തിരുവനന്തപുരം:കൊടുങ്കാറ്റിലും പ്രളയത്തിലും കേരളത്തിന്റെ രക്ഷയ്ക്ക് പറന്നെത്തിയ സ്ക്വാഡ്രൺ ലീഡർ സിദ്ധാർത്ഥ് വസിഷ്‌ഠ് (31) ഇനി ഓർമ്മയിലെ കണ്ണീർത്തുള്ളി. ഇന്ത്യ- പാക് സംഘർഷത്തിനിടെ കാശ്‌മീരിലെ ബദ്ഗാമിൽ തകർന്നുവീണ എം.ഐ-17 വി-5 ഹെലികോപ്ടറിന്റെ പ്രധാന പൈലറ്റായിരുന്നു വസിഷ്‌ഠ്.
കഴിഞ്ഞ ആഗസ്റ്റിലെ മഹാപ്രളയത്തിലകപ്പെട്ട അകപ്പെട്ട നിരവധി പേരെ സുരക്ഷിതമായി എയർലിഫ്‌റ്റ് ചെയ്തതിന് സംസ്ഥാന സർക്കാരിന്റെയും വ്യോമസേനയുടെയും ആദരവ് ഏറ്റുവാങ്ങിയതിനു പിന്നാലെയാണ് കേരളത്തെ നോവിച്ച് വസിഷ്‌ഠ് യാത്രയായത്. വസിഷ്‌ഠിന്റെ മികവ് കേരളം ആദ്യമറിഞ്ഞത് 2017ഡിസംബറിൽ ഓഖി ചുഴലി വീശിയടിച്ചപ്പോഴായിരുന്നു. കടലിൽ, തകർന്ന ബോട്ടുകളുടെ അവശിഷ്ടങ്ങളിലും കന്നാസുകളിലും പിടിച്ചുകിടന്ന നൂറോളം മത്സ്യത്തൊഴിലാളികളെ ജീവന്റെ തുരുത്തിലേക്ക് കൈപിടിച്ചുകയറ്റിയ സേനാദൗത്യത്തിന്റെ ഭാഗമായാണ് കോയമ്പത്തൂർ സുളൂർ എയർബേസിൽ നിന്ന് വസിഷ്‌ഠ് തിരുവനന്തപുരത്ത് എത്തിയത്.
വിംഗ് കമാൻഡർ ആദിത്യ സിംഗിനൊപ്പം ധ്രുവ് ഹെലികോപ്ടറിൽ താഴ്ന്നുപറന്നായിരുന്നു രക്ഷാദൗത്യം. ഒഴുകിനടക്കുന്ന ബോട്ടുകളെക്കുറിച്ചും കടലിൽ രക്ഷാകരം കാത്തു കിടക്കുന്നവരെക്കുറിച്ചുമുള്ള വിവരങ്ങൾ കൺട്രോൾ റൂമിനു കൈമാറി. ധ്രുവ് ഹെലികോപ്ടർ നൽകിയ വിവരമനുസിച്ച് സേനാ കപ്പലുകളെത്തി മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തുകയായിരുന്നു. പ്രക്ഷുബ്‌ധ കാലാവസ്ഥയിലും വസിഷ്‌ഠിന്റെ സംഘം തുടർച്ചയായി കടലിൽ നിരീക്ഷണം നടത്തി, നിരവധി പേരെ എയർലിഫ്‌റ്റ് നടത്തി.
പിന്നീട് മഹാപ്രളയത്തിൽ മുങ്ങിപ്പോയ ജില്ലകളിൽ 'ഓപ്പറേഷൻ കരുണ' സേനാ ദൗത്യത്തിന്റെ ഭാഗമായി വസിഷ്‌ഠ് വീണ്ടും കേരളത്തിലെത്തി. പത്തനംതിട്ട, എറണാകുളം, തൃശൂർ ജില്ലകളിലായിരുന്നു ദൗത്യം. നിരവധി പേരെ മരണത്തിൽ നിന്ന് രക്ഷയിലേക്ക് പിടിച്ചുകയറ്റിയ സംഘം ടൺകണക്കിന് ഭക്ഷണവും അവശ്യവസ്തുക്കളും ദുരിതബാധിതർക്ക് എത്തിച്ചു. കേരളത്തിലെ സ്ത്യുത്യർഹ സേവനത്തിന് ജനുവരി 26ന് വ്യോമസേന വസിഷ്‌ഠിനെ ആദരിച്ചിരുന്നു.
നാലു തലമുറകൾ നീളുന്ന സൈനിക സേവനത്തിന്റെ ധീരചരിത്രമുണ്ട്, വസിഷ്‌ഠിന്റെ കുടുംബത്തിന്. ഭാര്യ ആരതിയും വ്യോമസേനയിൽ സ്‌ക്വാഡ്രൺ ലീഡറാണ്. ഫൈറ്റർ പൈലറ്റ് ആയിരുന്ന അമ്മാവൻ വിനീത് ഭരദ്വാജിനെ പിന്തുടർന്നാണ് വസിഷ്‌ഠ് 2010- ൽ വ്യോമസേനയിൽ ചേർന്നത്. 2002 ഫെബ്രുവരിയിൽ മിഗ്-21 വിമാനം തകർന്ന് വിനീത് മരിച്ചു. വസിഷ്ഠിന്റെ പിതാവ് ജഗദീഷ് കരസേനാ ഉദ്യോഗസ്ഥനായിരുന്നു. രണ്ടു വയസുകാരൻ അംഗദ് ആണ് മകൻ. കോയമ്പത്തൂർ സുളൂറിലെ വ്യോമസേനാ ബേസിലായിരുന്ന വസിഷ്‌ഠിനും ആരതിക്കും അടുത്തിടെയാണ് ശ്രീനഗറിലേക്ക് മാറ്റമായത്.