അതിർത്തിക്കപ്പുറത്തെ ജയ്ഷെ മുഹമ്മദ് ഭീകര ക്യാമ്പുകൾ തകർത്ത ഇന്ത്യൻ നടപടിക്കുള്ള പ്രതികാരമായി ബുധനാഴ്ച പാക് വ്യോമസേന നിയന്ത്രണ രേഖയ്ക്കടുത്ത് പ്രകോപനം സൃഷ്ടിച്ചത് പ്രതീക്ഷിച്ചതു തന്നെയാണ്. ആക്രമണത്തിനെത്തിയ പന്ത്രണ്ട് പാക് യുദ്ധവിമാനങ്ങളിലൊന്ന് ഇന്ത്യൻ വ്യോമസേന വെടിവച്ചിട്ടിരുന്നു. പ്രത്യാക്രമണത്തിൽ പങ്കെടുത്ത ഇന്ത്യയുടെ ഒരു മിഗ് വിമാനവും തകർന്നുവീണിരുന്നു. അതിന്റെ പൈലറ്റ് അഭിനന്ദൻ വർദ്ധമാൻ പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെട്ടെങ്കിലും ഇറങ്ങാനായത് പാക് മണ്ണിലാണ്. അവസരം പാഴാക്കാതെ പാക് സൈനികർ അഭിനന്ദനെ തടവുകാരനായി പിടിക്കുകയും ചെയ്തു. വലിയ വിജയമെന്ന മട്ടിലാണ് സേനാംഗങ്ങളുടെ കസ്റ്റഡിയിലുള്ള അഭിനന്ദന്റെ വീഡിയോ പാക് അധികൃതർ പുറത്തുവിട്ടത്. ജനീവാ കരാർ പ്രകാരം അഭിനന്ദന്റെ സുരക്ഷയും ആരോഗ്യ കാര്യങ്ങളും പൂർണമായും പാക് സർക്കാരിന്റെ ചുമതലയാണ്. എന്നാൽ കസ്റ്റഡിയിലെടുത്ത പാടെ അഭിനന്ദനെ മർദ്ദിക്കുന്നതിന്റെയും മോശമായി പെരുമാറുന്നതിന്റെയും മറ്റും ദൃശ്യങ്ങൾ പാകിസ്ഥാൻ പുറത്തുവിട്ട വീഡിയോയിൽ ഉണ്ടായിരുന്നത് ആശങ്ക ഉയർത്തുന്നതാണ്.
വ്യോമസേനയിൽ വിംഗ് കമാൻഡർ പദവിയിലുള്ള അഭിനന്ദനെ നിരുപാധികം ഇന്ത്യയ്ക്കു വിട്ടുകിട്ടുന്നതിനുള്ള തീവ്രശ്രമങ്ങൾ ഡൽഹിയിൽ ആരംഭിച്ചിട്ടുണ്ട്. അതിന്റെ ഫലമാകാം പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ അഭിനന്ദനെ ഇന്ന് വിട്ടയയ്ക്കുമെന്ന് പ്രഖ്യാപിച്ചത്. സമാധാന സന്ദേശമെന്ന നിലയിലും, ഇന്ത്യയുമായി ചർച്ച തുടങ്ങാനുള്ള ആദ്യപടിയെന്ന നിലയിലുമാണ് പൈലറ്റിനെ മോചിപ്പിക്കുന്നതെന്നും ഇമ്രാൻ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ലവലേശം വിട്ടുവീഴ്ചയില്ലാത്ത ആവശ്യമാണിത്. നയതന്ത്ര തലത്തിൽ ഇന്ത്യ നടത്തുന്ന ശ്രമങ്ങൾക്ക് പ്രധാന ലോക രാജ്യങ്ങളുടെ പിന്തുണയുമുണ്ട്. ജമ്മു കാശ്മീരിലും മറ്റിടങ്ങളിലും വിധ്വംസക പ്രവൃത്തികൾ നടത്താനായി മാത്രം പാക് മണ്ണിൽ ഭീകര ഗ്രൂപ്പുകൾക്ക് സകലവിധ സൗകര്യങ്ങളും നൽകുന്ന പാകിസ്ഥാന്റെ നടപടിക്കെതിരെ ലോക രാജ്യങ്ങളെ ഒപ്പം കൂട്ടാൻ ഇന്ത്യയ്ക്ക് സാധിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധി ഘട്ടത്തിൽ ഏറ്റവും വലിയ നേട്ടം. അതിർത്തിയിൽ സമാധാനത്തിനായി തനിക്ക് ഒരവസരം കൂടി നൽകാൻ പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ നടത്തിയ അഭ്യർത്ഥന കാപട്യമാണെന്നു മനസിലാക്കാനുള്ള സാമാന്യബുദ്ധി ഇന്ത്യയ്ക്കുണ്ട്. അതിർത്തിയിൽ ബുധനാഴ്ച രാവിലെ പോർ വിമാനങ്ങളെ ഇറക്കി നടത്തിയ സാഹസികതയ്ക്കു ശേഷവും സംഘർഷം ഇല്ലാതാക്കുന്നതിന് ഇന്ത്യയുമായി ചർച്ചയ്ക്ക് ഒരുക്കമാണെന്ന് ഇമ്രാൻഖാൻ വ്യക്തമാക്കിയിരുന്നു. ഒരുവശത്ത് സമാധാനം കാംക്ഷിക്കുകയും മറുവശത്ത് സംഘർഷം രൂക്ഷമാക്കുന്ന നടപടി കൈക്കൊള്ളുകയും ചെയ്യുന്നതിലെ വിരോധാഭാസം എളുപ്പം തിരിച്ചറിയാം.
