കിളിമാനൂർ: പതിവിന് വിപരീതമായി ഫെബ്രുവരിയിൽ തന്നെ വേനൽ കടുത്തതോടെ ഗ്രാമീണമേഖലകളിൽ കുടിവെള്ളക്ഷാമം രൂക്ഷമായി. കിണറുകളും കുളങ്ങളും തോടുകളും ഉൾപ്പെടെയുള്ള ജലസ്രോതസുകൾ വറ്റിവരണ്ടതോടെ വെള്ളത്തിനായി ജനങ്ങൾ പരക്കം പായുകയാണ്. വാമനപുരം നദിയും ചിറ്റാറും വറ്റി തുടങ്ങിയതോടെ ഇവയെ ആശ്രയിച്ച് പ്രവർത്തിച്ചിരുന്ന നിരവധി കുടിവെള്ള പദ്ധതികളും അവതാളത്തിലായി. പഴയകുന്നുമ്മൽ, കിളിമാനൂർ, മടവൂർ പഞ്ചായത്തുകൾക്കായി 32 കോടിയിലേറെ രൂപ ചെലവിട്ട് ഒരു വർഷം മുമ്പ് കമ്മിഷൻ ചെയ്ത ഗ്രാമീണ ത്വരിതശുദ്ധജല പദ്ധതിയും ജലദൗർലഭ്യത്താൽ വീർപ്പ് മുട്ടുകയാണ്. വാമനപുരം നദിയിൽ കാരേറ്റ് ഭാഗത്തുനിന്നാണ് ഈ പദ്ധതിക്കായുള്ള വെള്ളം ശേഖരിക്കുന്നത്. മൂന്ന് പഞ്ചായത്തുകളിലുമായി ആയിരക്കണക്കിന് ഹൗസ് കണക്ഷനുകൾ നൽകിയിരിക്കുന്ന പദ്ധതിയിൽ പൂർണമായും പൈപ്പ് ലൈൻ സ്ഥാപിച്ചിട്ടില്ല എന്ന ആക്ഷേപവും ഉണ്ട്. നിലവിൽ പല ദിവസങ്ങളിലും ഇതിലൂടെ കുടിവെള്ളം കിട്ടാത്ത അവസ്ഥയാണുള്ളത്. നഗരൂർ പഞ്ചായത്തിലെ പ്രധാന പാടശേഖരങ്ങളായ കീഴ്പേരൂർ, വെള്ളല്ലൂർ, നന്തായ്വനം, നഗരൂർ ഏലാകളിൽ ജലദൗർലഭ്യം കാരണം നെൽകൃഷി പാകമാകും മുൻപേ കരിഞ്ഞുതുടങ്ങി. കിളിമാനൂരിലും, കരവാരം പഞ്ചായത്തിലുമായി അനധികൃതമായതടക്കം രണ്ട് ഡസനോളം പാറക്വാറികൾ പ്രവർത്തിക്കുന്നുണ്ട്. ഇവയാണ് മേഖലയെ രൂക്ഷമായ ജലക്ഷാമത്തിലേക്ക് നയിച്ചതെന്ന് നാട്ടുകാർ പറയുന്നു. വിവിധ കോളനികളിൽ കുടിവെള്ള പദ്ധതികൾ നടപ്പാക്കുന്നതിനായി ഒരുകോടി രൂപയുടെ പദ്ധതി തയാറാക്കി നിർമ്മിതിയെ ഏൽപ്പിച്ചെങ്കിലും പഞ്ചായത്തിന്റെ കെടുകാര്യസ്ഥത മൂലം പണി പാതിവഴിയിൽ മുടങ്ങി. ഓരോ പഞ്ചായത്തുകളും വാർഷിക പദ്ധതികളിൽ നാമമാത്രമായ തുകകൾ മാറ്റിവച്ച് ചെലവിടുന്നതുകൊണ്ട് പൊതുജനത്തിന് യാതൊരു പ്രയോജനവും ഇല്ലാത്ത അവസ്ഥയാണ്. കാർഷിക മേഖലയെ സംരക്ഷിക്കാൻ ത്രിതല സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ കർഷകരുടെ ജീവിതം പ്രതിസന്ധിയിലാകുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.