വമ്പനടികളുടെ രാജകുമാരൻ വെസ്റ്റ് ഇൻഡീസ് വെടിക്കെട്ട് വീരൻ ക്രിസ് ഗെയ്‌ൽ കഴിഞ്ഞ ദിവസം ഏകദിന ക്രിക്കറ്റിൽ 10000 റൺസ് തികച്ചത് തനത് ശൈലിയിൽ സിക്സർ പറത്തിയാണ്. ഗെയ‌്‌ലിന്റെ 500-ാമത്തെ അന്താരാഷ്ട്ര സിക്സറായിരുന്നു ഇത്. ഇതുൾപ്പെടെ നിരവധി നാഴികക്കല്ലുകൾ പിറന്ന ഇംഗ്ളണ്ടിനെതിരായ നാലാം ഏകദിന മത്സരത്തിൽ ഗെയ്‌ലിന് പക്ഷേ വെസ്റ്റ് ഇൻഡീസിനെ ജയിപ്പിക്കാനായില്ല. സെൻ ജോർജസിൽ നടന്ന നാലാം ഏകദിനത്തിൽ 29 റൺസിനായിരുന്നു ഇംഗ്ളണ്ടിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ളണ്ടുകാർ നിശ്ചിത 50 ഓവറിൽ 418/6 എന്ന സ്കോർ ഉയർത്തിയപ്പോൾ വിൻഡീസ് 389 റൺസിൽ ആൾ ഔട്ടായി. ഇയോൻ മോർഗൻ (103), ജോസ് ബട്ട്ലർ (150) എന്നിവരുടെ സെഞ്ച്വറികളുടെ മികവിലാണ് ഇംഗ്ളണ്ട് 418 ലെത്തിയത്. 97 പന്തുകളിൽ 11 ഫോറും 14 സിക്സുമടക്കം 162 റൺസ് നേടിയ ഗെയ്ൽ 35-ാം ഓവറിൽ പുറത്തായതോടെ വിൻഡീസ് തകർച്ചയിലേക്ക് നീങ്ങി. ആറു മത്സര പരമ്പരയിൽ 2-1 ന് മുന്നിലാണ് വിൻഡീസ്.
10074
റൺസാണ് 288 ഏകദിനങ്ങളിലെ 282 ഇന്നിംഗ്സുകളിൽ നിന്നുള്ള ഗെയ്‌ലിന്റെ സമ്പാദ്യം.
25
ഏകദിന സെഞ്ച്വറികളിൽ ക്രിസ് ഗെയ്ൽ കാൽ സെഞ്ച്വറി തികച്ചതും ഈ മത്സരത്തിലാണ്.
500
-ാം അന്താരാഷ്ട്ര സിക്സ് പറത്തിയാണ് ഗെയ്ൽ 10000 ക്ളബിലേക്ക് പ്രവേശിച്ചത്.
305
ഏകദിനത്തിൽ ഗെയ്ൽ ഇതുവരെ പായിച്ച സിക്സുകളുടെ എണ്ണം.
46
സിക്സുകളാണ് മത്സരത്തിൽ ആകെ പിറന്നത്. ഏറ്റവും കൂടുതൽ സിക്സുകൾ പിറക്കുന്ന മത്സരമായി ഇത്. വെസ്റ്റ് ഇൻഡീസ്. 22 സിക്സുകളും ഇംഗ്ളണ്ട് 24 സിക്സുകളും നേടി.
14
സിക്സുകൾ പറത്തിയത് ഗെയ്ൽ. ബട്ട്‌ലർ 12 സിക്സുകൾക്ക് ഉടമയായി.
6000
റൺസ് ഏകദിനത്തിൽ തികയ്ക്കുന്ന ആദ്യ ഇംഗ്ളണ്ട് താരമായി ക്യാപ്ടൻ ഇയോൻ മോർഗൻ.