ചിറയിൻകീഴ്: അബോധാവസ്ഥയിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചെന്ന് അറിഞ്ഞതോടെ യുവാവിനെ ആശുപത്രിയിലെത്തിച്ച മൂന്നംഗ സംഘം രക്ഷപ്പെട്ടു. സംഭവം കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കഴക്കൂട്ടം എഫ്.സി.ഐയ്‌ക്ക് സമീപം ബാബുവിന്റെ മകൻ വിഷ്‌ണു ( 22 ) ആണ് മരിച്ചത്. മൈസൂർ ഐ.ടി.ഐയിലെ ട്രെയിനിയായ ഇയാൾ കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. സുഹൃത്തിനെ കാണാൻ പെരുങ്ങുഴിയിൽ പോകുമെന്നാണ് വീട്ടിൽ അറിയിച്ചതെന്ന് പൊലീസ് പറഞ്ഞു. രക്ഷപ്പെട്ട പെരുങ്ങുഴി നാലുമുക്ക്, പാലയ്‌ക്കൽ സ്വദേശികളായ മൂന്നംഗ സംഘത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ഇന്നലെ വൈകിട്ട് മൂന്നോടെയാണ് സംഭവം. പെരുങ്ങുഴി ഇടഞ്ഞുംമൂല കോളത്ത് റെയിൽവേ ക്രോസ് പാലത്തിന് സമീപത്ത് നിന്നുമാണ് മുന്നംഗ സംഘം ഇയാളെ ആശുപത്രിയിലെത്തിക്കാൻ ആട്ടോയിൽ കയറ്റിയത്. ശാർക്കര ഭാഗത്തുനിന്നും യുവാവിനെ 108 ആംബുലൻസിലേക്ക് മാറ്റി. ആശുപത്രിയിലെത്തി പരിശോധന നടത്തിയപ്പോൾ യുവാവ് മരിച്ചെന്ന് ഡോക്ടർമാർ അറിയിച്ചു. ഇതോടെയാണ് കൂടെയുണ്ടായിരുന്ന മൂന്നംഗ സംഘം രക്ഷപ്പെട്ടതെന്നും തെങ്ങിൽ നിന്ന് വീണ് പരിക്കേറ്റതെന്നാണ് സംഘം ആശുപത്രിയിൽ അറിയിച്ചതെന്നും പൊലീസ് പറഞ്ഞു. യുവാവിന്റെ മൃതദേഹത്തിൽ മർദ്ദനമേറ്റ പാടുണ്ടെന്നാണ് വിവരം. ഇക്കഴിഞ്ഞ ദിവസം രാത്രിയിൽ ഇടഞ്ഞുംമൂല കോളം ഭാഗത്ത് ബഹളംകേട്ടതായി നാട്ടുകാർ അറിയിച്ചു. യുവാവിന്റെ മൃതദ്ദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മാേർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആറ്റിങ്ങൽ ഡിവൈ.എസ്.പി അനിൽകുമാർ, ചിറയിൻകീഴ് സി.ഐ നിയാസ് എന്നിവർ ഇടഞ്ഞുംമൂല കോളത്തെത്തി പരിശോധന നടത്തി.