kerala-police

തിരുവനന്തപുരം: പൊലീസ് സംവിധാനത്തിന്റെ തലപ്പത്ത് ഘടനാപരമായ അഴിച്ചുപണിക്ക് മന്ത്രിസഭായോഗത്തിന്റെ തീരുമാനം. ഇതനുസരിച്ച് പൊലീസ് മേധാവിക്ക് കീഴിലായി സംസ്ഥാനം മുഴുവൻ അധികാരപരിധിയുള്ള ഒറ്റ എ.ഡി.ജി.പി ക്രമസമാധാന ചുമതലയിൽ വരും. ദക്ഷിണ, ഉത്തര മേഖലാ എ.ഡി.ജി.പി തസ്തികകളാണ് ഒഴിവാക്കുക. പകരം ദക്ഷിണ, ഉത്തര മേഖലാ ഐ.ജിമാർ ചുമതലയിൽ വരും. റേഞ്ച് ഐ.ജിമാർക്ക് പകരം നാല് റേഞ്ചുകളുടെ ചുമതല ഡി.ഐ.ജിമാർക്ക് നൽകും. തിരുവനന്തപുരം, കൊച്ചി, തൃശൂർ, കണ്ണൂർ റേഞ്ചുകൾക്കാണ് ഡി.ഐ.ജിമാർ.

പൊലീസ് ഘടനാ പരിഷ്കരണവുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി മുഖ്യമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ഭേദഗതി വരുത്തിയാണ് മന്ത്രിസഭ മാറ്റം അംഗീകരിച്ചിരിക്കുന്നത്. പുതിയ തസ്തിക സൃഷ്ടിച്ച് ഉത്തരവിറങ്ങുന്ന മുറയ്ക്ക് ഉദ്യോഗസ്ഥരെ നിയമിക്കും.

ക്രമസമാധാന പാലനത്തിന് ഒരു എ.ഡി.ജി.പി മാത്രമാക്കിയെങ്കിലും മൊത്തം എ.ഡി.ജി.പി തസ്തികകളിൽ മാറ്റമുണ്ടാവില്ല. പൊലീസ് ആസ്ഥാനം, ഇന്റലിജന്റ്സ്, ക്രൈംബ്രാഞ്ച്, ജയിൽ തുടങ്ങിയവയുടെ തലപ്പത്ത് എ.ഡി.ജി.പിമാരുണ്ട്.