ഫെബ്രുവരി 14-ന് ശ്രീനഗറിലെ പുൽവാമയിൽ 40 സി.ആർ.പി.എഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ജയ്ഷെ മുഹമ്മദ് ചാവേറാക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തോട് സഹകരിക്കാമെന്ന വാഗ്ദാനവും ഇമ്രാൻ മുന്നോട്ടുവച്ചിട്ടുണ്ട്. പുൽവാമ സംഭവത്തിൽ പാകിസ്ഥാന് യാതൊരു പങ്കുമില്ലെന്ന് പറഞ്ഞുകൊണ്ടിരുന്ന പാക് നിലപാടിലെ ഇപ്പോഴത്തെ മാറ്റം ശ്രദ്ധേയമാണ്. അതിർത്തി സംഘർഷം കൂടുതൽ മൂർച്ഛിച്ചാൽ ഉണ്ടാകാനിടയുള്ള തടുക്കാനാവാത്ത പ്രത്യാഘാതങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്ന പാക് പ്രധാനമന്ത്രി ഇന്ത്യയുടെയും തലയ്ക്കു വെളിവുള്ള ലോക രാജ്യങ്ങളുടെയും അഭിപ്രായം ശിരസ്സാവഹിച്ച് ഭീകരപ്രവർത്തനങ്ങൾക്ക് നൽകിവരുന്ന സഹായവും പിന്തുണയും പൂർണമായും അവസാനിപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഭീകരപ്രവർത്തനങ്ങളോടുള്ള പാകിസ്ഥാന്റെ സമീപനത്തിൽ അടിസ്ഥാനപരമായ മാറ്റം വന്നെങ്കിൽ മാത്രമേ സംഘർഷം ലഘൂകരിക്കുന്നതുമായി ബന്ധപ്പെട്ട ഏതു ചർച്ചയും അർത്ഥപൂർണമാകൂ.
ഭീകര ഗ്രൂപ്പുകൾക്ക് നൽകിവരുന്ന എല്ലാ സഹായവും ഒത്താശയും പാകിസ്ഥാൻ അവസാനിപ്പിക്കേണ്ടതുണ്ട്. അമേരിക്കയും ബ്രിട്ടനും ഫ്രാൻസും ജപ്പാനും ഉൾപ്പെടെ ലോകശക്തികൾ പാകിസ്ഥാനോട് പരസ്യമായി ആവശ്യപ്പെടുന്നതും അതുതന്നെയാണ്. പാകിസ്ഥാന്റെ പിറവി മുതൽ ഇന്ത്യയോടുള്ള വിദ്വേഷവും ശത്രുതയും ആളിക്കത്തിക്കുന്ന ചെയ്തികളേ ആ രാജ്യത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടുള്ളൂ. ഇപ്പോഴത്തെ സംഘർഷത്തിന്റെ ഉത്തരവാദികളും പാകിസ്ഥാൻ മാത്രമാണെന്ന് ലോക രാജ്യങ്ങൾക്കും ബോദ്ധ്യമായതിന്റെ അടിസ്ഥാനത്തിലാണ് ഭീകരരെ സഹായിക്കുന്ന നടപടികളിൽ നിന്ന് വിട്ടുനിൽക്കാനുള്ള അഭ്യർത്ഥന. എന്നാൽ ഈ ആവശ്യത്തിന് പാക് സർക്കാർ എത്രത്തോളം വഴങ്ങുമെന്നത് അവർ സ്വയം തെളിയിക്കേണ്ട കാര്യമാണ്. അതിർത്തി സംഘർഷങ്ങളിൽ ഇന്ത്യയെക്കാൾ തങ്ങൾക്കാണ് ഏറെ ചേതമുണ്ടായിട്ടുള്ളതെന്ന് ഇമ്രാൻ കഴിഞ്ഞ ദിവസം പരിതപിച്ചിരുന്നു. എഴുപതിനായിരം ആൾക്കാരെയാണ് ഇതുവരെ തങ്ങൾക്കു നഷ്ടപ്പെട്ടിട്ടുള്ളതെന്ന ഒരു കണക്കും അദ്ദേഹം മുന്നോട്ടുവച്ചിരുന്നു. എന്നാൽ ഇത്തരത്തിലൊരു അവസ്ഥയ്ക്ക് തന്റെ മുൻഗാമികൾ മാത്രമാണ് കാരണക്കാർ എന്ന യാഥാർത്ഥ്യം ഇമ്രാൻ തിരിച്ചറിയുന്നില്ല. ഇപ്പോഴത്തെ സംഘർഷം മറയാക്കി അതിർത്തി കടന്നുള്ള സൈനിക നടപടിക്കു മുതിരുന്നതിനെതിരെ അമേരിക്ക ശക്തമായ ഭാഷയിൽത്തന്നെ പാകിസ്ഥാന് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. സൗദി അറേബ്യയും ഇതേ നിലപാടിലാണ്. ഇതൊക്കെ മാനിക്കാനുള്ള വിവേകവും രാഷ്ട്രതന്ത്രജ്ഞതയും പാക് ഭരണാധികാരികൾക്ക് ഉണ്ടോ എന്ന ചോദ്യമാണ് പൊതുവേ ഉയരുന്നത്. കാര്യങ്ങൾ അതിന്റെ തനിരൂപത്തിൽ ഉൾക്കൊള്ളാനായാൽ പാകിസ്ഥാനു കൊള്ളാം എന്നേ പറയാനുള്ളൂ. യുദ്ധസമാനമായ ഇപ്പോഴത്തെ അന്തരീക്ഷം ഈ നിലയിൽ തുടരുന്നതും മൂർച്ഛിക്കുന്നതും ഇരു രാജ്യങ്ങൾക്കും ഒട്ടും ഗുണകരമല്ല.