തിരുവനന്തപുരം: വൻജനാവലിയെ സാക്ഷിയാക്കി സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷങ്ങൾ സമാപിച്ചു. തൊണ്ടവേദന കാരണം ചടങ്ങിൽ സംസാരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞില്ല. എങ്കിലും ചടങ്ങുകളുടെ ആദ്യവസാനം മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യം വേദിയിലുണ്ടായിരുന്നു. സർക്കാരിന്റെ ആയിരം ദിനങ്ങൾക്കിടെ ഗുണം ലഭിക്കാത്ത ഒരു കുടുംബവും സംസ്ഥാനത്തുണ്ടാകില്ലെന്ന് സമാപനച്ചടങ്ങിൽ സംസാരിച്ച മന്ത്റി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. ഇന്ത്യയിൽ ഒരു സംസ്ഥാനവും നൽകാത്ത ആനുകൂല്യങ്ങളാണ് സർക്കാർ നെൽക്കർഷകർക്ക് നൽകുന്നത്. കൃഷി അഭിവൃദ്ധിപ്പെടുത്താനാകും വിധം കമ്മ്യൂണി​റ്റി ഇറിഗേഷനിലൂടെ ജലസേചനം വിപുലമാക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങൾ പ്രവൃത്തിപഥത്തിലെത്തിച്ച് ജനങ്ങളോട് പ്രതിബദ്ധത തെളിയിച്ച സർക്കാരാണിതെന്ന് മന്ത്റി എ.കെ. ശശീന്ദ്രൻ പറഞ്ഞു. 1000 ദിനം കൊണ്ട് വലിയ മാ​റ്റമാണിവിടെയുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഇൻഫർമേഷൻ പബ്ലിക്ക് റിലേഷൻസ് വകുപ്പ് പ്രസിദ്ധീകരിച്ച നാലു പുസ്‌തകങ്ങളുടെ പ്രകാശനവും നടന്നു. വിവിധ വകുപ്പുകളുടെ നയം പ്രതിപാദിക്കുന്ന 'നവകേരളത്തിന്റെ നയരേഖകൾ ' മന്ത്റി കെ. കൃഷ്ണൻകുട്ടിയും 'പ്രളയം 2018 ഒരു ഓർമ്മപ്പുസ്‌തകം' ഗതാഗതമന്ത്റി എ.കെ. ശശീന്ദ്രനും ക്ഷേത്രപ്രവേശന വിളംബരത്തിന്റെ അറുപതാം വാർഷികത്തിൽ പ്രസിദ്ധീകരിച്ച 'തമസോമാ ജ്യോതിർഗമയ' എന്ന പുസ്‌തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ മന്ത്റി രാമചന്ദ്രൻ കടന്നപ്പള്ളിയും മുഖ്യമന്ത്റിയിൽ നിന്ന് ഏ​റ്റുവാങ്ങി. സർക്കാരിന്റെ വികസനം, ക്ഷേമം, കേരള പുനർ നിർമാണം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി പൊതു ജനങ്ങൾക്കായി സംഘടിപ്പിച്ച മിഴിവ് വീഡിയോ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ മുഖ്യമന്ത്റി വിതരണം ചെയ്‌തു. ഒന്നാം സമ്മാനമായ ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്‌തി പത്രവും രശ്‌മി രാധാകൃഷ്ണനും രണ്ടാം സമ്മാനം 50,000 രൂപയും ഫലകവും പ്രശസ്തി പത്രവും മാന്റോ കോണിക്കരയും മൂന്നാം സമ്മാനമായ 25,000 രൂപയും ഫലകവും പ്രശസ്തി പത്രവും ജോയൽ കൂവള്ളൂരും മുഖ്യമന്ത്റിയിൽ നിന്ന് ഏ​റ്റുവാങ്ങി. എം.എൽ.എമാരായ ബി. സത്യൻ, കെ. ആൻസലൻ, ഡി.കെ. മുരളി, സി.കെ. ഹരീന്ദ്രൻ, ആസൂത്രണ ബോർഡ് അംഗം ഡോ.കെ.എൻ. ഹരിലാൽ, സബ് കളക്ടർ ഇമ്പശേഖർ തുടങ്ങിയവർ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങുകൾക്ക് മുന്നോടിയായി ഗായിക പുഷ്‌പവതിയുടെ നേതൃത്വത്തിൽ ദ്റാവിഡ ബാൻഡ് സംഗീത പരിപാടിയും വിപ്ലവഗായിക പി.കെ. മേദിനിയുടെ ഗാനങ്ങളും അരങ്ങേറി. ഉദ്ഘാടനചടങ്ങിനുഷേശം ആയിരം യൗവനങ്ങളുടെ സർഗോത്സവമായി 'സമഭാവന' പരിപാടി നടന്നു. ആയിരം കലാപ്രതിഭകൾക്ക് സർക്കാർ ഫെലോഷിപ്പ് നൽകിയതിന്റെ ഭാഗമായി സംസ്ഥാനതലത്തിൽ അരങ്ങേറുന്ന പരിപാടിയാണിത്. എഴുത്തച്ഛൻ മുതൽ ഒ.എൻ.വി വരെയുള്ളവരുടെ രചനകൾ കോർത്തിണക്കി 300 കലാകാരൻമാർ ഒരുക്കിയ മെഗാഷോയായ സമഭാവന വേറിട്ട ദൃശ്യാനുഭവമായി. ഭാരത് ഭവനായിരുന്നു പരിപാടിയുടെ സർഗാത്മക സംഘാടനം.