കാസർകോട്: പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത്ത് ലാൽ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം തെളിവുകളുടെ ശേഖരണത്തിൽ ഒതുങ്ങുമെന്ന് ആക്ഷേപം. ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ കൊലപാതക കേസിൽ ഉന്നതരിലേക്ക് അന്വേഷണം നീളില്ലെന്നാണ് സൂചന. ക്രൈംബ്രാഞ്ച് സംഘത്തിന് മേൽ ശക്തമായ രാഷ്ട്രീയ സമ്മർദ്ദമാണ് ഉള്ളതെന്ന ആരോപണം ഉയർന്നുകഴിഞ്ഞു.
കേസിൽ തുടരന്വേഷണം മാത്രമാണ് നടത്തുന്നത് എന്ന് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് എസ്.പി മുഹമ്മദ് റഫീഖിന്റെ വെളിപ്പെടുത്തൽ ഇതിന്റെ ഭാഗമാണെന്നാണ് കരുതുന്നത്. ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത പീതാംബരൻ അടക്കമുള്ള ഏഴ് പ്രതികൾക്ക് പരമാവധി ശിക്ഷ വാങ്ങിച്ചു കൊടുക്കുന്നതിന് ആവശ്യമായ തെളിവുകൾ ശേഖരിക്കുക മാത്രമായിരിക്കുമെന്നാണ് പറയുന്നത്. ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ അറസ്റ്റും മറ്റും വേണ്ടിവരികയാണെങ്കിൽ അത് ലോകസഭാ തെരഞ്ഞെടുപ്പിന് ശേഷം മാത്രം നടത്തിയാൽ മതിയെന്നാണ് അനൗദ്യോഗിക ധാരണയെന്നറിയുന്നു.
കേസ് ഡയറിയിലെ തെളിവുകളുടെ അഭാവം പ്രശ്‌നമാകുമെന്ന് കണ്ടാണ് ക്രൈംബ്രാഞ്ച് ഇവ ശേഖരിക്കുന്നത്. അതിന്റെ ഭാഗമായാണ് ഇന്നലെ മൂന്ന് വാഹനങ്ങൾ കണ്ടെടുത്തത്. പ്രതികൾ സഞ്ചരിച്ചതെന്ന് കരുതുന്ന രണ്ട് കാറുകൾ, ഒരു ജീപ്പ് എന്നിവയാണ് കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്തിന് സമീപം ഒളിപ്പിച്ചു വെച്ച നിലയിൽ കണ്ടെത്തിയത്.
പെരിയ ഏച്ചിലടുക്കത്തെ ക്വാറി ഉടമ ശാസ്താ ഗംഗാധരന്റെ വീടിനു സമീപമാണ് ഒളിപ്പിച്ച നിലയിൽ ഒരു സ്വിഫ്റ്റ് ഡിസയർ കാറും ഒരു ഇന്നോവ കാറും കണ്ടെത്തിയത്. സ്വിഫ്റ്റ് ഡിസയർ വാഹനം കേസിൽ നേരത്തെ അറസ്റ്റിലായ ശാസ്താ ഗംഗാധരന്റെ മകൻ ഗിജിന്റേതാണെന്ന് സ്ഥിരീകരിച്ചു. ഇന്നോവ വാഹനം ഗംഗാധരന്റെ സഹോദരിയുടെ മകൻ അരുൺകുമാറിന്റേതാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഒരു മൊബൈൽ ഫോണും വാഹനത്തിൽ നിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസിൽ യുവാക്കളെ വെട്ടിക്കൊല്ലാൻ പോയ സംഘം സഞ്ചരിച്ച വാഹനങ്ങൾ കൃത്യം നടത്തിയതിന് ശേഷം ഒളിപ്പിച്ചു വെച്ചതാണെന്ന് പറയുന്നു.