a

മാവേലിക്കര: അനുഷ്ടാന വിശേഷങ്ങളോടെയും കർശനമായ ചിട്ടകളോടെയും നടത്തുന്ന വഴിപാടാണ് കുത്തിയോട്ടം. ഏറ്റവും ചിലവേറിയ വഴിപാടുകളിലൊന്നും. ക്ഷേത്ര ഉത്പത്തിയോളം പഴക്കം ഉണ്ടെന്നു കാണക്കാക്കപ്പെടുന്ന കുത്തിയോട്ട വഴിപാടിന്റെ തുടക്കം എ.ഡി.പന്ത്രണ്ടാം നൂറ്റാണ്ടോടെയാണെന്ന് കരുതപ്പെടുന്നു.

കലിയുഗാരംഭത്തിൽ ഭദ്രകാളി ഭക്തനായ ഒരു രാജാവ് ദേവിയെ തപസ് ചെയ്ത് പ്രത്യക്ഷപ്പെടുത്തുകയും വരം ചോദിക്കുകയും ചെയ്തു. ദേശത്തെ ഒരു സൽപ്പുത്രനെ വിലയ്ക്കുവാങ്ങി സ്വന്തം പുത്രനെപോലെ വളർത്തി വേദശാസ്ത്രങ്ങൾ അഭ്യസിപ്പിച്ച് 8 വയസ് തികയുമ്പോൾ കോടിവസ്ത്രങ്ങളും ആഭരണങ്ങളും അണിയിച്ച് ബലിനൽകിയാൽ ഇഷ്ടവരം നൽകാമെന്ന് ദേവി അറിയിച്ചു. ദേവിഹിതമറിഞ്ഞ രാജാവ് കുത്തിയോട്ടം ചിട്ടപ്പെടുത്തിയെന്നാണ് ഐതിഹ്യം.
വഴിപാടുകാരന്റെ വസതിയിലോ, അയാൾ നിശ്ചയിക്കുന്ന ഭവനത്തിലോ പന്തലിട്ട് ദേവീയെ കുടിയിരുത്തി ശിവരാത്രി നാൾ മുതൽ രേവതി നാൾ വരെ പ്രത്യേക അനുഷ്ഠാനങ്ങളോടുകൂടി മാത്രമെ കുത്തിയോട്ട വഴിപാടുകൾ നടത്താൻ പാടുള്ളൂവെന്നാണ് ആചാരം. കുംഭമാസത്തിലെ ശിവരാത്രി നാളിൽ സന്ധ്യയ്ക്ക് ദീപാരാധനയോടെ ആരംഭിച്ച് ഭരണി ദിവസം രാവിലെ ഘോഷയാത്രയായി ക്ഷേത്രത്തിലെത്തി ഭഗവതിയ്ക്ക് സമർപ്പിക്കുന്നതോടെ കുത്തിയോട്ട വഴിപാട് പൂർണമാവും. രേവതി നാളിൽ കുത്തിയോട്ട യജ്ഞത്തിന് സമാപനം കുറിച്ച് നടത്തുന്ന പൊലിവ് പ്രാധന്യമുള്ളതാണ്.

ഫോട്ടോ- പേള രേവതിയിൽ നടക്കുന്ന കുത്തിയോട്ട ചടങ്ങിൽ ശ്രീഭൈരവി കുത്തിയോട്ട സമിതി പാട്ടുകൾ അവതരിപ്പിക്കുന്നു

കുതിരമൂട്ടിൽ കഞ്ഞി കുടിക്കാൻ ഭക്തജനത്തിരക്ക്

ദേവി ആദ്യം ചെട്ടികുളങ്ങരയിൽ എത്തിയപ്പോൾ കഴിച്ച ആഹാരം കഞ്ഞിയും മുതിരപ്പുഴുക്കും അസ്ത്രവുമാണെന്നാണ് ഐതിഹ്യം. പിന്നീട് ഓണാട്ടുകരയിലെ കർഷക സമൂഹം തങ്ങളുടെ വിളകളിൽ പ്രധാനമായ അരി, ചേന, കാച്ചിൽ, ചേമ്പ്, മുതിര തുടങ്ങിയവ കൊണ്ടുണ്ടാക്കുന്ന വിശിഷ്ട ഭോജ്യം ആഘോഷനാളുകളിൽ തങ്ങളുടെ എല്ലാമെല്ലാമായ ഭഗവതിയ്ക്കായി നേദിക്കുന്നു എന്നതാണ് കുതിരമൂട്ടിൽ കഞ്ഞിയുടെ സങ്കല്പം.

കെട്ടുകാഴ്ച നിർമ്മാണത്തോടനുബന്ധിച്ചു നടത്തുന്ന മഹത്തായ അന്നദാന വഴിപാടാണ് കുതിരമൂട്ടിൽ കഞ്ഞി.
കെട്ടുകാഴ്ച നിർമ്മാണം തുടങ്ങിയ ശിവരാത്രി നാളുമുതൽ കുതിരമൂട്ടിൽ കഞ്ഞി വിതരണം തുടങ്ങി. കഞ്ഞി, മുതിര, പുഴുക്ക് അസ്ത്രം, കടുമാങ്ങ, പപ്പടം, അവിൽ, പഴം തുടങ്ങി എട്ടുകൂട്ടം വിഭവങ്ങളാണ് കഞ്ഞിക്ക് കൊടുക്കുന്നത്. കഞ്ഞികുടിയ്ക്കാൻ പഴയകാലത്തെ ഇലയും തടയും പ്ലാവിലയുമാണ് ഉപയോഗിക്കുന്നത്. ഓലക്കാലുകൊണ്ട് വൃത്താകൃതിയിൽ ഉണ്ടാക്കുന്ന തടയിൽ തൂശനിലവെച്ചാണ് ചൂട് കഞ്ഞി വിളമ്പുന്നത്.
ഈ വർഷവും കരകളിലെങ്ങും കുതിരമൂട്ടിൽ കഞ്ഞി കുടിക്കുവാൻ അഭൂതപൂർവ്വമായ തിരക്കാണ്.



