നെയ്യാറ്റിൻകര: തലയ്ക്ക് മീതേ അപകടക്കെണിയൊരുക്കി പാഴ്മരങ്ങൾ വളർന്നു നിൽക്കുന്നു.എന്നാൽ മരങ്ങൾ അപകടം വിതയ്ക്കുമെന്നറിഞ്ഞിട്ടും അവ മുറിച്ചുമാറ്റുന്നില്ലെന്ന പരാതി വ്യാപകമാകുന്നു.നിരവധി സ്കൂൾ വിദ്യാർത്ഥികളും മറ്റ് യാത്രികരും കടന്നു പോകുന്ന പ്രധാന പാതയിലാണ് മരങ്ങൾ ഭീഷണി ഉയർത്തുന്നത്.
നെയ്യാറ്റിൻകര ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ, ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, സിവിൽ മിനി സ്റ്റേഷൻ എന്നിവയ്ക്ക് സമീപമുള്ള റോഡരികിലാണ് പാഴ്മരങ്ങൾ ഭീഷണിയായി നിൽക്കുന്നത്. ഇവ മുറിച്ചുമാറ്റണമെന്ന് കാട്ടി നിരവധി പരാതികൾ നൽകിയെങ്കിലും ഫലമുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.വൈദ്യുതി ലൈനുകൾ ഇവയുടെ സമീപത്തു കൂടിയാണ് കടന്നു പോകുന്നത്. അടുത്തിടെ ബോയ്സ് ഹൈസ്കൂൾ കാമ്പൗണ്ടിനുള്ളിൽ നിന്ന കൂറ്റൻ അക്കേഷ്യ റോഡിലേയ്ക്ക് വീണ് റോഡരുകിലെ വാഹനങ്ങൾ തകരുകയും കാൽനടയാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. നെയ്യാറ്റിൻകര കോടതി വളപ്പിലും ഇതേ പോലെ പാഴ് മരം വീണ് കാറുകൾ തകർന്നെങ്കിലും ആളപായമുണ്ടായില്ല. തുടർന്ന് റോഡരികിലെ വീഴാറായ മരങ്ങൾ മുറിച്ചു മാറ്റണമെന്ന് നാട്ടുകാർ നിരവധി തവണ ആവശ്യപ്പെട്ടിട്ടും അധികൃതർ അനങ്ങുന്നില്ല. സിവിൽ സ്റ്റേഷന് മുൻവശത്തായി നിന്നിരുന്ന മരം അടുത്തിടെയാണ് മുറിച്ച് മാറ്റിയത്.അതുപോലെ അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റാൻ അനുമതിയുണ്ടെന്നിരിക്കെ അധികൃതർ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്. നെയ്യാറ്റിൻകര നഗരസഭയിലെ വിവിധ വാർഡുകളിലെ പുറമ്പോക്കിലും സ്വകാര്യ ഭൂമികളിലും പാഴ് മരങ്ങൾ കടപുഴകി വീഴാൻ പാകത്തിൽ നിൽക്കുന്നുണ്ട്.
ഇവ സമീപത്തെ വീടുകൾക്കും ഭീഷണിയാകുകയാണ്.ഇഅത്തരം മരങ്ങൾ മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് നിരവധി കുടുംബങ്ങൾ നഗരസഭാ അധികൃതർക്കും നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലും പരാതി നൽകി കാത്തിരിക്കുകയാണ്.
ദ്രവിച്ചതും ഉണങ്ങിയതുമായ മരങ്ങൾ നിരവധി
പലതും കാറ്റിൽ ഒടിഞ്ഞു വീഴുന്ന അവസ്ഥ
മരങ്ങളുടെ വേരുകൾ ദ്രവിച്ചു
സമീപത്തായി വൈദ്യുതി ലൈനുകൾ
പുതിയ മരങ്ങൾ വച്ചു പിടിപ്പിക്കാം
വൻ വൃക്ഷങ്ങളല്ലാതെ പൂന്തോട്ട മാതൃകയിൽ ചെറിയ മരങ്ങൾ റോഡരുകിൽ വച്ചു പിടിപ്പിക്കാനുള്ള ന്യൂ ഗാർഡൻ പദ്ധതിക്ക് രൂപരേഖയായെങ്കിലും അധികൃതർ ഇതുവരെ പരിഗണിച്ചിട്ടില്ല.
നെയ്യാറ്റിൻകര സിവിൽ മിനി സ്റ്റേഷന് മുൻവശത്തായി റോഡരുകിൽ നിൽക്കുന്ന പാഴ്മരങ്ങൾ