ആലപ്പുഴ: റിബലുകൾ സ്ഥാനാർത്ഥികളുടെയും മുന്നണികളുടെയും ഉറക്കം കെടുത്താറുണ്ട്. സീറ്റ് കിട്ടാതാകുമ്പോൾ വെല്ലുവിളിച്ചുകൊണ്ട് രംഗപ്രവേശം ചെയ്യും. ഇക്കൂട്ടരെ പിന്തിരിപ്പിക്കുകയെന്നത് വല്ലാത്തൊരു തലവേദനയാണ്. ചിലർ ഒത്തുതീർപ്പിനു വഴങ്ങും. യഥാർത്ഥ വാശിക്കാരാവട്ടെ, കല്ലിനു കാറ്റുപിടിച്ച പോലെ നിലയുറപ്പിക്കുകയും ചെയ്യും.
റിബലുകളുടെ കഥ പറയുമ്പോൾ കഴക്കൂട്ടം മണ്ഡലത്തിലെ മത്സരം എടുത്തു പറയേണ്ടിവരും. എം.എ.വാഹിദിന് കോൺഗ്രസ് സീറ്റ് കൊടുത്തില്ല. മത്സരിക്കാനായി മണ്ഡലം ഉഴുതുമറിച്ച് നിന്ന വാഹിദിന് സഹിക്കുമോ? റിബലായി വാഹിദ് പ്രത്യക്ഷപ്പെട്ടതോടെ മത്സരത്തിൻെറ ഗതിമാറി. കോൺഗ്രസും ഒൗദ്യോഗിക സ്ഥാനാർത്ഥിയും ഞെട്ടി. സി.പി.എം ആഹ്ളാദം കൊണ്ടു. കോൺഗ്രസും റിബലും വോട്ട് പിടിച്ച് മാറ്റുമ്പോൾ വിജയം തങ്ങൾക്കൊപ്പമാകുമെന്നായി സി.പി.എമ്മിൻെറ കണക്കുകൂട്ടൽ. പക്ഷേ, വോട്ടെണ്ണിയപ്പോൾ ഞെട്ടിയത് കോൺഗ്രസ് മാത്രമല്ല, സി.പി.എമ്മുമാണ്. വിജയം വാഹിദിന്! ജനങ്ങൾ വാഹിദിനെ തോളിലേറ്റി. തോറ്റു കഴിഞ്ഞപ്പോഴാണ് ആ സീറ്റ് വാഹിദിന് കൊടുത്താൽ മതിയായിരുന്നുവെന്ന വീണ്ടുവിചാരം കോൺഗ്രസിനുണ്ടായത്. ഇതൊരു വാഹിദിൻെറ മാത്രം കഥയല്ല, റിബലുകൾ പലസ്ഥലത്തും മിന്നലായിട്ടുണ്ട്. അങ്ങനെയൊരു റിബൽ പണ്ട് അമ്പലപ്പുഴയിലുമിറങ്ങി.
വയലാർ രവി കെ.പി.സി.സി പ്രസിഡൻറായിരിക്കുന്ന കാലം. കോൺഗ്രസ് അമ്പലപ്പുഴ സീറ്റ് നൽകിയത് വി. ദിനകരന്. സീറ്റ് തനിക്ക് വേണമെന്ന് ആൻറണി പക്ഷക്കാരനായ ദേവദത്ത് ജി.പുറക്കാട്. തരില്ലെന്ന് കോൺഗ്രസും. എന്നാലൊന്ന് കാണണമെന്നായി ദേവദത്ത്. അദ്ധ്യാപകനും സാക്ഷരതാമിഷൻ പ്രവർത്തകനുമൊക്കെയായ അദ്ദേഹം മുന്നോട്ടു വച്ച കാൽ പിന്നിലേക്ക് എടുത്തില്ല. പുറക്കാട് വെറും ആൻറണി പക്ഷക്കാരനല്ല, തികഞ്ഞ ആൻറണി ഭക്തനായിരുന്നു. അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ആൻറണിയുടെ പിറന്നാൾ ദിനം 'പേര് വെളിപ്പെടുത്താതെ' പൂജ നടത്തിയിരുന്ന, എന്നാൽ എല്ലാവർക്കും അറിയാമായിരുന്ന ആരാധകനായിരുന്നു പുറക്കാട്! ആൻറണിയെ തോൽപ്പിച്ച് കെ.പി.സി.സി പ്രസിഡൻറായ വയലാർ രവി അതുകൊണ്ടുതന്നെ പുറക്കാടിൻെറ പേര് വെട്ടി. പക്ഷേ, പുറക്കാടിനൊപ്പം നിന്ന് കോൺഗ്രസിനെ വെട്ടാൻ പല കരങ്ങൾ നീണ്ടു. പുറക്കാട് മാറാതെ നിന്നപ്പോൾ ദിനകരന് മനസിലായി സംഗതി പന്തിയല്ലെന്ന്. ദിനകരൻ പതിയെ പത്രിക പിൻവലിച്ച് തടിയൂരി. അതോടെ കോൺഗ്രസിന് സ്ഥാനാർത്ഥിയില്ലാതായി.
കോൺഗ്രസുകാർ ഓട്ടമായി. നാമനിർദ്ദേശ പത്രിക പിൻവലിക്കേണ്ട ദിവസം വൈകിട്ട് അഞ്ചു മണിയോടടുക്കുന്നു. ഡി.സി.സി പ്രസിഡൻറിൻെറ ചുമതല ഡി.സുഗതനാണ്. കോൺഗ്രസിന് സ്ഥാനാർത്ഥിയില്ലാതായാൽ ആകെ നാണക്കേട്. ഇനിയൊന്നും നോക്കാനില്ല, ദേവദത്ത് ജി.പുറക്കാട് തന്നെ കോൺഗ്രസിൻെറ സ്ഥാനാർത്ഥി, പാർട്ടി ഔദ്യോഗികമായി തീരുമാനിച്ചു.
പുറക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുമെന്ന കത്ത് ഡി.സുഗതൻ തയ്യാറാക്കി. ഇത് എത്രയും പെട്ടെന്ന് കളക്ടറേറ്റിലെത്തി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് നൽകണം. ആരു കൊണ്ടുപോകും? ഞാൻ റെഡി... നിലവിലെ ഗുരുമന്ദിരം വാർഡ് കൗൺസിലർ ബഷീർ കോയാപറമ്പിൽ പറഞ്ഞു. കത്തുമായി ബഷീർ കളക്ടറേറ്റിലേക്ക് കുതിച്ചു. അഞ്ച് മണിക്ക് ഒരു മിനിട്ടുള്ളപ്പോൾ കത്ത് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻെറ മുന്നിലെത്തി. അങ്ങനെ റിബലായി രംഗത്തെത്തിയ പുറക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി. പക്ഷേ, നാടകാന്തം സി.പി.എമ്മിലെ സുശീലാ ഗോപാലനോട് രണ്ടായിരത്തോളം വോട്ടിന് തോറ്റ് പുറക്കാട് മടങ്ങി. കഴിഞ്ഞ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ പി.എസ്.സി അംഗമായിരുന്ന ദേവദത്ത് ജി.പുറക്കാട് 2015 സെപ്തംബറിൽ അന്തരിച്ചു.