ബംഗളുരു : ബംഗളുരു : ഇന്ത്യയ്ക്കെതിരായ രണ്ടാം ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിലും വിജയിച്ച ആസ്ട്രേലിയ പരമ്പര 2-0ത്തിന് സ്വന്തമാക്കി.
ഇന്നലെ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഒാവറിൽ 190/4 എന്ന സ്കോർ ഉയർത്തിയപ്പോൾ മറുപടിക്കിറങ്ങിയ ആസ്ട്രേലിയ രണ്ടുപന്തുകളും ഏഴ് വിക്കറ്റുകളും ബാക്കിനിൽക്കേ വിജയം കണ്ടു. തകർപ്പൻ സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന ഗ്ളെൻ മാക്സ്വെല്ലാണ് (55 പന്തിൽ 113 നോട്ടൗട്ട്) കംഗാരുക്കളെ വിജയതീരത്തേക്കടുപ്പിച്ചത്. 7 ഫോറുകളും 9 സിക്സുകളുമാണ് മാക്സ്വെൽ അടിച്ചുപറത്തിയത്. 40 റൺസുമായി ഷോർട്ടും 20 റൺസുമായി ഹാൻഡ്സ്കോംബും മാക്സവെല്ലിന് പിന്തുണ പകർന്നു.
ഐ.പി.എല്ലിലെ തന്റെ ഹോംഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്ത്യൻ ക്യാപ്ടൻ വിരാട് കൊഹ്ലി (72 നോട്ടൗട്ട്) നടത്തിയ വെടിക്കെട്ടാണ് ഇന്നലെ ഇന്ത്യയെ മാന്യമായ സ്കോറിലെത്തിച്ചത്. ആദ്യ മത്സരത്തിലെ അർദ്ധ സെഞ്ച്വറിയുടെ തുടർച്ചയെന്നോണം ബാറ്റു വീശിയ കെ.എൽ. രാഹുലും (47) കഴിഞ്ഞ ദിവസത്തെ 'തുഴച്ചിലിൽ' നിന്ന് കരകയറിയ ധോണിയും (23 പന്തുകളിൽ 40) ചേർന്നാണ് ഇന്ത്യയെ 190/4 ലെത്തിച്ചത്.
വൈസ് ക്യാപ്ടൻ രോഹിത് ശർമ്മയ്ക്ക് വിശ്രമം നൽകി ഇന്ത്യ ഇന്നലെ ഓപ്പണറായി ശിഖർ ധവാനെ ഇറക്കി. മായാങ്ക് മാർഖന്ധൈയ്ക്ക് പകരം വിജയ് ശങ്കറും ഉമേഷ് യാദവിന് പകരം സിദ്ധാർത്ഥ് കൗളും കളിക്കാനിറങ്ങിയിരുന്നു.
ടോസ് നേടിയ ആസ്ട്രേലിയ ബാറ്റിംഗിന് ക്ഷണിച്ചപ്പോൾ ധവാനും രാഹുലും ചേർന്നാണ് ഓപ്പണിംഗിനെത്തിയത്. എന്നാൽ ധവാന് കിട്ടിയ അവസരം പ്രയോജനപ്പെടുത്താനായില്ല. 24 പന്തുകൾ നേരിട്ടെങ്കിലും 14 റൺസ് മാത്രം നേടാനായ ധവാൻ പത്താം ഓവറിലാണ് പുറത്തായത്. എന്നാൽ അതിനിടയിൽ അടിച്ചു കസറിയ രാഹുൽ ടീം സ്കോർ 61ൽ എത്തിയപ്പോൾ കൂടാരം കയറിയിരുന്നു. എട്ടാം ഓവറിന്റെ ആദ്യ പന്തിൽ കൗട്ടർനിലെയുടെ പന്തിൽ റിച്ചാർഡ്സണിന് ക്യാച്ച് നൽകിയാണ് രാഹുൽ മടങ്ങിയത്. 26 പന്തുകൾ നേരിട്ട രാഹുൽ മൂന്നു ഫോറും ആറ് സിക്സും പറത്തിയിരുന്നു.
തുടർന്നിറങ്ങിയ കൊഹ്ലി കാലുറപ്പിക്കവേ ധവാൻ മടങ്ങി. ബ്രെൻഡോർഫിന്റെ പന്തിൽ സ്റ്റോയ്നിസിനായിരുന്നു ക്യാച്ച്. ഋഷഭ് പന്ത് (1) 11-ാം ഓവറിൽ ഷോർട്ടിന് കീഴടങ്ങിയതോടെ ഇന്ത്യ 74/3 എന്ന നിലയിൽ കഴിഞ്ഞ കളിയിലേതുപോലെ ഒരു തകർച്ച മുന്നിൽക്കണ്ടു. അവിടെ നിന്നാണ് നായകൻ കൊഹ്ലിയും മുൻ നായകൻ ധോണിയും ചേർന്ന് മികച്ച സ്കോറിലേക്ക് കൂട്ടിയത്. 50 പന്തുകൾ ക്രീസിലുണ്ടായിരുന്ന ധോണി - കൊഹ്ലി സഖ്യം അടിച്ചുകൂട്ടിയത് 100 റൺസാണ്. നേരിട്ട 29-ാമത്തെ പന്തിൽ അർദ്ധ സെഞ്ച്വറി തികച്ച കൊഹ്ലി രണ്ട് ഫോറും ആറ് സിക്സുമടക്കമാണ് 72 റൺസിലെത്തിയത്. ആദ്യ ട്വന്റി - 20 യിൽ 37 പന്തുകളിൽ നിന്ന് 29 റൺസ് മാത്രം നേടിയതിന് ഏറെ വിമർശനം കേട്ട ധോണി ഇന്നലെ തുടക്കത്തിലേ സിക്സർ പറത്തി ഫോം വീണ്ടെടുക്കാൻ ശ്രമിച്ചു. 23 പന്തുകളിൽ മൂന്നുവീതം ഫോറും സിക്സും പറത്തിയ ധോണി അവസാന ഓവറിൽ കമ്മിൻസിനെ അടിച്ചുയർത്തി ക്യാച്ച് നൽകി മടങ്ങി. തുടർന്നിറങ്ങിയ കാർത്തിക് (8) മൂന്നു പന്തുകളിൽ രണ്ട് ബൗണ്ടറികൾ പറത്തി.
മറുപടിക്കിറങ്ങിയ ഓസിസിന് മൂന്നാം ഓവറിൽത്തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. ഏഴ് റൺസെടുത്ത സ്റ്റോയ്സിനെ സിദ്ധാർത്ഥ് കൗൾ ക്ളീൻ ബൗൾഡാക്കുകയായിരുന്നു.