ചിറയിൻകീഴ്: ഇന്ധനവില വർദ്ധന അവശ്യസാധനങ്ങളുടെ വിലയെ ബാധിക്കാറാണ് പതിവെങ്കിലും സപ്ലൈകോ ഇടപെടലിലൂടെ സബ്‌സിഡി ഉത്പന്നങ്ങളുടെ വില പിടിച്ച് നിറുത്താൻ സർക്കാരിന് കഴിഞ്ഞതായി മന്ത്രി പി. തിലോത്തമൻ. ശാർക്കര റോഡിൽ ആരംഭിച്ച സപ്ലൈകോ സൂപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദേഹം.
ഡീസൽ വില പെട്രോളിനെ മറികടക്കുമെന്ന സ്ഥിതി വന്നപ്പോൾ എല്ലാ സാധനങ്ങൾക്കും വിലവർദ്ധിച്ചു. അന്യ സംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുന്ന അരി ഉൾപ്പെടെയുള്ള സാധങ്ങളുടെ മേൽ കടത്ത് കൂലി വർദ്ധിച്ചെങ്കിലും സർക്കാർ ഇടപെട്ട് വില പിടിച്ച് നിറുത്തി. സാധാരണ ജനങ്ങൾക്ക് ഇഷ്ടമുളള സാധനങ്ങൾ തിരഞ്ഞെടുക്കാൻ സാദ്ധ്യമാക്കുംവിധമാണ് സപ്ലൈകോ സൂപ്പർ മാർക്കറ്റുകൾ നാട്ടിൻപുറത്ത് ആരംഭിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഡെപ്യൂട്ടി സ്പീക്കർ വി. ശശി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ്, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഡീന, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. മണികണ്ഠൻ, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം മനോജ് ബി. ഇടമന, സി.പി.ഐ മണ്ഡലം സെക്രട്ടറി ഡി. ടൈറ്റസ്, സപ്ലൈകോ മേഖല മാനേജർ രമാദേവി എന്നിവർ പങ്കെടുത്തു.