ഫോട്ടോ: കുതിരമൂട്ടിൽ കഞ്ഞി കുടിക്കുന്ന ഭക്തജനങ്ങൾ

പോളവിളക്കിന്റെ ദിവ്യ പ്രഭയിൽ

പിതൃപുത്രി സംഗമം

മാവേലിക്കര: കണ്വമുനിയാൽ പ്രതിഷ്ഠ നടത്തപ്പെട്ട ക്ഷേത്രമാണ് കണ്ണമംഗലം മഹാദേവ ക്ഷേത്രം. കണ്ണമംഗലം തെക്ക് കരയിലെ മഹാദേവൻ ചെട്ടികുളങ്ങര അമ്മയുടെ പിതൃസ്ഥാനീയനാണ്. പിതാവിനെ ദർശിക്കാൻ മഹാശിവരാത്രി നാളിൽ ചെട്ടികുളങ്ങര ദേവിയെത്തിയതോടെ കണ്ണമംഗലം മഹാദേവക്ഷേത്രം മഹാദേവന്റെയും ചെട്ടികുളങ്ങര ദേവിയുടെയും സംഗമവേദിയായി.അച്ചനും മകളും ഒന്നിച്ചിരുന്നാണ് അത്താഴപൂജ സ്വീകരിച്ചത്.
ചെട്ടികുളങ്ങര അമ്മയെ വൈകിട്ട് പാട്ടത്തിൽ ജംഗ്ഷനിൽ നിന്നാണ് കണ്ണമംഗലം ക്ഷേത്രത്തിലേക്ക് സ്വീകരിച്ചത്. രാത്രി കണ്ണമംഗലം ക്ഷേത്രത്തിലെ നാല് കരകളിൽ നിന്ന് പോളവിളക്ക് വരവിന് ശേഷമാണ് പിതൃ,പുത്രി സംഗമവും കൂടിയെഴുന്നള്ളത്തും നടന്നത്. അത്താഴപൂജയെ തുടർന്ന് നാലുഭാഗത്തും തെളിഞ്ഞു കത്തുന്ന പോളവിളക്കിന്റെ ദിവ്യ പ്രഭയിലായിരുന്നു കൂടിയെഴുന്നള്ളത്ത്.


ഫോട്ടോ: കണ്ണമംഗലം മഹാദേവ ക്ഷേത്രത്തിൽ നടന്ന കണ്ണമംഗലം മഹാദേവന്റയും ചെട്ടികുളങ്ങര അമ്മയുടെയും പിതൃപുത്രി സംഗമം

കരകളിലൂടെ......

ഈരേഴ തെക്ക്

പ്രഥമ കരയാണ് ഈരേഴ തെക്ക്. ക്ഷേത്രത്തിന്റെ കിഴക്ക്,തെക്ക് ഭാഗത്താണ് ഈരേഴ തെക്ക് കര. ഭദ്രകാളി മുടിയും തത്തിക്കളിക്കുന്ന പാവക്കുട്ടികളുമാണ് ഈരേഴ തെക്ക് കുതിരയുടെ പ്രത്യേകത. ഇത്തവണ കരയുടെ കെട്ടുകാഴ്ച പുനർനിർമ്മിക്കുന്നുണ്ട്. ഈരേഴതെക്ക് കരനാഥൻമാർ : എൻ.സഹദേവൻ (പ്രസിഡന്റ്), എം.അഖിൽ (സെക്രട്ടറി), ബി.ഹരികൃഷ്ണൻ (കൺവെൻഷൻ എക്‌സിക്യൂട്ടീവ്), എസ്.മണികണ്ഠൻ, പി.ഗിരീഷ് (കൺവെൻഷൻ അംഗങ്ങൾ).

ഈരേഴ വടക്ക്

ക്ഷേത്രവുമായി ബന്ധപ്പെട്ട രണ്ടാം കരയാണ് ഈരേഴ വടക്ക്. ക്ഷേത്രത്തിന്റെ കിഴക്ക് ,വടക്ക് ഭാഗത്താണ് ഈരേഴ വടക്ക് കര. വിരിയുന്ന താമരയും സരസ്വതി ദേവിയും അരയന്നവുമാണ് ഈരേഴ വടക്ക് കുതിരയുടെ പ്രത്യേകതകൾ. 44 വർഷം പഴക്കമുള്ള ടവർ മാറ്റി കഴിഞ്ഞ വർഷം പുതിയ ടവർ നിർമ്മിച്ചിരുന്നു. കരനാഥൻമാർ : രവീന്ദ്രൻ നായർ (പ്രസിഡന്റ്), രാജേഷ് നടുവിലേത്ത് (സെക്രട്ടറി), എം.കെ.രാജീവ് (കൺവെൻഷൻ എക്‌സിക്യൂട്ടീവ്), വി.വിശ്വരാജ്, ഗോപൻ ഗോകുലം (കൺവെൻഷൻ അംഗങ്ങൾ).