തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിച്ച ജനമഹായാത്രയ്ക്ക് തലസ്ഥാനത്ത് ഉജ്വല സമാപനം. ജനസഹസ്രങ്ങളെ അണിനിരത്തിയുള്ള കൂറ്റൻ റാലിയോടെയും പൊതുസമ്മേളനത്തോടെയും ഇന്നലെ സന്ധ്യക്ക് ജനമഹായാത്ര കിഴക്കേകോട്ട ഗാന്ധിപാർക്കിൽ സമാപിച്ചു.
തലസ്ഥാന ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പര്യടനം പൂർത്തിയാക്കിയാണ് ഇന്നലെ വൈകിട്ടോടെ യാത്ര തലസ്ഥാനനഗരിയിലെത്തിയത്. തമ്പാനൂർ ആർ.എം.എസിന് മുൻവശത്ത് നിന്ന് ബാൻമേളത്തിന്റെയും മറ്റും അകമ്പടിയോടെ കിഴക്കേകോട്ടയിലേക്ക് നയിച്ചു. തെയ്യം ഉൾപ്പെടെയുള്ള കലാരൂപങ്ങൾ സമാപനറാലിക്ക് കൊഴുപ്പേകി.
ജാഥാ ക്യാപ്റ്റൻ മുല്ലപ്പള്ളിയെയും ജാഥാംഗങ്ങളെയും പ്രവർത്തകർ ഹാരമണിയിച്ചു. മുൻ കെ.പി.സി.സി പ്രസിഡന്റുമാർ ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളും വിവിധ സംസ്ഥാന, ജില്ലാ നേതാക്കളും എം.എൽ.എമാരും ഉൾപ്പെടെയുള്ളവർ സമാപനസമ്മേളനത്തിനെത്തി. ഗാന്ധിപാർക്കിൽ നടന്ന സമാപനസമ്മേളനം മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് ഉദ്ഘാടനം ചെയ്തത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആമുഖപ്രഭാഷണം നടത്തി.