തിരുവനന്തപുരം: ചൂട് ക്രമാതീതമായി കൂടിയ സാഹചര്യത്തിൽ രണ്ട് മാസത്തേക്ക് ഉച്ചയ്ക്ക് 12 മുതൽ മൂന്ന് മണിവരെ വെയിലത്ത് ജോലി ചെയ്യുന്നത് വിലക്കി ലേബർ കമ്മിഷണർ ഉത്തരവിറക്കി. സംസ്ഥാനത്ത് ശരാശരി താപനിലയിൽ മൂന്ന് ഡിഗ്രിയുടെ വർദ്ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വെയിലിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് വിലക്ക്.
ജോലി സമയത്തിലും പുതിയ ക്രമീകരണം ഏർപ്പെടുത്തി. രാവിലെ ഏഴിനും രാത്രി ഏഴിനുമിടെ എട്ട് മണിക്കൂറായി ജോലി സമയം നിജപ്പെടുത്തി. സമുദ്ര നിരപ്പിൽ നിന്ന് 3000 അടിയിൽ കൂടുതൽ ഉയരമുള്ള മേഖലകളെ ഉത്തരവിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഏപ്രിൽ 30ന് ശേഷം വേനലിന്റെ കാഠിന്യം വിലയിരുത്തി ഉത്തരവ് പുനഃപരിശോധിക്കും.