തിരുവനന്തപുരം: മരുന്നിനും മെഡിക്കൽ ഉപകരണങ്ങൾക്കും അമിതവില ഈടാക്കുന്നത് കർശനമായി തടയാൻ ഈ മാസം അവസാനത്തോടെ തിരുവനന്തപുരത്ത് മരുന്നുവില നിരീക്ഷണ യൂണിറ്റ‌് (പ്രൈസ് മോണിട്ടറിംഗ് ആൻഡ് റിസർച്ച് യൂണിറ്റ് - പി.എം.ആർ.യു) സജ്ജമാകും. രാജ്യത്തെ ആദ്യ മോണിട്ടറിംഗ് യൂണിറ്റാണിത്. ഇതിന്റെ ഭരണപരമായ നടത്തിപ്പിന് സംസ്ഥാന സർക്കാർ സൊസൈറ്റി രജിസ‌്റ്റർ ചെയ‌്തു. സംസ്ഥാന ഡ്രഗ്‌സ‌് കൺട്രോൾ, ജില്ലാ ഡ്രഗ‌്സ‌് കൺട്രോൾ വിഭാഗങ്ങളുമായി ചേർന്നാണ് പി.എം.ആർ.യുവിന്റെ പ്രവർത്തനം.
മരുന്നുകൾക്കും മെഡിക്കൽ ഉപകരണങ്ങൾക്കും പലപ്പോഴും അംഗീകാരമില്ലാത്ത മരുന്നുകമ്പനികൾ തോന്നിയ വില ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് അഞ്ച് വർഷംമുമ്പാണ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും മരുന്നുവില നിരീക്ഷിക്കുന്നതിനായി പ്രത്യേക സംവിധാനം വേണമെന്ന് ദേശീയ ഫാർമസ്യൂട്ടിക്കൽ വിലനിർണയ അതോറിട്ടി നിർദ്ദേശിച്ചത്. എന്നാൽ കേന്ദ്രത്തിൽനിന്ന‌് തുച്ഛമായ തുകയാണ‌് ലഭിക്കുന്നതെന്നതിനാൽ സംസ്ഥാനങ്ങൾ നിർദ്ദേശം അവഗണിക്കുകയായിരുന്നു. സംസ്ഥാന ഫണ്ടും യൂണിറ്റിന്റെ പ്രവർത്തനത്തിന‌് വിനിയോഗിക്കാനാണ‌് കേരളം സൊസൈറ്റി രൂപീകരിച്ചത‌്.
ഭരണസമിതി ഇപ്രകാരം
ഒൻപത‌് അംഗ സൊസൈറ്റി ഭരണസമിതിയിൽ ആരോഗ്യ സെക്രട്ടറി ചെയർമാനും ഡ്രഗ്‌സ‌് കൺട്രോളർ മെമ്പർ സെക്രട്ടറിയുമാകും. സംസ്ഥാന സർക്കാർ പ്രതിനിധി, പ്രൈവറ്റ‌് ഫാർമസ്യൂട്ടിക്കൽ കമ്പനി പ്രതിനിധി, ഉപഭോക്താവിന്റെ പ്രതിനിധി, ഫാർമസി കോളേജ‌് പ്രതിനിധി, മെഡിക്കൽ സർവീസസ‌് കോർപറേഷൻ എം.ഡി എന്നിവർ ഭരണസമിതി അംഗങ്ങളാണ‌്. പ്രോജക്ട‌് കോ ഓർഡിനേറ്റർ, 2 ഫീൽഡ‌് സ‌്റ്റാഫ‌്, 2 ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നിവരെ നിയമിക്കും. സൊസൈറ്റിക്ക‌് ബാങ്ക‌് അക്കൗണ്ട‌് ലഭിക്കുന്നതോടെ ആദ്യ ഗഡു ഫണ്ട് ലഭ്യമാകും.
പി.എം.ആർ.യു പ്രവർത്തനം
വില തോന്നിയ പടി
അവശ്യമരുന്ന‌് വില നിയന്ത്രണ പട്ടികയിൽ (ഡ്രഗ്സ് പ്രൈസ് കൺട്രോൾ ഓർഡേഴ്സ് - ഡി.പി.സി.ഒ) 1000 മരുന്നുകളുണ്ട‌്. വില നിയന്ത്രണ പട്ടികയിലില്ലാത്ത മരുന്നുകൾക്കും ശസ‌്ത്രക്രിയ ഉപകരണങ്ങൾക്കും വില വർദ്ധന അത്യാവശ്യമാകുന്ന സാഹചര്യങ്ങളിൽ വർഷത്തിൽ 10 ശതമാനം മാത്രമേ പരമാവധി വില വർദ്ധിപ്പിക്കാവൂ. എന്നാൽ പല കമ്പനികളും ഇതും ലംഘിക്കാറുണ്ട‌്. നിരന്തരമായ നിരീക്ഷണത്തിലൂടെയും പരിശോധനകളിലൂടെയും അമിത വില ഈടാക്കുന്നവരെ കണ്ടെത്താനാകും.