nemom-ups-painting

നേമം: നേമം യു.പി സ്കൂളിലെ കുട്ടികൾക്ക് ഇനി ലാബുകളിലും ഓഡിറ്റോറിയത്തിലും ഇരുന്ന് പഠിക്കണ്ട. പകരം ഇവർക്ക് സ്വന്തമായി ക്ലാസ് മുറികൾ ഉടനെ ലഭിക്കും. മൂന്ന് വർഷമായി മുടങ്ങിക്കിടന്ന സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണം ഇന്നലെ പുനഃരാരംഭിച്ചതോടെയാണ് അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ആശ്വാസമായത്. കരമന കളിയിക്കാവിള റോഡ് വികസനത്തിന്റെ ആദ്യ ഘട്ടത്തിൽ കരമന പ്രാവച്ചമ്പലം വികസനത്തിന്റെ ഭാഗമായി 2016ൽ സ്കൂളിന്റെ ക്ലാസ് മുറികൾ പൊളിച്ചുമാറ്റിയുരുന്നു. റോഡ് നിർമ്മാണം പൂർത്തിയായതോടെ നിർമ്മാണം ആരംഭിച്ച ക്ലാസ് മുറികളുടെയും ടൊയ്ലറ്റുകളുടെയും നിർമ്മാണം ഫണ്ടിന്റെ അപര്യാപതതയുടെ പേരിൽ നിറുത്തിവച്ചു. സ്കൂൾ കെട്ടിടം ഇല്ലാതായതോടെ കുട്ടികളും അദ്ധ്യാപകരും നേരിടുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണമെന്ന് ഐ.ബി. സതീഷ് എം.എൽ.എ കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ അവതരിപ്പിച്ചതോടെയാണ് പൊതുമരാമത്ത് വകുപ്പ് കെട്ടിടം പണി പുനഃരാരംഭിക്കാനുള്ള ശ്രമങ്ങൾക്ക് വേഗത കൂട്ടിയത്.

റോഡിന്റെ രണ്ട് വശത്തായാണ് നേമം യു.പി സ്കൂൾ പ്രവർത്തിക്കുന്നത്. ഇതിൽ ഒരു ഭാഗത്തുമാത്രമാണ് ടൊയ്ലറ്റ് ഉള്ളത്. അതിനാൽ അദ്ധ്യാപകരും വിദ്യാർത്ഥികളും പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റണമെങ്കിൽ റോഡിന്റ മറുവശം താണ്ടണം. കഴിഞ്ഞ മാസം നേമം ബ്ലോക്കിന്റെ നേത‌ൃത്വത്തിൽ ടൊയ്ലറ്റ് നിർമ്മാണം ആരംഭിച്ചത് മാത്രമാണ് താത്കാലിക ആശ്വാസം. ഇപ്പോൾ പുതിയ കെട്ടിടം പൂർത്തിയാവുന്നതോടെ സ്കൂൾ അധികൃതർ നേരിടുന്ന പ്രശ്നത്തിന് ശാശ്വത പരിഹാരമാകുമെന്നാണ് വിശ്വാസം.

കെട്ടിടത്തിൽ 6 മുറി ക്ലാസുകളുടെയും ടൊയ്ലറ്റ് കോംപ്ലക്സിന്റെയും നിർമ്മാണമാണ് നടക്കുന്നത്. ഇതിൽ രണ്ട് നിലകളിലായി ക്ലാസ് മുറികൾ തിരിച്ച് കെട്ടുന്നത് പൂർത്തിയായെങ്കിലും പെയിന്റിങ്ങ്, ജനാലകളും കതകും ഘടിപ്പിക്കൽ, തറയോട് പാകൽ, ഇലക്ട്രിഫിക്കേഷൻ എന്നിവ പൂർത്തിയാക്കാനുണ്ട്. ഇതിനായി 25 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്.