നെടുമങ്ങാട് : മലയോരവാസികളുടെ സ്വപ്നപദ്ധതിയായ വഴയില - പഴകുറ്റി നാലുവരിപ്പാതയ്ക്ക് ചിറകു മുളപ്പിച്ച് കേരളകൗമുദി സംവാദ വേദി. നാഷണൽ ഹൈവേ അതോറിട്ടിയുടെ ഇടപെടലിനെ തുടർന്ന് കിഫ്‌ബി പിന്മാറിയ സാഹചര്യത്തിൽ നാലുവരിപ്പാത വാഗ്ദാനത്തിലൊതുങ്ങുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് ചർച്ചയിൽ തെളിഞ്ഞു. ''നാലുവരിപ്പാത: സങ്കല്പമോ, യാഥാർത്ഥ്യമോ?'' എന്ന വിഷയത്തെ ആസ്പദമാക്കി ഇന്നലെ നെടുമങ്ങാട് റവന്യു ടവറിൽ കേരളകൗമുദിയും നെടുമങ്ങാട് ഗവ. കോളേജ് നാഷണൽ സർവീസ് സ്‌കീം യൂണിറ്റും ചേർന്ന് നടത്തിയ സംവാദമാണ് പാത നിർമ്മാണത്തിലെ അനിശ്ചിതത്വം നീക്കി പ്രതീക്ഷ സമ്മാനിച്ചത്. 340 കോടി രൂപയുടെ നാലുവരിപ്പാത നടപ്പിലാക്കുന്നതിൽ തടസങ്ങളില്ലെന്നും എൻ.എച്ച് അതോറിട്ടിയുടെ റോഡ് നവീകരണ പദ്ധതി നാലുവരിപ്പാതയ്ക്ക് പകരമാവില്ലെന്നും സംവാദത്തിൽ പങ്കെടുത്തവർ ഒരേമനസോടെ പറഞ്ഞു. സംവാദത്തിൽ കേരളകൗമുദി ഫ്‌ളാഷ് ബ്യൂറോ ചീഫ് കെ.പി.കൈലാസ് നാഥ് അദ്ധ്യക്ഷനായി. കേരള സർവകലാശാല സിൻഡിക്കേറ്റംഗം ജെ.എസ്. ഷിജുഖാൻ മോഡറേറ്ററായി. സി. ദിവാകരൻ എം.എൽ.എ, നെടുമങ്ങാട് നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ, ഡോക്ടറേറ്റ് നേടിയ സോണി മുജീബ് എന്നിവരെ ചടങ്ങിൽ പൊന്നാടയണിയിച്ചു. ഗുരുവായൂർ ദേവസ്വം മെമ്പറും റീഡേഴ്സ് ക്ളബ് രക്ഷാധികാരിയുമായ ഉഴമലയ്ക്കൽ വേണുഗോപാൽ സ്വാഗതവും കേരളകൗമുദി താലൂക്ക് ലേഖകൻ എസ്.ടി. ബിജു നന്ദിയും പറഞ്ഞു.
സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥ മേധാവിത്വത്തിന്റെ കരിങ്കൽ ഭിത്തികൾക്കിടയിൽ ജനാഭിലാഷങ്ങൾ കുരുങ്ങിക്കിടക്കുകയാണെന്ന് സംവാദത്തിന്റെ ഉദ്ഘാടന വേളയിൽ സി. ദിവാകരൻ എം.എൽ.എ പറഞ്ഞു. എൻ.എച്ച് അതോറിട്ടിയുടെ മറുപടി ലഭിച്ചാൽ പദ്ധതി യഥാവിധി നടപ്പിലാക്കുമെന്നും രേഖകൾ ഉദ്ധരിച്ച് എം.എൽ.എ വ്യക്തമാക്കി. നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്, സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ. ആർ. ജയദേവൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. എസ്. അരുൺകുമാർ, സി.പി.ഐ മണ്ഡലം സെക്രട്ടേറിയറ്റംഗം എസ്.ആർ. വിജയൻ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് പൂവത്തൂർ ജയൻ, കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. അനില, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ. വിജയൻ, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് അജയകുമാർ, മുൻ ഡെപ്യുട്ടി കളക്ടർ രഘുപതി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ആർ.എൻ. അൻസർ, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി മുൻ ചെയർമാൻ എസ്.എസ്. ബിജു, ഡി.സി.സി ജനറൽ സെക്രട്ടറി പി.എസ്. ബാജിലാൽ, എസ്.എൻ.ഡി.പി യൂത്ത് മൂവ്മെന്റ് യൂണിയൻ ഭാരവാഹി സുരാജ് ചെല്ലംകോട് തുടങ്ങിയവർ നിർദ്ദേശങ്ങൾ പങ്കിട്ടു. കേരളകൗമുദി അസിസ്റ്റൻഡ് മാനേജർ പ്രദീപ്, നഗരസഭ മുൻ ചെയർമാൻ കെ. സോമശേഖരൻ നായർ, ട്രാക്ക് ജില്ലാ സെക്രട്ടറി ശശിധരൻ നായർ, വിക്രമൻ നായർ, കോൺഗ്രസ് നേതാക്കളായ മന്നൂർക്കോണം താജുദ്ദീൻ, സജാദ്, രാജ്‌കുമാർ, സി.പി.ഐ നേതാക്കളായ കെ. വിജയൻ, കോലംകുടി അജയൻ, രാജപ്പൻ നായർ, രതീഷ്, സന്തോഷ്, ബി.ജെ.പി നേതാക്കളായ വി. ശ്രീകുമാർ, ഉദയൻ, അബല ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ടി.ആർ. സന്തോഷ്, സെക്രട്ടറി ജി. മണികണ്ഠൻ, ട്രഷറർ പ്രശാന്ത്കുമാർ, എസ്.എൻ.ഡി.പി യോഗം ശാഖാ സെക്രട്ടറി ജി.എസ്. രാജീവ്, വിതുര വിജയകുമാരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.