തിരുവനന്തപുരം: സ്‌കൂൾ വിദ്യാർത്ഥിനിയെ വനത്തിലെത്തിച്ച് പീഡനത്തിനിരയാക്കിയെന്ന കേസിൽ ഒളിവിൽ കഴിയുന്ന തൊളിക്കോട് ജുമാ മസ്ജിദിലെ ഇമാം ഷെഫീഖ് അൽഖാസിമി (46) യൂ ട്യൂബ് സന്ദേശത്തിലൂടെ ഇരയുടെ പേര് വെളിപ്പെടുത്തി കുറ്റം നിഷേധിച്ചു. ഇതിനെതിരെ സൈബർ നിയമം 228 എ പ്രകാരം പൊലീസ് കേസെടുത്തു. ഇമാമിനെ പിടികൂടാൻ കേരളത്തിനകത്തും പുറത്തും ശക്തമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് ആവർത്തിക്കുന്നതിനിടെയാണ് ശബ്ദ സന്ദേശവുമായി ഇമാം രംഗത്തെത്തിയത്.
സന്ദേശം ഇങ്ങനെ
'ബാത്ത് റൂമിന് ടൈൽസ് വാങ്ങാനാണ് സംഭവദിവസം വിതുരയിലേക്ക് പോയത്. സംഭവദിവസം ഉച്ചയ്ക്ക് 12.30 ഓടെ വിതുര ടൗണിൽ വച്ചാണ് സ്‌കൂൾ വിട്ടുവന്ന കുട്ടിയെ (പേരും വിലാസവും ഉൾപ്പെടെ വെളിപ്പെടുത്തുന്നു) കണ്ടത്. കാലൻകാവിൽ ഒരാളെ കണ്ടിട്ടേ പോകൂവെന്നും വരുന്നെങ്കിൽ കാറിൽ കയറിക്കൊള്ളാനും കുട്ടിയോട് പറഞ്ഞു. കുഴപ്പമില്ലെന്ന് പറഞ്ഞ് കുട്ടി കയറി. കാറിനുള്ളിൽ വച്ച് കുട്ടിയുടെ മാതാവിനെ ഫോണിൽ വിളിച്ച് നൽകി. തന്റെ ഒപ്പം വരുന്നതായി കുട്ടി മാതാവിനോട് പറഞ്ഞു. അതിനുശേഷം തന്റെ ഫോണിൽ വിളിച്ച ഭാര്യയോടും കുട്ടി തന്റെ ഒപ്പമുള്ളതായി അറിയിച്ചു. കാലൻകാവിൽ ഇറങ്ങിയെങ്കിലും മദ്രസ നടക്കുന്നതിനാൽ കാണാൻ ഉദ്ദേശിച്ചയാളെ കാണാതെ മടങ്ങി. പൊൻപാറവഴി തോട്ടുമുക്കിലേക്കുള്ള എളുപ്പവഴിയിലായിരുന്നു പിന്നീട് യാത്ര. ഒരു കിലോമീറ്റർ പിന്നിട്ടപ്പോൾ തൊഴിലുറപ്പ് തൊഴിലാളികൾ റോഡിൽ വഴിമുടക്കി നിന്നു. കാർ നിറുത്തി അല്പം ഒതുങ്ങിനിന്നുകൂടെയെന്ന് ചോദിച്ചു. ഇതിൽ കുപിതരായ ചിലർ താനുമായി വാക്കുതർക്കത്തിലേർപ്പെട്ടു. കാറിനുള്ളിൽ സ്‌കൂൾ യൂണിഫോം ധരിച്ച കുട്ടിയെ കണ്ട് അവർ ബഹളം കൂട്ടി. അവിടെനിന്ന് പോന്നശേഷം വൈകുന്നേരമാണ് ഇത്തരം കഥകൾ പ്രചരിച്ചത്. കുട്ടിയുടെ വീട്ടുകാരും തന്റെ കുടുംബവും നല്ല ബന്ധത്തിലാണ്. പീഡിപ്പിച്ചതായ ആരോപണം അടിസ്ഥാനരഹിതവുമാണ്- ' ഇമാമിന്റെ ഈ സന്ദേശം വിവാദമായതോടെ പിൻവലിച്ചു.
ഇമാം എറണാകുളത്ത് ഒളിവിൽ കഴിയുകയാണെന്നാണ് പൊലീസിന്റെ നിഗമനം. പീഡനത്തിനും ഒളിവിൽ പോകാനും ഉപയോഗിച്ച ഇയാളുടെ കാർ നേരത്തേ എറണാകുളത്തെ ഒളിസങ്കേതത്തിൽ കണ്ടെത്തിയിരുന്നു. ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയ കാർ പൊലീസ് കസ്റ്റഡിയിലാണ്. എസ്.ഡി.പി.ഐയാണ് ഒളിവിൽ കഴിയാൻ ഇമാമിന് സാമ്പത്തിക സഹായവും സൗകര്യങ്ങളും നൽകുന്നതെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം.