഇ.പി. ജയരാജൻ നിർവഹിച്ചു.

ആദ്യവർഷം 5,​000 പ്രീമിയം കുത്താംപുള്ളി കളർ സാരികൾ വിപണിയിൽ എത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 100ലേറെ വ്യത്യസ്‌ത രൂപകല്‌പനകളുള്ള സാരികളുടെ വില 2,​800 മുതൽ 3000 വരെയാണ്. തുടക്കത്തിൽ മേജർ ഷോറൂമുകളിലൂടെ പുറത്തിറക്കുന്ന ഈ സാരികൾ ഓണത്തോടെ ഹാന്റെക്‌സിന്റെ 93 ഷോറൂമുകളിലുമെത്തിക്കും.

ബാലരാമപുരം ഉണക്ക് പാവിൽ നെയ്‌തെടുത്ത പ്രീമിയം ക്വാളിറ്റി മുണ്ടുകളായ റോയൽ ഗോൾഡ്, റോയൽ വൈറ്റ്, റോയൽ സിൽവർ മുണ്ടുകളും ഹാന്റെക്‌സ് പുറത്തിറക്കി. ഇവ ഓണത്തിന് എല്ലാ ഷോറൂമുകളിലും ലഭ്യമാക്കും. ഹാന്റെക്‌സ് പ്രിവിലേജ് കാർഡിന്റെ സംസ്ഥാനതല ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. 5,​000 രൂപയ്ക്ക് മുകളിൽ തുണിത്തരങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്കാണ് പ്രിവിലേജ് കാർഡ് നൽകുക. കാർഡ് ലഭിക്കുന്നവർക്ക് ഓരോ ഇടപാടിനും ഡിസ്‌കൗണ്ട് നൽകും. ഹാന്റെക്‌സിന്റെ പുതിയ ഉത്പന്നങ്ങൾ, ഡിസ്‌കൗണ്ട്, വിപണനമേളകൾ തുടങ്ങിയവയെക്കുറിച്ച് ഇവരെ എസ്.എം.എസിലൂടെ അറിയിക്കും. ഉത്പന്നങ്ങൾ ഉപഭോക്താവിന് വേണ്ട സ്ഥലത്ത് എത്തിക്കുകയും കൂടുതൽ ഇടപാട് നടത്തുന്നവർക്ക് ഓണത്തിന് പ്രത്യേക സമ്മാനം ഒരുക്കുകയും ചെയ്യും.