ചാരുംമൂട്: ഉത്സവപ്പറമ്പിലെ കുലുക്കിക്കുത്ത് കളിക്കിടെ മർദ്ദനമേറ്റ മൈക്കാട് പണിക്കാരനായ യുവാവ് പിറ്റേന്ന് ജോലിസ്ഥലത്ത് രക്തം ഛർദ്ദിച്ച് മരിച്ച സംഭവത്തിൽ നാലുപേർ പിടിയിൽ.
പാലമേൽ മൈലാടുംമുകൾ വള്ളിത്തുണ്ടിൽ വീട്ടിൽ പ്രമോദിൻറെ (37) മരണവുമായി ബന്ധപ്പെട്ട്
പാലമേൽ ഉളവുക്കാട് പ്രശോഭ് ഭവനിൽ പ്രശാന്ത് (തിരുപ്പതി- 24), ഉളവുക്കാട് മുതിരവിള പടിഞ്ഞാറെപ്പുര വീട്ടിൽ കൈലാസ് (ചക്രപാണി -21), ഉളവുക്കാട് പൊയ്കയിൽ വീട്ടിൽ അനന്തകൃഷ്ണൻ (പക്രു-27),
നൂറനാട് കിടങ്ങയം വല്യപറമ്പിൽ കിഴക്കതിൽ അഖിൽ രാജ് (ജിക്കി- 25) എന്നിവരെയാണ് ചെങ്ങന്നൂർ ഡിവൈ.എസ്.പി അനീഷ് വി.കോരയുടെയും നൂറനാട് എസ്.ഐ വി. ബിജുവിൻറെയും നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത്: കഴിഞ്ഞ മാസം 22ന് നൂറനാട് ഉളവുക്കാട്ടുള്ള മലനട ക്ഷേത്രത്തിലെ ഉത്സവത്തിനിടെ വടക്ക് മാറി കനാൽ പുറമ്പോക്ക് സ്ഥലത്ത് പണം വച്ചുള്ള കുലുക്കിക്കുത്ത് കളി നടന്നു. ഇവിടെ വച്ച് പ്രമോദിനെ ആദ്യ മൂന്നു പ്രതികൾ ചേർന്ന് മർദ്ദിച്ചു. രക്ഷപ്പെട്ടോടിയ ഇയാളെ നാലാം പ്രതി അഖിൽരാജും കൂടി ചേർന്ന് രണ്ട് സ്കൂട്ടറുകളിലായി പിന്തുടർന്ന് പത്താം കുറ്റി ജംഗ്ഷനിൽ വച്ച് ബലമായി സ്കൂട്ടറിൽ കയറ്റി. ആശാൻ കലുങ്ക് ജംഗ്ഷന് സമീപം കനാൽ റോഡിൽ വിജനമായ സ്ഥലത്തു വച്ച് പ്രമോദിനെ സ്കൂട്ടറിൽ നിന്ന് അടിച്ചു താഴെയിട്ട് തലയ്ക്കും നെഞ്ചിനും വാരിയെല്ലുഭാഗത്തും മർദ്ദിക്കുകയും ചെയ്തു. തലയ്ക്കും വാരിയെല്ലുകൾക്കും കരൾ ഭാഗത്തും ക്ഷതമേറ്റു.
പ്രമോദ് പിറ്റേന്ന് കടയ്ക്കാട്ടുള്ള ഒരു വീട്ടിൽ ജോലി ചെയ്യവേ രക്തം ഛർദ്ദിച്ച് അവശനിലയിലായി. തുടർന്ന് ആലപ്പുഴ മെഡി. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 25ന് ഉച്ചയ്ക്ക് മരിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വാരിയെല്ലുകൾക്കും തലയ്ക്കും ഉൾപ്പെടെ മർദ്ദനമേറ്റതാണ് മരണകാരണമെന്ന് തെളിഞ്ഞു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. എ.എസ്.ഐമാരായ റജുബ്ഖാൻ, ബൈജു, സീനിയർ സിവിൽ പോലീസ് ഓഫീസർ രാജേന്ദ്രൻ, സി.പി.ഒ മാരായ രജീന്ദ്രദാസ്, ഗോപകുമാർ, രാധാകൃഷ്ണനാചാരി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.