പാറശാല: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സമഗ്ര ശിക്ഷ കേരള പാറശാല ബി.ആർ.സി യിൽ ' ശാസ്ത്രകൗതുകം ' ശാസ്ത്ര പരീക്ഷണം സംഘടിപ്പിച്ചു. ഓരോ വിദ്യാലയവും ഓരോ വിദ്യാർത്ഥിയും ഓരോ ക്ലാസും മികവിലേക്ക് എന്ന ലക്ഷ്യത്തോടെയാണ് ശില്പശാല രൂപകല്പന നടത്തിയത്. ശാസ്ത്ര പഠനത്തെ പ്രക്രിയാ ബന്ധിത ശേഷികളിലൂടെ വിനിമയം നടത്തി പഠന നേട്ടങ്ങളുറപ്പിക്കാൻ അദ്ധ്യാപകർക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നതിനാണ് ശില്പശാല ലക്ഷ്യമിട്ടത്. ജൂൺ ഒന്ന് വരെതുടരുന്ന പഠനോത്സവക്കാലത്ത് സ്കൂൾതല ശാസ്ത്ര ശില്ലശാലകൾ സംഘടിപ്പിക്കും. പാറശാല സമഗ്രശിക്ഷ ബ്ലോക്ക് റിസോഴ്സ് സെന്ററിൽ സംഘടിപ്പിച്ച പരിശീലനത്തിൽ ഉപജില്ലയിലെ പ്രൈമറി അദ്ധ്യാപകർ പങ്കെടുത്തു. പ്രോഗ്രാം ആഫീസർ എസ്. കൃഷ്ണകുമാർ ശില്പശാല ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സെലിൻ ജോസഫ് സംസാരിച്ചു. അദ്ധ്യാപക പരിശീലകരായ എ.എസ്. മൻസൂർ, ആർ.എസ്. ബൈജുകുമാർ, അജികുമാർ, വി.ജി. ജീത, റിസോഴ്സ്പേഴ്സൻ ഷൈനി എന്നിവർ ശില്പശാലക്ക് നേതൃത്വം നൽകി.