വിഴിഞ്ഞം: കോട്ടുകാൽ പഞ്ചായത്തിൽ ഇന്നലെ നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അംഗം പുന്നക്കുളം ബിജു വിജയിച്ചു. ബിജുവിന് എട്ട് വോട്ടും എൽ.ഡി.എഫിലെ കെ.എസ്. സജിക്ക് ഏഴ് വോട്ടും ബി.ജെ.പിയിലെ ആർ പ്രസാദിന് നാല് വോട്ടുമാണ് ലഭിച്ചത്. പഞ്ചായത്തിലെ ആകെ അംഗസംഖ്യ 19 ആണ്. കൃഷി വകുപ്പ് അസി. ഡയറക്ടർ നിർമ്മല സിസിലി ജോർജ് വരണാധികാരിയായിരുന്നു. കഴിഞ്ഞ മാസം 5 നാണ് വൈസ് പ്രസിഡന്റ് കെ.എസ്. സജിക്കെതിരെ കോൺഗ്രസ് അവിശ്വാസ പ്രമേയം പാസാക്കിയത്. ഇതോടെയാണ് ഇവിടെ പുതിയ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. എൽ.ഡി.എഫിനൊപ്പമുണ്ടായിരുന്ന പ്രസിഡന്റും ബി.ജെ.പി അംഗങ്ങളും കോൺഗ്രസിനോടൊപ്പം ചേർന്ന് പ്രമേയത്തെ അനുകൂലിച്ചതോടെയാണ് പ്രമേയം പാസായത്.