pakal

വിതുര:പഞ്ചായത്തിൽ നടപ്പിലാക്കുന്ന വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനം ഇന്ന് നടക്കും. അഞ്ച് കോടിരൂപയുടെ വികസനപ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരിയും സെക്രട്ടറി വി.എസ്. അനുസചേതനനും അറിയിച്ചു. കുടംബശ്രീ യൂണിറ്റുകൾക്കും എസ്.ടി.എസ്.സി വിഭാഗങ്ങൾക്കും വികസനപദ്ധതിയിൽ ലക്ഷക്കണക്കിന് രൂപ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ആരോഗ്യമേഖലയിലും മാലിന്യ നിർമ്മാർജന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനും വിവിധ പദ്ധതികൾ പൂർത്തീകരിച്ചിട്ടുണ്ട്. കൂടാതെ പകൽവീട് എന്ന നൂതനപദ്ധതിക്കായി 18 ലക്ഷം രൂപ വിനിയോഗിച്ചിട്ടുണ്ട്. അഞ്ച് കോടിരൂപയുടെ വികസനപ്രവർത്തനങ്ങളാണ് പൂർത്തിയാകുന്നത്. കുടിവെള്ളവിതരണം, മരാമത്ത് പണികൾ, ആരോഗ്യസംരക്ഷണം എന്നിവക്കും ബഡ്ജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. മാലിന്യനിർമ്മാജനപ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനായി ആരംഭിക്കുന്ന പ്ലാസ്റ്റിക് കളക്ഷൻ സെന്ററിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11ന് ഡോ .എസമ്പത്ത് എം.പി നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരി അദ്ധ്യക്ഷത വഹിക്കും. കെ.എസ്. ശബരിനാഥൻ എം.എൽ.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിൽകുമാർ, എം. ശോഭന, എം. ലാലി, ഷാഹുൽനാഥ്അലിഖാൻ, പഞ്ചായത്ത് സെക്രട്ടറി വി.എസ്. അനുസചേതനൻ, കല്ലാർമുരളീധരൻനായർ, ജി.ഡി. ഷിബുരാജ് എന്നിവരും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും പങ്കെടുക്കും. 18 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച പകൽവീടിന്റെ ഉദ്ഘാടനം 11ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരി അദ്ധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ് ബി.അനിൽകുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഷാഹുൽനാഥ്അലിഖാൻ, എം. ലാലി, എം. ശോഭന, പഞ്ചായത്ത് സെക്രട്ടറി വി.എസ്. അനുസചേതനൻ, കോൺട്രാക്ടർ അബൂബക്കർകുഞ്ഞ് എന്നിവർ പങ്കെടുക്കും. യോഗത്തിൽ അമ്പത് വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പും, പഠനോപകരണങ്ങളും വിതരണം നടത്തും. കുടുംബശ്രീ യൂണിറ്റുകൾക്ക് ഗ്രാന്റും ആശാവർക്കർമാർക്ക് സർട്ടിഫിക്കറ്റുകളും നൽകും. കായികകലാമേളകളിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ച വിതുര സ്കൂളിലെ പ്രതിഭകൾക്ക് ചടങ്ങിൽ ഉപഹാരം നൽകി ആദരിക്കും.