money

 തദ്ദേശ സ്ഥാപനങ്ങളുടെ നിർമ്മാണ പ്രവൃത്തികൾ മുടങ്ങും

തിരുവനന്തപുരം: കടുത്ത സാമ്പത്തിക ഞെരുക്കത്തിൽ,​ ട്രഷറി ബില്ലുകൾ മാറുന്നതിന് കർശന നിയന്ത്രണമേർപ്പെടുത്തി ധനവകുപ്പിന്റെ രഹസ്യ സർക്കുലർ. അഞ്ചു ലക്ഷം രൂപയ്ക്കു മുകളിലെ ബില്ലുകൾ മാറാൻ ഉന്നതാനുമതി വേണമെന്ന നിബന്ധന നിലനിൽക്കെയാണ് അത്യാവശ്യമല്ലാത്ത ഒറ്റ ബില്ലും മാറിക്കൊടുക്കേണ്ടെന്ന പുതിയ നിർദ്ദേശം. അഡിഷണൽ സെക്രട്ടറിമാർ, ജോയന്റ് സെക്രട്ടറിമാർ,ഡെപ്യൂട്ടി സെക്രട്ടറിമാർ, അണ്ടർ സെക്രട്ടറിമാർ,വിവിധ സെക്ഷൻ മേധാവികൾ എന്നിവർക്ക് കഴിഞ്ഞ ദിവസം രഹസ്യ സർക്കുലർ ലഭിച്ചു.

പ്ളാൻ ഫണ്ടിലും നോൺ പ്ളാൻ ഫണ്ടിലും അടിയന്തര പ്രധാന്യമുള്ളതും,​ അടുത്ത ധനകാര്യ വർഷത്തിലേക്ക് മാറ്റിവയ്‌ക്കാൻ കഴിയാത്തതുമായ ബില്ലുകൾ മാത്രം പാസാക്കിയാൽ മതിയെന്ന് സർക്കുലറിലുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, ഗ്രാൻഡ് ഇൻ എയ്ഡ് സ്ഥാപനങ്ങൾ എന്നിവയുടെ പ്ളാൻ ഫണ്ട് ബില്ലുകളും സംസ്ഥാന സർക്കാരിനു കൈമാറിയ കേന്ദ്ര സഹായങ്ങളും പാസാക്കേണ്ടെന്നും സർക്കുലർ നിർദ്ദേശിക്കുന്നു.

ധനവകുപ്പിന്റെ നിർദ്ദേശം അതേപടി നടപ്പായാൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾ പോലും അവതാളത്തിലാകും. തദ്ദേശ സ്ഥാപനങ്ങളുടെ 61.48 ശതമാനം പദ്ധതി നിർമ്മാണമാണ് ഇന്നലെ വരെ പൂർത്തിയായത്. 7000 കോടിരൂപയാണ് തദ്ദേശ സ്ഥാപനങ്ങളുടെ പ്ളാൻ ഫണ്ട്. സംസ്ഥാന സർക്കാരിന്റെ പ്ളാൻ ഫണ്ട് 22150 കോടി. ഇതിൽ 50.31 ശതമാനം ഇന്നലെ വരെ പൂർത്തിയായി. ഇതിൽ പകുതിയോളം തുകയുടെ ബില്ലുകളും അടുത്ത ദിവസങ്ങളിൽ ട്രഷറിയിലെത്തും. ബില്ലുകൾ ട്രഷറിയിൽ കുടുങ്ങുന്നതോടെ കരാർ ജോലികളെല്ലാം സ്‌തംഭിക്കും.

പ്രതിസന്ധി മറികടക്കാൻ 1800 കോടി രൂപ പൊതു വിപണിയിൽ നിന്ന് വായ്പയെടുക്കാനും 5000 കോടിയോളം രൂപ സഹകരണ സംഘങ്ങളിൽ നിന്ന് സമാഹരിക്കാനുമാണ് സർക്കാർ ശ്രമം. എന്നാൽ,​ കെ.എസ്.ആർ.ടി.സി പെൻഷനു വേണ്ടിയും ക്ഷേമ പെൻഷനുകൾക്കുമായി സഹകരണ സംഘങ്ങൾ വഴി കടമെടുത്തതിന്റെ ബാധ്യത നിലവിൽ സർക്കാരിനുണ്ട്.

സംസ്ഥാനത്തിന്റെ വായ്പാപരിധി വെട്ടിക്കുറച്ച കേന്ദ്രനടപടിയാണ് സ്ഥിതി രൂക്ഷമാക്കിയത്. ട്രഷറിയിലെ സ്ഥിരനിക്ഷേപം പോലും സംസ്ഥാനത്തിന്റെ വായ്പാ ലഭ്യതയായി കണക്കാക്കിയാണ് പൊതുവിപണിയിൽ നിന്നുള്ള വായ്പാപരിധി വെട്ടിക്കുറച്ചത്.

- ഡോ.ടി.എം.തോമസ് ഐസക്ക്,​ ധനമന്ത്രി