el-clasico
el clasico

3-0

മാഡ്രിഡ് : എൽ-ക്ളാസിക്കോകളിലെ സമീപകാല നാണക്കേടിന്റെ പട്ടികയിലേക്ക് ഒന്നുകൂടി സ്വരുക്കൂട്ടി റയൽ മാഡ്രിഡ്. കഴിഞ്ഞ രാത്രി സ്വന്തം തട്ടകത്തിൽ നടന്ന സ്പാനിഷ് കിംഗ്സ് കപ്പ് (കോപ്പ ഡെൽറോയ്) രണ്ടാംപാദ സെമി ഫൈനലിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് റയൽ മാഡ്രിഡ് തോൽവി ഏറ്റുവാങ്ങിയത്. ഇതോടെ 4-1 എന്ന ഗോൾ മാർജിനിൽ ബാഴ്സലോണ ഫൈനലിലേക്ക് കടക്കുകയും ചെയ്തു.

ആദ്യപാദ സെമി ഫൈനലിൽ ബാഴ്സയുടെ തട്ടകത്തിൽ 1-1 ന് സമനില പിടിച്ചിരുന്നതിനാൽ ഇന്നലെ ഫൈനലിൽ കടക്കാൻ ഗോൾ രഹിത സമനില മാത്രം മതിയായിരുന്നു. റയലിനെതിരെ ബാഴ്സ താരം ലൂയിസ് സുവാരേസ് രണ്ട് ഗോളുകൾ നേടിയപ്പോൾ ഒരു ഗോൾ റാഫേൽ വരാനെ സെൽഫടിച്ചത് കൂടുതൽ നിരാശയ്ക്കിടയാക്കി. രണ്ടാം പകുതിയിലാണ് റയലിന്റെ വലയിൽ മൂന്ന് ഗോളുകളും വീണത്. ബാഴ്സയുടെ മൂന്നാം ഗോൾ സുവാരേസിന്റെ പെനാൽറ്റി കിക്കിൽ നിന്നാണ് പിറന്നത്.

സ്വന്തം തട്ടകത്തിലെ ആദ്യ പകുതിയിൽ കൃത്യമായ മേധാവിത്വം കിട്ടാനായ റയലിന് പക്ഷേ രണ്ടാം പകുതിയിൽ കാര്യങ്ങൾ കൈവിട്ടു പോവുകയായിരുന്നു. മുന്നേറ്റ നിരയുടെ ഒത്തിണക്കമില്ലായ്മയാണ് ആദ്യ പകുതിയിൽ പ്രതിഫലിച്ചത്. സ്റ്റാർ സ്ട്രൈക്കർ ഗാരേത്ത് ബെയ്‌ലിനെ കോച്ച് സൊളാരി ഫസ്റ്റ് ഇലവനിൽ ഇറക്കിയില്ല. രണ്ടാം ഗോൾ വീഴുന്നതിന് തൊട്ടുമുമ്പ് ലൂക്കാസ് വസ്ക്വേസിന് പകരമിറക്കിയെങ്കിലും ബെയ്‌ലിന് മാന്ത്രികത കാട്ടാനായതുമില്ല.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ലീഡ് നേടാനായ ബാഴ്സ പിന്നീട് തിരിച്ചുവരാൻ റയലിന് അവസരം നൽകിയതേയില്ല. ഗോൾ തിരിച്ചടിക്കാനുള്ള വെപ്രാളത്തിനിടയിലാണ് സെൽഫ് ഗോളും പെനാൽറ്റിയും വഴങ്ങിയത്.

ഗോളുകൾ ഇങ്ങനെ

1. 50-ാം മിനിട്ട്

ലൂയിസ് സുവാരേസ്

പന്തുമായി മുന്നേറിയ ഒസ്‌മാനെ ഡെംബലെ ഡാനി കർവഹായലിന്റെ പ്രതിരോധത്തെ വെട്ടിച്ച് നൽകിയ പാസാണ് സുവാരേസ് റയലിന്റെ വലയിൽ വീണ ആദ്യ ഗോളാക്കി മാറ്റിയത്.

2. 69-ാം മിനിട്ട്

സെൽഫ് ഗോൾ (വരാനെ)

ബാഴ്സ നിരയിൽ നിന്ന് പന്തുമായി മുന്നേറിയ സെമെദോ വലതുവശത്തുണ്ടായിരുന്ന ഡെംബെലെയ്ക്ക് മറിച്ചു നൽകുന്നു. ഒസ്‌മാനെ പോസ്റ്റിലേക്ക് ഷൂട്ട് ചെയ്ത പന്ത് തടുക്കാനുള്ള ശ്രമത്തിനിടെ റാഫേൽ വരാനെ സ്വന്തം നെറ്റിലേക്ക് തട്ടിയിടുകയായിരുന്നു.

3. 74-ാം മിനിട്ട്

ലൂയിസ് സുവാരേസ്

പെനാൽറ്റി ഗോൾ

പന്തുമായി ബോക്സിലേക്ക് കയറിയ സുവാരേസിനെ കാസിമെറോ ഫൗൾ ചെയ്തിട്ടപ്പോൾ റഫറി പെനാൽറ്റി സ്പോട്ടിലേക്ക് വിരൽചൂണ്ടി. കാസിമെറോയ്ക്ക് മഞ്ഞക്കാർഡ് നൽകുകയും ചെയ്തു. കിക്കെടുത്ത സുവാരേസ് ഗോളി കെയ്‌ലർ നവാസിന് മുകളിലൂടെ വലയിലേക്ക് തട്ടിയിട്ടു.

ഇനി ഞായറാഴ്ച

ഈ ഞായറാഴ്ചയും റയൽ മാഡ്രിഡും ബാഴ്സലോണയും തമ്മിലുള്ള എൽ ക്ളാസിക്കോയുണ്ട്. സ്പാനിഷ് ലാലിഗയിലെ മത്സരമാണിത്. ഇതും റയൽ മാഡ്രിഡിന്റെ തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിലാണ്.

14 ഷോട്ടുകളാണ് മത്സരത്തിൽ റയൽ ഉതിർത്തത്. ബാഴ്സലോണ നാലും. എന്നാൽ വിജയിക്കാനുള്ള വിധി ബാഴ്സലോണയ്ക്കൊപ്പമായിരുന്നു.

10

ഗോളുകൾ എൽ ക്ളാസിക്കോകളിൽ നിന്ന് സുവാരേസ് തികച്ചു.

ഫൈനൽ മേയ് 25 ന്

കിംഗ്സ് കപ്പ് ഫൈനൽ മേയ് 25 നാണ്. റയൽ ബെറ്റ്സും വലൻസിയയും തമ്മിലുള്ള സെമി ഫൈനലിലെ വിജയിയെയാണ് ബാഴ്സലോണ നേരിടേണ്ടത്. ഇവർ തമ്മിലുള്ള ആദ്യ പാദ സെമി ഫൈനൽ 2-2 ന് സമനിലയിലായിരുന്നു.

6

തുടർച്ചയായ ആറാം തവണയാണ് ബാഴ്സലോണ കോപ്പ ഡെൽറേയ് ഫൈനലിലെത്തുന്നത്.

114

276 എൽ ക്ളാസിക്കോകളിൽ ബാഴ്സലോണയുടെ 114-ാമത്തെ വിജയമാണിത്. റയൽ 99 മത്സരങ്ങളിലേ ജയിച്ചിട്ടുള്ളൂ.