pinarayi

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിനെ ഏല്പിക്കാനുള്ള നടപടികൾ നിറുത്തിവയ്പിക്കാനും കെ.എസ്.ഐ.ഡി.സിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ രൂപീകരിച്ച പ്രത്യേക കമ്പനിക്ക് വിമാനത്താവള നടത്തിപ്പ് ചുമതല നൽകാനും അടിന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു.

സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും താത്പര്യം അതുവഴി സംരക്ഷിക്കാൻ കഴിയുമെന്നും സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെ വിമാനത്താവള വികസനത്തിന് വഴിയൊരുങ്ങുമെന്നും കത്തിൽ ചൂണ്ടിക്കാട്ടി.

ആറ് വിമാനത്താവളങ്ങളുടെ 'ബിഡി'ലും ഒരേ സ്വകാര്യ ഏജൻസി ഒന്നാമതെത്തിയത് ജനങ്ങളുടെ എതിർപ്പിന് കാരണമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ തിരുവനന്തപുരം വിമാനത്താവള നടത്തിപ്പിലും വികസനത്തിലും സ്വകാര്യ ഏജൻസിക്ക് പിന്തുണ നൽകാൻ സംസ്ഥാന സർക്കാരിന് പ്രയാസമാവും. സിവിൽ ഏവിയേഷൻ മന്ത്റി സുരേഷ് പ്രഭുവിനും മുഖ്യമന്ത്റി കത്തയച്ചിട്ടുണ്ട്.


കേരളത്തിന്റെ നിർദ്ദേശങ്ങൾ

ഒന്ന്: കേരള സർക്കാർ രൂപീകരിക്കുന്ന പ്രത്യേക കമ്പനിക്ക് 99 വർഷത്തേക്ക് വിമാനത്താവളം പാട്ടത്തിന് നൽകണം.

രണ്ട്: ലേലത്തിൽ പങ്കെടുക്കാൻ സംസ്ഥാന സർക്കാരിന്റെ കമ്പനിയെ അനുവദിക്കുകയും കമ്പനിക്ക് 'റൈറ്റ് ഒഫ് ഫസ്റ്റ് റെഫ്യൂസൽ' അവകാശം നൽകുകയും ചെയ്യണം. ഈ രണ്ടു നിർദ്ദേശങ്ങളും സിവിൽ ഏവിയേഷൻ മന്ത്റാലയം സ്വീകരിച്ചില്ല.