oommen-chandy

തിരുവനന്തപുരം: വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പ് അക്രമരാഷ്ട്രീയത്തിനെതിരെ കേരളത്തിന് ഒറ്റക്കെട്ടായി നിൽക്കാൻ പറ്റിയ അവസരമാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി പറഞ്ഞു. നരേന്ദ്രമോദി സർക്കാർ രാജ്യത്തെ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ നയിച്ച ജനമഹായാത്രയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് ഉമ്മൻ ചാണ്ടി ആരോപിച്ചു.

രാജ്യത്തിനായുള്ള ധീരജവാന്മാരുടെ ജീവത്യാഗത്തെ പോലും രാഷ്ട്രീയമായി ഉപയോഗിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. വിലക്കയറ്റവും തൊഴിലില്ലായ്മയും പറഞ്ഞ് അധികാരത്തിലെത്തിയ മോദി, വില കുറച്ചില്ല. ക്രൂഡോയിലിന്റെ വില കുറഞ്ഞപ്പോൾ എക്സൈസ് തീരുവ ഏഴുവട്ടം കൂട്ടി. അഞ്ച് കൊല്ലം കൊണ്ട് 10 കോടി തൊഴിലവസരം എന്നായിരുന്നു വാഗ്ദാനം. എന്നാൽ പുതിയ തൊഴിലുണ്ടായില്ലെന്ന് മാത്രമല്ല, നോട്ട് നിരോധനവും ജി.എസ്.ടിയും കാരണം സ്ഥാപനങ്ങൾ അടച്ചുപൂട്ടി ഉള്ള തൊഴിലവസരങ്ങളും ഇല്ലാതാക്കി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പിണറായി സർക്കാരാകട്ടെ,​ അക്രമരാഷ്ട്രീയത്തിന്റെ പ്രതീകമായി നിൽക്കുന്നു. അഞ്ച് വർഷം യു.ഡി.എഫ് ഭരിച്ചപ്പോൾ ഒരു രാഷ്ട്രീയകൊലപാതകവും യു.ഡി.എഫ് ഘടകകക്ഷികളുടെ ഭാഗത്തുനിന്നുണ്ടായില്ല. എന്നാൽ ഇപ്പോൾ സി.പി.എം 16 രാഷ്ട്രീയ കൊലപാതകങ്ങളാണ് നടത്തിയതെന്നും ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടി.

ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ അദ്ധ്യക്ഷത വഹിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആമുഖപ്രഭാഷണവും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ മറുപടിപ്രസംഗവും നടത്തി. വി.എം. സുധീരൻ, കെ. മുരളീധരൻ, ബെന്നി ബഹനാൻ, കൊടിക്കുന്നിൽ സുരേഷ്, ശശി തരൂർ, എം.എം. ഹസൻ, വി.ഡി. സതീശൻ, തെന്നല ബാലകൃഷ്ണപിള്ള, ശൂരനാട് രാജശേഖരൻ, വി.എസ്. ശിവകുമാർ, പാലോട് രവി, ജോസഫ് വാഴയ്ക്കൻ, കെ.സി. അബു, രാജ്മോഹൻ ഉണ്ണിത്താൻ, കെ. ബാബു, തമ്പാനൂർ രവി, ടി. ശരത്ചന്ദ്രപ്രസാദ്, മണക്കാട് സുരേഷ്, ആനാട് ജയൻ തുടങ്ങിയവർ സംസാരിച്ചു.