തിരുവനന്തപുരം: 'ഒരു ഞായറാഴ്ച'യിലുടെ മികച്ച സംവിധായകനുള്ള പുരസ്‌കാരം ശ്യാമപ്രസാദ് സ്വന്തമാക്കുന്നത് അഞ്ചാം തവണ.പുരസ്‌കാര നേട്ടത്തിൽ സന്തോഷമുണ്ടെന്ന് ശ്യാമപ്രസാദ് പ്രതികരിച്ചു. സിനിമ കൂടുതൽ ശ്രദ്ധിക്കപ്പെടാനും കാണികളിലേക്കെത്താനും പുരസ്‌കാരങ്ങൾ സഹായകമാണ്. ഒരു ഞായറാഴ്ച മൂന്നു മാസത്തിനുള്ളിൽ തിയേറ്ററുകളിൽ എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 1999ൽ പുറത്തിറങ്ങിയ അഗ്നിസാക്ഷിയിലൂടെയാണ് ശ്യാമപ്രസാദ് മികച്ച സംവിധായകനുള്ള പുരസ്‌കാരം ആദ്യമായി സ്വന്തമാക്കിയത്. 2004 ൽ അകലെയിലൂടെയും 2010 ൽ ഇലക്ട്രയിലൂടെയും 2013 ൽ ആർട്ടിസ്റ്റിലൂടെയുമാണ് ഇതിനു മുൻപ് ശ്യാമപ്രസാദ് മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയത്.