pazhani

തിരുവനന്തപുരം: കേടായ ഏതുതരം പേനയും പുതുപുത്തനാക്കി നൽകിയിരുന്ന തലസ്ഥാനത്തെ 'പെൻ ഡോക്ടർ' (പേനകളുടെ ഡോക്ടർ)​ വിടപറഞ്ഞു. മണക്കാട് ശാസ്താക്ഷേത്രത്തിനു സമീപം ടി.സി 40/1440ൽ എ. പഴനി (63)​യാണ് കാൻസർ ബാധയെത്തുടർന്ന് ചൊവ്വാഴ്ച രാത്രി മരിച്ചത്. സംസ്കാരം നടത്തി.

ആയുർവേദ കോളേജു ജംഗ്ഷന് സമീപത്ത് പഴനിയുടെ അച്ഛൻ അറുമുഖൻ ആചാരിയാണ് പേന നന്നാക്കുന്ന ജോലി ആദ്യം തുടങ്ങിയത്. പത്തുവയസ് മുതൽ പഴനിയും അച്ഛനൊപ്പം സജീവമായി. അറുമുഖത്തിന്റെ കാലശേഷം 55 വർഷത്തോളം പഴനി പേന നന്നാക്കൽ തുടർന്നു. ശ്രീചിത്തിര തിരുനാൾ ബാലരാമവർമയുടെ മുതൽ കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ പേനകൾ വരെ പഴനി നന്നാക്കിയിട്ടുണ്ട്. കെ. കരുണാകരൻ, ജി. കാർത്തികേയൻ, മലയാറ്റൂർ രാമകൃഷ്ണൻ, ജോർജ് ഓണക്കൂർ, സാഹിത്യ നിരൂപകൻ എം. കൃഷ്ണൻ നായർ, നടൻ വേണു നാഗവള്ളി,​ കെ.എസ്. ശബരീനാഥൻ എം.എൽ.എ അടക്കമുള്ളവരുടെ പേനകളും നന്നാക്കിയവയിൽപെടുന്നു. ചിത്തിര തിരുനാളിന്റെ സെവർ പോയിന്റ് എവർ ഷാർപ്പ് എന്ന പേനയായിരുന്നു നന്നാക്കിയവയിൽ ഏറ്റവും വിലപിടിപ്പുള്ളത്. പ്രേമയാണ് പഴനിയുടെ ഭാര്യ. ആറ്റിങ്ങൽ ക്രൈസ്റ്റ് നഗർ സ്കൂളിലെ അദ്ധ്യാപിക റാണിചന്ദ്ര,​ ക്രൈസ്റ്റ് നഗർ കവടിയാറിലെ അദ്ധ്യാപിക സന്ധ്യ,​ രേവതി എന്നിവർ മക്കൾ. ബിജുകുമാർ മരുമകൻ.