crime

പാലോട്: യുവാവ് ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ഭാര്യയും കാമുകനും പാലോട് പൊലീസിന്റെ പിടിയിലായി. വാമനപുരം ആനച്ചൽ ലക്ഷം വീട് കോളനിയിൽ ഷിബിന (29), കാമുകൻ അരുവിക്കര ചെറിയ കൊണ്ണി ഗോകുൽ വിലാസം കട്ടറകുഴി വീട്ടിൽ ഗോകുൽ (28) എന്നിവരാണ് അറസ്റ്റിലായത്. ഷിബിനയുടെ ഭർത്താവ് തെന്നൂർ വേലംകോണം സ്വദേശി ദീപു എന്ന മുഹമ്മദ് സജീറിനെ (32) കഴിഞ്ഞ മാസം 7ന് വീടിന് സമീപത്തെ റബർ പുരയിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ആറ് വയസുള്ള മകളെയും തന്നെയും ഉപേക്ഷിച്ച് ഭാര്യ കാമുകനൊപ്പം കടന്നതിനെ തുടർന്ന് ജീവനൊടുക്കുകയാണെന്നും ഷിബിനയും ഗോകുലുമാണ് മരണത്തിന് ഉത്തരവാദിയെന്നും കുറിപ്പ് എഴുതിവച്ച ശേഷമായിരുന്നു ദീപുവിന്റെ ആത്മഹത്യ. ക്രിസ്‌തുമത വിശ്വാസിയായിരുന്ന ദീപു ഏഴ് വർഷം മുമ്പാണ് ഇസ്ലാം മതം സ്വീകരിച്ച് ഷിബിനയെ വിവാഹം ചെയ്‌തതെന്ന് പൊലീസ് പറഞ്ഞു. ഗോകുലുമായുള്ള ഷിബിനയുടെ ബന്ധം മനസിലാക്കിയ ദീപു പിന്തിരിപ്പിക്കാൻ പലതവണ ശ്രമിച്ചിരുന്നു. സി.ഐ മനോജ് കുമാർ, എസ്.ഐ അഷ്റഫ്, എ.എസ്.ഐ ഇർഷാദ്, സി.പി.ഒമാരായ സാജൻ, രാജേഷ്, നസീറ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്‌തു.