പാറശാല: ക്ഷേത്രനട ഗവ.എൽ.പി. സ്കൂളിലെ വിദ്യാലയ മതിലുകൾ വിദ്യാർത്ഥികൾ തന്നെ വർണാഭമാക്കിയത് വേറിട്ട കാഴ്ചയായി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സമഗ്ര ശിക്ഷ കേരള പാറശാല ബ്ലോക്ക്റിസോഴ്സ് സെന്ററാണ് ചിത്രരചനാ കൂട്ടായ്മ സംഘടിപ്പിച്ചത്. ' നവകേരള നിർമ്മിതിക്ക് ഞങ്ങളും ' എന്ന സന്ദേശമുയർത്തി സംഘടിപ്പിച്ച ദ്വിദിന ശില്പശാലയിൽ പാറശാല ഉപജില്ലയിലെ 7മുതൽ 9 വരെയുള്ള ക്ലാസുകളിലെ തെരഞ്ഞെടുക്കപ്പെട്ട 20 കുട്ടികളാണ് പങ്കെടുത്തു. വിവിധ ആശയങ്ങൾ നിശ്ചയിച്ച് ചാർട്ട് കടലാസിൽ വരച്ച് നിറം നൽകി. തുടർന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിനോട് ചേർന്ന് പ്രവർത്തിക്കുന്ന സ്‌കുൾ മതിൽ വരയിടമായി നിശ്ചയിച്ചതിനെ തുടർന്ന് പെയിൻറടിച്ച് വൃത്തിയാക്കി. പരിസ്ഥിതി സംരക്ഷണം, അയിത്തോച്ചാടനം, പഞ്ചമിയുടെ സ്കൂൾ പ്രവേശനം എന്നിവയെല്ലാം ചിത്രരചനയിൽ വിഷയങ്ങളായി. ഓയിൽ കളറും ക്രയോൺസുമാണ് ചിത്രരചനക്കായി ഉപയോഗിച്ചത്. ബി.പി ഒ എസ് കൃഷ്ണകുമാർ ചിത്ര രചന ഉദ്ഘാടനം ചെയ്തു. പരിശീലകരായ എസ്. അജികുമാർ, ആർ.എസ്. ബൈജുകുമാർ, എ.എസ്. മൻസൂർ എന്നിവർ സംസാരിച്ചു. ചിത്രകലാ അദ്ധ്യാപകരായ എൽ.ബി. രതീഷ്കുമാർ, സി.ജെ. ബിബിൻ എന്നിവർ ചിത്ര രചനക്ക് നേതൃത്വം നൽകി.
ഫോട്ടോ: പാറശാല ക്ഷേത്രനട ഗവ.എൽ.പി.എ.സിന്റെ മതിലുകളിൽ വിദ്യാർത്ഥികൾ ചിത്രം വരച്ചപ്പോൾ