മലയിൻകീഴ്: മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി എസ്. രാധാകൃഷ്ണൻനായർ (മഞ്ചാടി വാർഡ്) ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. എൽ.ഡി.എഫിലെ അരുവിപ്പാറ വാർഡ് അംഗം ശ്രീകല (സി.പി.എം) യുടെ വോട്ട് അസാധുവായതാണ് കോൺഗ്രസിന് അട്ടിമറി വിജയം സമ്മാനിച്ചത്. വോട്ട് അസാധുവാക്കിയതാണെന്നാണ് ആക്ഷേപം.
പഞ്ചായത്തിൽ കോൺഗ്രസ് 8, സി.പി.എം 8, ബി.ജെ.പി 2, എൽ.ജെ.ഡി 2 എന്നിങ്ങനെയാണ് കക്ഷിനില. എൽ.ജെ.ഡി.യിലെ വനിതാ അംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സരോജിനിഅമ്മ കോൺഗ്രസിനൊപ്പമാണ്. അരുവിപ്പാറ വാർഡ് അംഗം ബാലറ്റിൽ പേരെഴുതിയെങ്കിലും ഒപ്പിടാത്തതിനാൽ വോട്ടു അസാധുവായി. ബി.ജെ.പിയുടെ രണ്ടു അംഗങ്ങളിൽ ഒരാൾ വിട്ടുനിന്നു. പങ്കെടുത്ത ബ്ലോക്ക് ഓഫീസ് വാർഡ് അംഗം അജികുമാർ ബാലറ്റ് പേപ്പർ വാങ്ങി തിരികെ നൽകുകയായിരുന്നു. പങ്കെടുത്തതിനാൽ വോട്ട് അസാധു ഗണത്തിലാണ്. ഇതോടെ 20 അംഗങ്ങളുള്ള ഗ്രാമ പഞ്ചായത്തിൽ യു.ഡി.എഫിന് 9 വോട്ടും, എൽ.ഡി.എഫിന് 8 വോട്ടും ലഭിച്ചു. പ്രസിഡന്റ് എസ്. ചന്ദ്രൻനായർക്കെതിരെ ഫെബ്രുവരി 4 ന് കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ബി.ജെ.പിയുടെ പിന്തുണയോടെ പാസായിരുന്നു. ഇടതു പിന്തുണയോടെ ഭരിച്ചിരുന്ന ലോക് താന്ത്രിക് ജനതാദൾ പാർട്ടിയുടെ പഞ്ചായത്ത് പ്രസിഡന്റിനെതിരായ അവിശ്വാസത്തിൽ വൈസ് പ്രസിഡന്റ് സരോജിനി അമ്മയും കോൺഗ്രസിനോട് ചേരുകയായിരുന്നു. സംസ്ഥാനത്ത് ലോക് താന്ത്രിക് പാർട്ടിയുടെ ഏക പഞ്ചായത്ത് പ്രസിഡന്റായിരുന്നു എസ്. ചന്ദ്രൻനായർ. ശബരിമല വിഷയത്തിൽ വിശ്വാസികൾക്കെതിരായ എൽ.ഡി.എഫ് സർക്കാരിന്റെ നടപടി ഉയർത്തിക്കാട്ടിയാണ് കോൺഗ്രസ് അവിശ്വാസ നോട്ടീസ് നൽകിയിരുന്നത്.