she

തി​രു​വ​ന​ന്ത​പു​രം​:​ ​സ്കൂൾ വിദ്യാർത്ഥിനിയെ വനത്തിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിയുന്ന വിതുര തൊ​ളി​ക്കോ​ട് ​ജു​മാ​ ​മ​സ്ജി​ദി​ലെ​ ​മുൻ ഇ​മാം ഷെ​ഫീ​ഖ് ​അ​ൽ​ഖാ​സി​മി​ ​(46​) യു ട്യൂബിലൂടെ രംഗത്തെത്തിയത് പൊലീസിനെ വെട്ടിലാക്കി. താൻ നിരപരാധിയാണെന്ന് അവകാശപ്പെട്ടാണ് ഇയാൾ യു ട്യൂബിലൂടെ ശബ്ദസന്ദേശം പുറത്തുവിട്ടത്. ഇരയുടെ പേര് വെളിപ്പെടുത്തിക്കൊണ്ടുള്ള ഗുരുതര കുറ്റവും ഇയാൾ നടത്തി. എന്നാൽ, ഇയാൾ എവിടെയാണെന്നുപോലും അറിയാതെ പൊലീസ് ഇരുട്ടിൽ തപ്പുകയാണ്. കേരളത്തിനകത്തും പുറത്തും അന്വേഷണം നടത്തുന്നുണ്ടെന്ന് പൊലീസ് അവകാശപ്പെടുമ്പോഴാണ് ഇയാൾ യു ട്യൂബിൽ പ്രത്യക്ഷപ്പെട്ടത്.

ശബ്ദസന്ദേശം അന്വേഷണ ഉദ്യോഗസ്ഥരുടെ ചെവിയിൽ എത്തിയതോടെ ഇരയുടെ പേര് വെളിപ്പെടുത്തിയതിനും ഇയാൾക്കെതിരെ കേസെടുത്തു. പീഡിപ്പിച്ചെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നുമാണ് പെൺകുട്ടിയുടെ പേരുൾപ്പെടെ വെളിപ്പെടുത്തിക്കൊണ്ടുള്ള ഇമാമിന്റെ ശബ്ദസന്ദേശം.

പീഡനത്തിനും ഒളിവിൽ പോകാനും ഉപയോഗിച്ച ഇയാളുടെ കാർ നേരത്തെ എറണാകുളത്തെ ഒളിസങ്കേതത്തിൽ നിന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയ കാർ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. ഇമാമിനെ ഒളിവിൽ പോകാൻ സഹായിച്ചെന്ന് ആരോപിച്ച് ഇയാളുടെ സഹോദരങ്ങളെ പിടികൂടുകയും ബംഗളൂരുവിലുൾപ്പെടെ തെരച്ചിൽ നടത്തുകയും ചെയ്തെങ്കിലും പ്രയോജനമുണ്ടായില്ല.

ഇമാം ഏറെ അടുപ്പമുള്ള ഒരു സംഘടനയുടെ സംരക്ഷണയിലാണെന്നാണ് സൂചന. സംഘടനയുടെ ചില ഭാരവാഹികളാണ് ഒളിവിൽ കഴിയാൻ ആവശ്യമായ സാമ്പത്തിക സഹായവും സൗകര്യങ്ങളും നൽകുന്നതെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നിട്ടും പിടികൂടാൻ കഴിയാത്തത് വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.

പെൺകുട്ടിയുമായി എത്തിയ കാർ വനത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ തടഞ്ഞുവച്ചതിന്റെ ദൃശ്യങ്ങളുൾപ്പെടെ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് നേരത്തെ സംഭവം പുറത്തറിയുന്നത്. തൊളിക്കോട് ജമാ അത്ത് കമ്മിറ്റി ഇമാമിനെ പുറത്താക്കിയതോടെയാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തത്. പെൺകുട്ടിയുടെ മാതാവോ ബന്ധുക്കളോ പരാതി നൽകാൻ കൂട്ടാക്കാതിരുന്ന സാഹചര്യത്തിൽ ജമാ അത്ത് പ്രസിഡന്റിന്റെ മൊഴി രേഖപ്പെടുത്തി ഇയാൾക്കെതിരെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. അതോടെയാണ് ഇയാൾ ഒളിവിൽ പോയത്.

പിടികൂടാൻ പ്രത്യേക സംഘം

ഇമാമിനെ പിടികൂടാത്തതിന് പൊലീസിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചതിന് പിന്നാലെ ഇമാമിനെതിരായ കേസ് അന്വേഷിക്കാൻ ഡി.ജി.പി പ്രത്യേക സംഘത്തെ നിയോഗിച്ചു. റേഞ്ച് ഐ.ജിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ 14 അംഗ സംഘമാകും അന്വേഷിക്കുക. നെടുമങ്ങാട് ഡിവൈ.എസ്.പിയുടെ ചുമതലവഹിക്കുന്ന ജില്ലാ ക്രൈംബ്രാ‌ഞ്ച് ഡിവൈ.എസ്.പി ഡി. അശോകൻ, പാലോട് സി.ഐ മനോജ് കുമാർ, വിതുര എസ്.ഐ നിജാം എന്നിവരാണ് സംഘത്തിലുള്ളത്. പെൺകുട്ടിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് മാതാവ് സമർപ്പിച്ച ഹർജിയിൽ എല്ലാദിവസവും കുട്ടിയെ മാതാവിനും സഹോദരിക്കും മുത്തച്ഛനും മുത്തശിക്കും നിശ്ചിതസമയം സന്ദർശനാനുമതി നൽകിയ കോടതി പഠനം ഉറപ്പാക്കാൻ ശിശുക്ഷേമസമിതിക്കും നിർദേശം നൽകി. കേസ് മാർച്ച് 6ന് കോടതി വീണ്ടും പരിഗണിക്കും.