atl28fd

ആ​റ്റിങ്ങൽ: ഗവ. കോളേജിന്റെ ചു​റ്റുമതിൽ നിർമ്മാണം നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് അനിശ്ചിതത്വത്തിലായതോടെ ഇതിനായി റോഡിനോട് ചേർന്നെടുത്ത കുഴി അപകടഭീഷണിയായി മാറി. കോളേജ് ഗ്രൗണ്ടിന്റെ വടക്കുകിഴക്ക് ഭാഗത്തായി റോഡിനോട് ചേർന്ന് ആറടിയിലധികം വീതിയിലും ആഴത്തിലും എടുത്തിരിക്കുന്ന കുഴിയാണ് യാത്രക്കാർക്ക് ഭീഷണിയാകുന്നത്. ബി.എച്ച്.എസ്.എസിന് സമീപത്തുനിന്ന് കരിച്ചയിലേക്ക് പോകുന്ന വീതി കുറഞ്ഞ റോഡിന്റെ വശത്താണ് കോളേജിനായി കൂ​റ്റൻ മതിൽ കെട്ടിയുയർത്താൻ പദ്ധതിയിട്ടത്. പൊതുമരാമത്ത് വകുപ്പിനാണ് നിർമ്മാണച്ചുമതല. ഉയരത്തിൽ മതിൽ കെട്ടി ഗ്രൗണ്ട് വികസിപ്പിക്കുകയാണ് ലക്ഷ്യം. റോഡിനായി കുറച്ച് സ്ഥലം ഒഴിച്ചിട്ടിട്ട് മതിൽ നിർമ്മിക്കണമെന്ന് നാട്ടുകാർ ആവശ്യമുന്നയിച്ചെങ്കിലും അംഗീകരിക്കാൻ കോളേജ് അധികൃതർ തയ്യാറായില്ല. കുഴിയെടുത്തിട്ട് ഒരു മാസമായിട്ടും നിർമ്മാണപ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ റോഡിനോട് ചേർന്ന് വേലി നിർമ്മിച്ച് അപകടമുന്നറിയിപ്പ് സ്ഥാപിച്ചിട്ടുണ്ട്. ദേശീയപാതയിൽ ഗതാഗതക്കുരുക്കുള്ള സമയങ്ങളിൽ ധാരാളം വാഹനങ്ങൾ ഈ റോഡ് വഴി സി.എസ്.ഐ ജംഗ്ഷനിലേക്കും തിരിച്ചും പോകാറുണ്ട്. കച്ചേരി സൗഹൃദ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ കോളേജധികൃതരുമായി ചർച്ചനടത്തിയെങ്കിലും പരിഹാരമായില്ല. കോളേജധികൃതർ നിർദ്ദേശിച്ചാൽ റോഡിനോട് ചേർന്ന് സ്ഥലം ഒഴിച്ചിട്ട് നിർമ്മാണം നടത്താമെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ നിലപാട്. അല്ലെങ്കിൽ ഇപ്പോഴത്തെ നിലയിൽ നിർമ്മാണം നടത്തുമെന്നും അവർ അറിയിച്ചിട്ടുണ്ട്.

കോളേജ് വളപ്പിൽ വനിതാഹോസ്​റ്റൽ പ്രവർത്തിക്കുന്നതിനാൽ ഉറപ്പുളളതും ഉയരമുള്ളതുമായ ചു​റ്റുമതിൽ അത്യാവശ്യമാണ്. ഇക്കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നും കോളേജിനവകാശപ്പെട്ട സ്ഥലം വിട്ടുനല്കണമെങ്കിൽ ഉന്നതാധികൃതരുടെ രേഖാമൂലമുള്ള നിർദ്ദേശം വേണമെന്നും കോളേജധികൃതർ അറിയിച്ചിട്ടുണ്ട്.

രണ്ട് വളവുകൾ ഉള്ളതിനാൽ ഉയരത്തിൽ മതിൽ നിർമ്മിക്കുന്നത് എതിർദിശയിൽ വരുന്ന വാഹനങ്ങൾ കാണാൻ കഴിയാതെ അപകടങ്ങൾക്കിടയാക്കുമെന്ന് നാട്ടുകാർ പറയുന്നു. സ്ഥലം വിടാതെ ഉയരത്തിൽ മതിൽ നിർമ്മിക്കാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ തറപ്പിച്ചു പറയുകയാണ്.

ഇക്കാര്യത്തിൽ നിരവധിതവണ ചർച്ച നടന്നെങ്കിലും തീരുമാനമായില്ല. കോളേജധികൃതരുമായും ഉന്നത വിദ്യാഭ്യാസ വകുപ്പുമായും ചർച്ച നടത്തിയതായി ബി. സത്യൻ എം.എൽ.എ പറഞ്ഞു. കോളേജിന് സുരക്ഷയുറപ്പാക്കേണ്ടത് അത്യാവശ്യമാണ്. അതോടൊപ്പം നാട്ടുകാരുന്നയിക്കുന്ന വിഷയത്തിനും പരിഹാരമുണ്ടാകണം. ഇതിനായി ഉടൻ തന്നെ യോഗം വിളിച്ചുചേർത്ത് ചർച്ചചെയ്ത് തീരുമാനമുണ്ടാക്കുമെന്ന് എം.എൽ.എ അറിയിച്ചു.