തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണയ ചർച്ചകളിലേക്ക് സി.പി.ഐ ഇന്ന് കടക്കുന്നു. ഇന്നും നാളെയുമായി വിവിധ ജില്ലാ എക്സിക്യൂട്ടിവ്, കൗൺസിൽ യോഗങ്ങൾ ചേർന്ന് നാല് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥി സാദ്ധ്യതാപാനലുകൾ തയ്യാറാക്കും. തിരുവനന്തപുരം, മാവേലിക്കര, തൃശൂർ, വയനാട് മണ്ഡലങ്ങളിലാണ് സി.പി.ഐ മത്സരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലാ കൗൺസിലുകളാണ് സാദ്ധ്യതാപാനലുകൾ തയ്യാറാക്കി സംസ്ഥാന നേതൃത്വത്തിന് നൽകുക.
മൂന്ന്, നാല് തീയതികളിലായി സംസ്ഥാന എക്സിക്യൂട്ടിവും കൗൺസിലും ചേർന്ന് ഈ പാനലുകൾ ചർച്ച ചെയ്യും. ഇവയിൽ നിന്ന് നാല് മണ്ഡലങ്ങളിലേക്കുമായി മൂന്ന് പേർ വീതമടങ്ങുന്ന സാദ്ധ്യതാ പാനൽ തയ്യാറാക്കി കേന്ദ്രനേതൃത്വത്തിന് കൈമാറും. അഞ്ചിനും ആറിനും ചേരുന്ന ദേശീയ എക്സിക്യൂട്ടിവ്, കൗൺസിൽ യോഗങ്ങൾ അന്തിമതീരുമാനമെടുക്കും. തിരുവനന്തപുരത്ത് കഴിഞ്ഞതവണ ബെന്നറ്റ് എബ്രഹാമിനെ മത്സരിപ്പിച്ചത് സൃഷ്ടിച്ച കോലാഹലത്തിന്റെ പശ്ചാത്തലത്തിലാണ് വിവാദങ്ങൾക്കിട നൽകാത്ത വിധമുള്ള സ്ഥാനാർത്ഥി നിർണയത്തിലേക്ക് പാർട്ടി നേതൃത്വം നീങ്ങുന്നത്.
കാനം വന്നാൽ നന്നെന്ന് തിരുവനന്തപുരം
തിരുവനന്തപുരം ജില്ലാ നേതൃയോഗം ഇന്ന് ചേരാനിരിക്കെ പ്രധാനമായും ഉയരുന്ന പേര് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റേതാണ്. കാനത്തിന്റെ പേര് സാദ്ധ്യതാപാനലിൽ പ്രധാനപേരായി ഉൾപ്പെടുത്താനും സാദ്ധ്യതയുണ്ട്. രാജ്യസഭാ എം.പി ബിനോയ് വിശ്വം, സി. ദിവാകരൻ എം.എൽ.എ, ജില്ലാ സെക്രട്ടറി ജി.ആർ. അനിൽ എന്നീ പേരുകളും ചർച്ചകളിലുയരുന്നു. ദേശീയ എക്സിക്യൂട്ടിവംഗം ആനി രാജയുടെ പേര് പ്രചരിച്ചെങ്കിലും ജില്ലാ നേതൃത്വത്തിന്റെ പാനലിൽ ആ പേര് ഉൾപ്പെടാനിടയില്ലെന്ന് സൂചനയുണ്ട്. ദേശീയനേതൃത്വത്തിന്റെ തീരുമാനം അതിനാൽ നിർണായകം.
മാവേലിക്കര
അടൂർ എം.എൽ.എ ചിറ്റയം ഗോപകുമാർ, മുൻ എം.പി ചെങ്ങറ സുരേന്ദ്രൻ, കഴിഞ്ഞതവണ മത്സരിച്ച ആർ.എസ്. അനിൽ, കൊല്ലം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദേവകി തുടങ്ങിയ പേരുകൾ ചർച്ചയിൽ
തൃശൂർ
സിറ്റിംഗ് എം.പി സി.എൻ. ജയദേവന് പുറമേ മുൻ മന്ത്രിയും എ.ഐ.ടി.യു.സി സംസ്ഥാന ജനറൽസെക്രട്ടറിയുമായ കെ.പി. രാജേന്ദ്രൻ, മന്ത്രി വി.എസ്. സുനിൽകുമാർ, മുൻ എം.എൽ.എ രാജാജി മാത്യു തോമസ് എന്നിവർ പരിഗണനയിൽ
വയനാട്
മലപ്പുറം മുൻ ജില്ലാ സെക്രട്ടറി പി.പി. സുനീർ, പാർട്ടി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയും കഴിഞ്ഞ തവണ മത്സരിച്ചയാളുമായ സത്യൻ മൊകേരി, അദ്ദേഹത്തിന്റെ പത്നിയും പാർട്ടി ദേശീയ കൗൺസിൽ അംഗവുമായ പി. വസന്തം തുടങ്ങിയ പേരുകൾ കേൾക്കുന്നു