1000days-of-ldf-governmen

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ആയിരം ദിവസങ്ങൾ പൂർത്തിയാക്കിതിന്റെ ഒരാഴ്ച നീണ്ട ആഘോഷപരിപാടികൾ സമാപിച്ചു. സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. തൊണ്ട വേദന മൂലം പ്രസംഗിക്കാതിരുന്ന മുഖ്യമന്ത്രി സമ്മേളനാവസാനം വരെ സാന്നിദ്ധ്യം കൊണ്ട് വേദിയെ ധന്യമാക്കി. സാംസ്കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പ് ആയിരം യുവകലാകാരന്മാർക്ക് നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.

ഏതു കേരളീയനും അഭിമാനത്തോടെ സ്മരിക്കാൻ കഴിയുന്ന വികസന പ്രവർത്തനങ്ങളാണ് ആയിരം ദിനങ്ങൾ കൊണ്ട് പിണറായി സർക്കാർ നടപ്പാക്കിയതെന്ന് തുടർന്ന് പ്രസംഗിച്ച മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു.

സർവ മേഖലകളിലും വലിയ മാറ്റമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.പ്രളയത്തിൽ തകർന്ന കേരളത്തെ പഴയ സ്ഥിതിയിലേക്ക് ഉയർത്തിക്കൊണ്ടുവരാൻ സർക്കാർ നടത്തിയ ശ്രമങ്ങൾ ഏവരും പ്രശംസിച്ചിട്ടുള്ളതാണ്.ഇക്കാര്യത്തിൽ ജനങ്ങൾ സർക്കാരിനൊപ്പം നിന്ന് നല്ലപോലെ സഹായിച്ചു.സർക്കാർ ജീവനക്കാർ സാലറി ചാലഞ്ചിലൂടെ കൈയയച്ചു സഹായിച്ചു.എന്നാൽ കേന്ദ്രസർക്കാർ സംസ്ഥാനത്തിന് അർഹമായ സഹായം പോലും നൽകിയില്ല.പട്ടിയെ കൊണ്ട് കടിപ്പിക്കുന്ന സമീപനമാണ് കേന്ദ്രം സ്വീകരിച്ചത്.

മലയാളികൾ ഏറെയുള്ള പ്രദേശങ്ങളിൽ നിന്ന് സഹായം ചെയ്യാൻ പലരും തയ്യാറായെങ്കിലും അത് സ്വീകരിക്കാൻ അനുവദിച്ചില്ല.

കേരളത്തിലെ ജനങ്ങൾക്ക് പിണറായി സർക്കാരിൽ വിശ്വാസമുണ്ട്.ആ വിശ്വാസത്തിൽ നിന്ന് കൊണ്ട് കൂടുതൽ ക്ഷേമപ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ സർക്കാർ നടപ്പാക്കുമെന്നും ജയരാജൻ പറഞ്ഞു.

മുമ്പൊരു സർക്കാരും ചെയ്യാത്തത്ര വികസന പ്രവർത്തനങ്ങളാണ് പിണറായി സർക്കാർ നടപ്പാക്കിവരുന്നതെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച മന്ത്രി ഇ.ചന്ദ്രശേഖരൻ ചൂണ്ടിക്കാട്ടി.തിരഞ്ഞെടുപ്പു കാലത്ത് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കിയാണ് സർക്കാർ മുന്നോട്ടുപോകുന്നത്.ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ 31 ലക്ഷം പേർക്കാണ് ക്ഷേമപെൻഷൻ കിട്ടിക്കൊണ്ടിരുന്നത്.ഇപ്പോൾ അത് 52 ലക്ഷം പേർക്കായി വർദ്ധിച്ചു.600 ആയിരുന്ന പെൻഷൻ 1200 ആക്കി ഉയർത്തി.താഴെത്തട്ടിലുള്ളവരുടെ ക്ഷേമത്തിന് മുന്തിയ ശ്രദ്ധയാണ് സർക്കാർ നൽകിയത്.

വികസന പ്രവർത്തനങ്ങൾക്കുള്ള വരുമാനം എവിടെ എന്ന് സംശയിച്ചവരുണ്ട്. കിഫ്ബി വഴി 41,000 കോടിയുടെ വികസന പദ്ധതികൾക്കാണ് തുടക്കം കുറിച്ചത്.ജനോപകാരപ്രദമായ നാല് മിഷനുകൾ നടപ്പാക്കാൻ കഴിഞ്ഞു.അധഃസ്ഥിത വിഭാഗത്തോട് ഏറെ മമത കാട്ടുന്ന സർക്കാരാണ് ഇതെന്നും ചന്ദ്രശേഖരൻ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെ തെരഞ്ഞെടുത്ത പ്രസംഗങ്ങൾ ഉൾപ്പെടുത്തി പബ്ളിക് റിലേഷൻസ് വകുപ്പ് തയ്യാറാക്കിയ 'നവകേരളത്തിനായുള്ള നവോത്ഥാനം' എന്ന പുസ്തകം ബി.സത്യൻ എം.എൽ.എയ്ക്ക് നൽകി മന്ത്രി എ.കെ.ബാലൻ പ്രകാശനം ചെയ്തു.

മന്ത്രിമാരായ കെ.കൃഷ്ണൻകുട്ടി,രാമചന്ദ്രൻ കടന്നപ്പള്ളി,എ.സി മൊയ്തീൻ, എ.കെ.ശശീന്ദ്രൻ,പി.തിലോത്തമൻ,കെ.രാജു, മേയർ വി.കെ.പ്രശാന്ത്, ജില്ലാ കളക്ടർ ഡോ.കെ.വാസുകി തുടങ്ങിയവർ പങ്കെടുത്തു.

മന്ത്രി കടകംപള്ളി സുരേന്ദ്രൻ സ്വാഗതവും ചീഫ് സെക്രട്ടറി ടോംജോസ് നന്ദിയും പറഞ്ഞു.